AUTOMOBILE

ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് വൈവിധ്യങ്ങളുടെ 2022; ഈ വര്‍ഷത്തെ മികച്ച കാറുകള്‍

വിവിധ ബോഡി ടൈപ്പുകളിലുള്ള, വ്യത്യസ്തമായ ഇന്ധനങ്ങള്‍ ഉപയോഗിക്കാനാകുന്ന, സാങ്കേതികമായി മികച്ചു നില്‍ക്കുന്ന നിരവധി വാഹനങ്ങളാണ് 2022ല്‍ പുറത്തിറങ്ങിയത്

ആദര്‍ശ് ജയമോഹന്‍

പെട്രോള്‍ വാഹനങ്ങള്‍ക്ക് ടര്‍ബോ നല്‍കിക്കൊണ്ട് ഡ്രൈവിങ് ഹരമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്ന ട്രെന്‍ഡാണ് കഴിഞ്ഞ വര്‍ഷം നാം കണ്ടതെങ്കില്‍ പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് വിട്ടുമാറി സിഎന്‍ജി,ഇലക്ട്രിക്, ഹൈബ്രിഡ് എന്നിങ്ങനെ ഊര്‍ജസ്രോതസുകൾ ഉപയോഗിച്ച് വാഹനങ്ങള്‍ ഇറക്കുന്ന കാഴ്ചയാണ് 2022ല്‍ കണ്ടത്. വിവിധ ബോഡി ടൈപ്പുകളിലുള്ള, വ്യത്യസ്തമായ ഇന്ധനങ്ങള്‍ ഉപയോഗിക്കാനാകുന്ന, സാങ്കേതികമായി മികച്ചു നില്‍ക്കുന്ന നിരവധി വാഹനങ്ങളാണ് 2022ല്‍ എത്തിയത്. അഡാസ് സംവിധാനം ഉള്‍പ്പെടെ മികച്ച പല പുതിയ ഫീച്ചറുകളും അവതരിപ്പിക്കാനും ഇക്കുറി വാഹന നിര്‍മാതാക്കള്‍ തമ്മില്‍ മത്സരിച്ചു.

മാരുതി സുസുക്കി

വില്‍പ്പന കണക്കില്‍ കത്തിക്കയറിയതിനും വാഹനങ്ങള്‍ അവതരിപ്പിച്ചതിലും മാരുതി സുസുക്കി തന്നെയാണ് ഇക്കുറിയും മുന്‍പന്തിയില്‍. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിര്‍മാണ കമ്പനി 2022ല്‍ എല്ലാമാസവും തുടര്‍ച്ചയായി ഫെയിസ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറക്കി കളം നിറഞ്ഞു നില്‍ക്കുകയായിരുന്നു.

എക്സ് എല്‍6

എസ്പ്രെസോ, എക്സ് എല്‍6, വാഗണ്‍ ആര്‍, എര്‍ട്ടിഗ, ബ്രെസ, ബലേനോ, സ്വിഫ്റ്റ്, ആള്‍ട്ടോ കെ10, സെലേറിയോ എന്നീ മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി വിപണി പിടിച്ചു നിര്‍ത്താന്‍ മാരുതി സുസുക്കിക്ക് കഴിഞ്ഞു. ഒട്ടുമിക്ക വാഹനങ്ങളുടെയും സിഎന്‍ജി പതിപ്പുകളും കമ്പനി പുറത്തിറക്കി. 22 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സുസുക്കിയുടെ സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായത്.

എര്‍ട്ടിഗ

ടൊയോറ്റയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി 2022 സെപ്റ്റംബറിലാണ് ഗ്രാന്‍ഡ് വിറ്റാരയെ കമ്പനി കളത്തിലിറക്കിയത്. മികച്ച ഡിസൈനും ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുമായെത്തിയ ഗ്രാന്‍ഡ് വിറ്റാര ഇന്ത്യക്കാരുടെ മനസില്‍ കാട്ടുതീ പോലെ പടര്‍ന്നു കയറുകയായിരുന്നു.

സുസുക്കി ഗ്രാന്‍ഡ് വിറ്റാര

ഓള്‍ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യകൂടിയായതോടെ ഗ്രാന്‍ഡ് വിറ്റാരയെ വെല്ലാന്‍ ഇന്ത്യയില്‍ മറ്റൊരു മികച്ച വാഹനമില്ലെന്ന സ്ഥിതിയായി. ഹൈബ്രിഡ് വേരിയൻ്റിൽ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന വാഹനം വില്‍പ്പന ചാര്‍ട്ടിലും കുതിച്ചുകയറി.

ഹ്യുണ്ടായ്

ഇന്ത്യയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ വാഹനങ്ങള്‍ അവതരിപ്പിച്ച് പുത്തന്‍ ട്രെന്‍ഡിന് തുടക്കമിടുന്നവരാണ് കൊറിയന്‍ വാഹന നിര്‍മാണ കമ്പനിയായ ഹ്യുണ്ടായ്. വെന്യുവില്‍ തുടങ്ങി ക്രെറ്റയിലൂടെ മുന്നേറിക്കൊണ്ടിരുന്ന ആധുനിക വിപ്ലവത്തിന് പക്ഷേ ഇത്തവണ വേഗം കുറഞ്ഞു. പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും ഫെയിസ്‌ലിഫ്റ്റ് പതിപ്പുകള്‍ കൊണ്ടുവരാനും ഈ വര്‍ഷം മടിച്ചു നിന്ന കമ്പനി മെയ് മാസത്തില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ സാന്‍ട്രോയെ വിപണിയില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു.കൂടാതെ ഐ10 നിയോസ്, ഓറ എന്നിവയുടെ ഡീസല്‍ പതിപ്പുകളും, എലാന്‍ട്രയും കമ്പനി പിന്‍വലിച്ചു

ക്രെറ്റ നൈറ്റ് എഡിഷന്‍

മികച്ച വില്‍പ്പനയുള്ള മോഡലായ ക്രെറ്റയ്ക്ക് മെയ് മാസത്തില്‍ നൈറ്റ് എഡിഷന്‍ അവതരിപ്പിക്കുകയും, സെപ്റ്റംബറില്‍ വെന്യുവിന് എന്‍ ലൈന്‍ എഡിഷന്‍ കൊണ്ടുവരികയും ചെയ്തതല്ലാതെ നിലവിലെ ബജറ്റ് വാഹനങ്ങളില്‍ പ്രധാന ഫെയ്സ് ലിഫ്റ്റുകളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

ഹ്യുണ്ടായ് ട്യൂസോണ്‍

എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ ട്യൂസോണിൻ്റെ പതിപ്പിനെ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയെ ഹ്യുണ്ടായ് ഞെട്ടിച്ചു. അഡാസ് സംവിധാനങ്ങളും, അത്യാധുനിക ഫീച്ചറുകളുമായെത്തിയ വാഹനത്തിന് 2.0 ലിറ്റര്‍ ടര്‍ബോ പ്രെട്രോള്‍, ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സും നല്‍കി ഗംഭീരമാക്കി ഹ്യുണ്ടായ്.വാഹനമായ അയോണിക് 5ന്‍റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിരുന്നു.

ജീപ്പ്

ആഡംബരവും നിര്‍മാണ നിലവാരവും കൊണ്ട് ഇന്ത്യയില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, മെറിഡിയന്‍ എന്ന മോഡലാണ് 2022ല്‍ സമ്മാനിച്ചത്. ഡീസല്‍ എന്‍ജിന്‍ മാത്രമായെത്തിയ ഏഴ് സീറ്റര്‍ വാഹനം മികച്ച വില്‍പ്പനയും നേടി. ഫോര്‍ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയോടുകൂടി മികച്ച ഓഫ് റോഡ് ശേഷിയുള്ള വാഹനത്തിന് 29.9ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.

ജീപ്പ് മെറിഡിയന്‍

ഫെബ്രുവരിയില്‍ തന്നെ ജീപ്പ് കോംപസിന്റെ പരുക്കന്‍ പതിപ്പായ കോംപസ് ട്രെയില്‍ഹാക്കിനെയും ജീപ്പ് അവതരിപ്പിച്ചിരുന്നു. 2.0ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനത്തില്‍ ഫോര്‍വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിരുന്നു. 30.9ലക്ഷം രൂപ പ്രെയ്സ് റേഞ്ചിലെത്തിയ വാഹനത്തിന് പ്രതീക്ഷിച്ച ജനശ്രദ്ധയാകര്‍ഷിക്കാനാകാതെ പോയി.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി

ഡിസംബര്‍ മാസത്തില്‍ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കി ഇന്ത്യയില്‍ സ്ഥാനമുറപ്പറപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു. 77.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

കിയ

എല്ലാവര്‍ഷവും ഇന്ത്യക്കാരെ അമ്പരിപ്പിക്കുക എന്ന പതിവ് ഈ വര്‍ഷവും കിയ തുടര്‍ന്നു. നിലവിലെ മോഡലുകളിലൊന്നും അധികം മാറ്റങ്ങള്‍ വരുത്താനില്ലാത്തതുകൊണ്ട് തന്നെ പുത്തന്‍ വാഹനത്തെതന്നെ കിയ ഇന്ത്യയിലിറക്കി.

കിയ ഇവി 6

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ക്രോസോവര്‍ വാഹനമായ ഇവി 6നെ അവതരിപ്പിച്ചുകൊണ്ട് ആധുനികതയുടെ പുതിയൊരു ലോകത്തേക്ക് ഇന്ത്യയെ കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത അത്രയും ഫീച്ചറുകളാണ് പുത്തന്‍ വാഹനത്തില്‍ കിയ ഒരുക്കിയത്. ടൂ വീല്‍ ഡ്രൈവ് പതിപ്പിന് 59.95 ലക്ഷം രൂപയാണ് എക്സ് ഷോറൂംവില

5.2 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത്തിലേക്കും ഇലക്ട്രിക് കരുത്തന്‍ കുതിച്ചുകയറും.

325 ബിഎച്ച്പി കരുത്തും 605 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് വേരിയൻ്റിന് 64 ലക്ഷം രൂപയാണ് എക്സ് ഷോറൂംവില. 5.2 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത്തിലേക്കും ഇലക്ട്രിക് കരുത്തന്‍ കുതിച്ചുകയറും.

മഹീന്ദ്ര

ഇന്ത്യന്‍ നിര്‍മാതാക്കളായ മഹീന്ദ്രയ്ക്കും 2022 മികച്ച വര്‍ഷമായിരുന്നു. ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ച കരുത്തനായ വാഹനത്തിൻ്റെ ഫെയ്സ് ലിഫ്റ്റ് പതിപ്പിനെയാണ് ഇക്കുറി കമ്പനി അവതരിപ്പിച്ചത്. മഹീന്ദ്ര സ്‌കോര്‍പ്പിയോ. ദ ബിഗ് ഡാഡി ഓഫ് എസ്യുവി എന്നറിയപ്പെടുന്ന സ്കോര്‍പ്പിയോയുടെ രണ്ടാം വരവ് അക്ഷരാര്‍ത്ഥത്തില്‍ വിപണിയെ ഇളക്കിമറിച്ചു

മഹീന്ദ്ര സ്കോര്‍പ്പിയോ

സ്‌കോര്‍പ്പിയോ എന്‍ ലൈന്‍ എന്ന പേരിലെത്തിയ വാഹനം ആധുനികത കൊണ്ടും ആഡംബരം കൊണ്ടും ഓഫ് റോഡിങ് കഴിവുകള്‍ കൊണ്ടും എതിരാളികളെക്കാള്‍ ഏറെ മുന്നില്‍ നിന്നു. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുമായെത്തിയ വാഹനത്തിന് 11.9 ലക്ഷം രൂപമുതലാണ് എക്സ് ഷോറൂംവില. പഴയ മോഡലിനെ സ്‌കോര്‍പ്പിയോ ക്ലാസിക് എന്ന പേരിലും വിപണിയില്‍ മഹീന്ദ്ര നിലനിര്‍ത്തി.

എക്സ് യു വി 300 ടര്‍ബോ സ്പോര്‍ട്ട്

മികച്ച വില്‍പ്പനയുള്ള എക്സ് യു വി 300 എന്ന മോഡലിൻ്റെ ടര്‍ബോ പതിപ്പാണ് കമ്പനി 2022ല്‍ പുറത്തിറക്കിയ മറ്റൊരു വാഹനം. കരുത്തുകൂട്ടി കൂടുതല്‍ സ്റ്റെലിഷായി പുറത്തിറങ്ങിയ വാഹനത്തിന് 10.35ലക്ഷം രൂപമുതലാണ് എക്സ് ഷോറൂംവില.

എക്സ് യു വി 400

ഇലക്ട്രികിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പും മഹീന്ദ്ര 2022ല്‍ നടത്തി. എക്സ് യു വി 400 എന്ന ഇലക്ട്രിക് മോഡലിനെയാണ് കമ്പനി പ്രഖ്യാപിച്ചത്. പെര്‍ഫോമന്‍സിൻ്റെ കാര്യത്തിലും ഒരുപടി മുന്നിലാണ് മഹീന്ദ്രയുടെ പുതിയ അവതാരം. 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചുകയറും XUV400.150 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗം. വിലവിവരങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഫോക്‌സ്‌വാഗണ്‍

റെക്കോഡ് വില്‍പ്പനയാണ് ഫോക്‌സ്‌വാഗണ്‍ 2022ല്‍ ഇന്ത്യയില്‍ കാഴ്ചവെച്ചത്. ഇന്ത്യന്‍ നിരത്തുകള്‍ക്കായി പ്രത്യേകം നിര്‍മിച്ച വിര്‍ച്യുസ് എന്ന സെഡാന് മികച്ച ജനപ്രീതിയാണ് ലഭിച്ചത്.

ഫോക്‌സ്‌വാഗണ്‍ വിര്‍ച്യുസ്

സാധാരണക്കാരനും താങ്ങാനാകുന്ന തരത്തില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളും വില പട്ടികയുമാണ് കമ്പനി വാഹനത്തിന് നല്‍കിയത്. മറ്റ് മോഡലുകള്‍ക്ക് ഫെയിസ്‌ലിഫ്റ്റ് പതിപ്പുകള്‍ മാത്രമാണ് കമ്പനി അവതരിപ്പിച്ചത്.

സ്‌കോഡ

ചെക്ക് റിപബ്ലിക്കിൻ്റെ നിര്‍മാണ നിലവാരവും ആഡംബരവും വിളിച്ചോതുന്ന തരത്തിലുള്ള വാഹനങ്ങളാണ് സ്‌കോഡ 2022ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്ലാവിയ എന്ന മിഡ്സൈസ് സെഡാന്‍ കമ്പനിയുടെ റെക്കോഡ് വളര്‍ച്ചയ്ക്കാണ് കാരണമായത്.

സ്‌കോഡ സ്ലാവിയ

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ആധുനികമായ ഇൻ്റീരിയര്‍,മികച്ച നിര്‍മാണ നിലവാരം, വ്യത്യസ്ത എന്‍ജിന്‍ ഓപ്ഷനുകള്‍ എന്നിവ കൊണ്ട് വാഹനം ജനശ്രദ്ധയാകര്‍ഷിച്ചു. വാഹനത്തിന് 11.29 ലക്ഷം രൂപമുതല്‍ 18.4 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ 1.0 ലിറ്റര്‍, 1.5ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളുള്ള വാഹനം സ്വന്തമാക്കാം.

ഹോണ്ട

സിറ്റി ഹൈബ്രിഡാണ് 2022ല്‍ ഹോണ്ടയില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് ലഭിച്ച സമ്മാനം. മെയ് മാസത്തില്‍ നിരത്തുകളിലെത്തിച്ച വാഹനത്തെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഹോണ്ട സിറ്റി ഹൈബ്രിഡ്

പ്രീമിയം നിലവാരത്തിലുള്ള നിര്‍മാണവും, മികച്ച യാത്രാസുഖവുമുള്ള വാഹനത്തിന് 26.5 കിലോമീറ്റര്‍ മൈലേജ് കൂടിയായതോടെ ഹോണ്ട സിറ്റി ഹൈബ്രിഡ് വ്യത്യസ്തനായി. 1.5ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് ചലിപ്പിക്കുന്ന വാഹനത്തിന് 19.9 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ടൊയോറ്റ

കളമറിഞ്ഞു കളിക്കലിന് ടൊയോറ്റയെ കണ്ട് പഠിക്കണം. ഇന്ത്യക്കാര്‍ക്ക് എന്ത് എപ്പോള്‍ നല്‍കണമെന്ന് കമ്പനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്നതിൻ്റെ തെളിവാണ് 2022ല്‍ കമ്പനി പുറത്തിറക്കിയ മോഡലുകള്‍. മാര്‍ച്ചില്‍ ഗ്ലാന്‍സയെ മുഖം മിനുക്കിയെത്തിച്ച കമ്പനി ഹാച്ച്ബാക്ക് സെഗ്മെൻ്റിൻ്റെ വില്‍പ്പന സുരക്ഷിതമാക്കി നിര്‍ത്തി.

ഗ്ലാന്‍സ

ഇലക്ട്രിക് മോഡലുകള്‍ ഇപ്പോഴിറക്കാന്‍ സമയമായിട്ടില്ലെന്ന് മനസിലാക്കിയ കമ്പനി ഗ്ലാന്‍സയ്ക്കുശേഷം ഇന്ത്യയിലേക്കെത്തിച്ചത് അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡറിനെ.ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജും ഹൈബ്രിഡ് എന്‍ജിനും മികച്ച ഡിസൈനും മാത്രം മതിയായിരുന്നു ജനമനസുകളിലേക്ക് ഹൈറൈഡറിന് ഇടിച്ചുകയറാന്‍. 10.48 ലക്ഷം രൂപയ്ക്ക് പെട്രോള്‍ എന്‍ജിന്‍ വേരിയൻ്റും 18.99ലക്ഷം രൂപയ്ക്ക് സ്ട്രോങ് ഹൈബ്രിഡ് പതിപ്പും സ്വന്തമാക്കാന്‍ സാധിക്കും.

അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡര്‍

ഡിസംബറിലാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ടൊയോറ്റയുടെ തുറുപ്പുചീട്ടിനെ കമ്പനി പ്രഖ്യാപിച്ചതും വിവരങ്ങള്‍ പുറത്തുവിട്ടതും. ഇന്നോവയുടെ ജ്യേഷ്ഠനായ ഹൈബ്രിഡ് കരുത്തന്‍, 21.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള ഏഴു സീറ്റര്‍ വാഹനം, ഇന്നോവ ഹൈക്രോസ്.

ഇന്നോവ ഹൈക്രോസ്

കരുത്തുറ്റ ഡിസൈനും, മികച്ച നിര്‍മാണ നിലവാരവും, ടൊയോറ്റയുടെ വിശ്വാസ്യതയും മികച്ച ഇന്ധനക്ഷമതയുമുള്ള വാഹനം ഇന്ത്യയില്‍ വില്‍പ്പനക്കണക്കില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്നുറപ്പ്. 13.8 ലക്ഷം മുതല്‍ 28.9 ലക്ഷം വരെയാണ് ഇന്നോവ ഹൈക്രോസിൻ്റെ എക്സ്ഷോറൂം വില.

മെഴ്സിസിഡീസ് ബെൻസ്

ഒരുപിടി നല്ല വാഹനങ്ങള്‍ വിപണിയിലെത്തിച്ചാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് 2022നോട് വിട പറയുന്നത്. ജിഎല്‍ബി എന്ന ഏഴ് സീറ്റര്‍ എസ് യു വിയാണ് ഇതില്‍ പ്രധാനി. ഓമനത്തമുള്ള ഡിസൈനും ആഡംബരം തുളുമ്പുന്ന ഇൻ്റീരിയറും കൊണ്ട് ജിഎല്‍ബി വേറിട്ടുനിന്നു. 1.3 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ വകഭേദങ്ങളുമായി ഇന്ത്യയിലെത്തിയ വാഹനത്തിന് 6.8 ലക്ഷം മുതലാണ് ഓണ്‍ റോഡ് വില.

ജിഎല്‍ബി

മെഴ്സിഡീസ് ബെന്‍സ് ജിഎല്‍ബിയോടൊപ്പം ഇന്ത്യയിലേക്കിറക്കിവിട്ട ഇലക്ട്രിക് സഹോദരനാണ് ഇക്യൂബി. ഇലക്ട്രിക് സെഗ്മെൻ്റിലേക്കുള്ള എന്‍ട്രി ലെവല്‍ മോഡലായെത്തിയ ഏഴ് സീറ്റര്‍ ഇക്യൂബിയും മികച്ച വാഹനമാണ്. രണ്ട് വേരിയൻ്റുകളിലായി ഇന്ത്യയിലെത്തിയ വാഹനത്തിന് 228 ബിഎച്ച്പി, 292 ബിഎച്ച്പി എന്നിങ്ങനെ കരുത്തുള്ള രണ്ടു പതിപ്പുകളാണുള്ളത്. 7.45 ലക്ഷം മുതലാണ് എക്സ് ഷോറൂം വില

ഇക്യൂബി

ആഡംബരത്തിൻ്റെ കൊടുമുടിയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇക്യൂഎസ് 580യാണ് 2022ല്‍ ഇന്ത്യയിലെത്തിയ മികച്ച വാഹനമെന്ന് തന്നെപറയാം. അത്രയധികം ആഡംബരം കുത്തിനിറച്ചാണ് വാഹനത്തെ ഇന്ത്യയിലവതരിപ്പിച്ചത്. വാഹനലോകത്തിൻ്റെ ഭാവി എന്തെന്നും ഇലക്ട്രിക് കാറുകളില്‍ എത്രമാത്രം സൗകര്യങ്ങള്‍ കൊണ്ടു വരാമെന്നുമുള്ളതിൻ്റെ തെളിവായി ഇക്യൂഎസ്.

ഇക്യൂഎസ് 580

516 ബിഎച്ച്പി പവറും 855 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ ഇലക്ട്രിക് മോട്ടോറുകളാണ് ഇക്യൂഎസ് 580 ചലിപ്പിക്കുന്നത്. ഹൈപ്പര്‍സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെൻ്റ് യൂണിറ്റാണ് ലക്ഷ്വറി സെഡാന്‍റെ മറ്റൊരു സവിശേഷത.

ഡയലുകള്‍ക്കും, ഇന്‍ഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും, ഫ്രണ്ട് പാസഞ്ചറിനുമായി ഡാഷ്ബോര്‍ഡിലുടനീളം വ്യാപിച്ചുകിടക്കുന്ന മൂന്ന് ഡിജിറ്റല്‍ ഡിസ്പ്ലേകളാണ് ഈ ഹൈപ്പര്‍സ്‌ക്രീന്‍ ഇന്‍ഫോടെൻമെൻ്റ് യൂണിറ്റ്.

വോള്‍വോ

ഇലക്ട്രിക് യുഗത്തിലേക്ക് വോള്‍വോയും ചെന്നെത്തി. വോള്‍വോ എക്‌സ് സി 40 റീച്ചാര്‍ജ് എന്ന മോഡലിനെ ഇന്ത്യയിലെത്തിച്ച് ഇലക്ട്രിക് മത്സരത്തിന് വോള്‍വോ ആക്കം കൂട്ടി

വോള്‍വോ എക്‌സ് സി 40 റീച്ചാര്‍ജ്

408 ബിഎച്ച്പി കരുത്തും 660 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനം 4.9 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗതയിലേക്ക് പാഞ്ഞുകയറും.മറ്റ് മോഡലുകള്‍ക്കും ചെറിയ അപ്‌ഡേഷനുകള്‍ നല്‍കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

ഓള്‍ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയുമായി 56.9 ലക്ഷം രൂപയ്ക്ക് ഇന്ത്യയിലെത്തിയ എക്‌സ് സി 40 റീച്ചാര്‍ജ് തന്നെയാണ് ഈ വര്‍ഷം വോള്‍വോ ഇന്ത്യയിലെത്തിച്ച മികച്ച വാഹനമെന്ന് നിസംശയം പറയാം.

സിട്രോണ്‍

സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ മികച്ച ഒരു വാഹനത്തെയാണ് സിട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സിട്രോണ്‍ സി3. മികച്ച സ്ഥലസൗകര്യവും വേറിട്ട ഡിസൈനും നിരവധി ആക്‌സസറികളും 56 കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും നല്‍കിക്കൊണ്ട് സി3യെ വേറിട്ടു നിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞു.

സിട്രോണ്‍ സി3

10.25 ഇഞ്ച് ഡിസ്‌പ്ലേ ഉല്‍പ്പെടെയുള്ള സംവിധാനങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചു.1.2ലിറ്റര്‍, പെട്രോള്‍, ടര്‍ബോ വേരിയൻ്റുകളില്‍ വാഹനം ലഭ്യമാകും. ഏതൊരു സാധാരണക്കാരനും താങ്ങാനാകുന്ന വിലയിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചതും.

5.88ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറും വിലയ്ക്ക് ലഭിക്കുന്ന വാഹനം എല്ലാത്തരത്തിലും ഇന്ത്യന്‍ നിരത്തുകള്‍ക്ക് ചേര്‍ന്ന ഒന്നാണ്.

ടാറ്റ

മിക്ക മോഡലുകള്‍ക്കും പരിഷ്‌കാരങ്ങള്‍ വരുത്തി ശക്തമായ വില്‍പ്പന നേടിയ ഇന്ത്യയുടെ സ്വന്തം ടാറ്റാ മോട്ടോഴ്‌സ് 2022ല്‍ മികച്ച ഇലക്ട്രിക് വാഹനങ്ങളെയാണ് പുറത്തിറക്കിയത്. കൂടിയ വില കാരണം പലരും ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മടിച്ചു നിന്നു. എന്നാല്‍ സാധാരണക്കാര്‍ക്കും എത്തിപ്പിടിക്കാനാകുന്ന തരത്തിലുള്ള വിലയില്‍ ടിയാഗോ ഇവിയെ ടാറ്റ 2022ല്‍ പുറത്തിറക്കി.

ടിയാഗോ ഇവി

8.49 ലക്ഷം മുതല്‍ 11.79 ലക്ഷം വരെ എക്സ് ഷോറൂം വിലയുള്ള വാഹനത്തിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്. കുറഞ്ഞ വേരിയൻ്റിൽ 250 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് ലഭിക്കുമ്പോള്‍ ഉയര്‍ന്ന വേരിയൻ്റിൽ 315 കിലോമീറ്ററാണ് ഡ്രൈവിങ് റേഞ്ച്

മികച്ച വില്‍പ്പനയുള്ള നെക്‌സോണ്‍ ഇവിയുടെ ഡ്രൈവിങ്ങ് റേഞ്ച് കൂടിയ മോഡലായ നെക്‌സോണ്‍ ഇവി മാക്‌സും ടാറ്റ 2022ല്‍ അവതരിപ്പിച്ചു.

നെക്‌സോണ്‍ ഇവി മാക്‌സ്

മുന്‍ മോഡലില്‍ നിന്നും 125കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് വര്‍ധിപ്പിച്ച് 437 കിലോമീറ്റര്‍ ഇവി മാക്‌സ് സഞ്ചരിക്കും.143 എച്ച്പി കരുത്തും 250എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനത്തിന് 17.74 ലക്ഷം മുതലാണ് എക്‌സ് ഷോറും വില.

ലാന്‍ഡ് റോവര്‍

2022 ഡിസംബറിലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനെ ഇന്ത്യയിലിറക്കി ലാന്‍ഡ് റോവര്‍ ഞെട്ടിച്ചത്. ഇലക്ട്രിക് പതിപ്പുകളിലേക്ക് കമ്പനി ചുവടുമാറ്റുന്ന ഘട്ടത്തില്‍ കരുത്തന്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുമായി വാഹനത്തെ എത്തിച്ചത് ആരാധകര്‍ക്ക് ഇരട്ടി മധുരമായി

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്

റേഞ്ച് റോവര്‍ ശ്രേണിയിലെ തന്നെ മികച്ച വാഹനമായ പുത്തന്‍ സ്‌പോര്‍ട്ടിന് 1.64 കോടി രൂപ മുതലാണ് എക്‌സ്‌ ഷോറൂം വില.

ബിവൈഡി

നിരത്തിലിറക്കിയ ആദ്യ മോഡലില്‍ തന്നെ കൗതുകമൊളിപ്പിച്ച ബിവൈഡി, അറ്റോ 3 എന്ന പുത്തന്‍ ഇല്ക്ട്രിക് 5 സീറ്റര്‍ എസ്‌യുവിയെയാണ് 2022ല്‍ ഇന്ത്യയിലേക്ക് കെട്ടഴിച്ചുവിട്ടത്.

ബിവൈഡി അറ്റോ 3

നവംബര്‍ മാസത്തില്‍ പുറത്തിറങ്ങിയ വാഹനത്തില്‍ 60.48kWh ന്റെ കരുത്തുറ്റ ബാറ്ററിയും 521 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. വ്യത്യസ്തമായ രൂപഭംഗിയും 201ബിഎച്ച് പി കരുത്തുമായെത്തിയ വാഹനത്തിന് 33.99ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില

ഔഡി

ആഡംബരത്തികവുള്ളതും ആധുനികവും സ്‌പോര്‍ട്ടിയുമായ മികച്ച പെട്രോള്‍,ഡീസല്‍, ഇലക്ട്രിക് വാഹനങ്ങളാണ് ഔഡി ഇക്കുറി ഇന്ത്യയ്ക്ക് നല്‍കിയത്. ക്യൂ 3 യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇവയില്‍ ശ്രദ്ധേയം

ഔഡി ക്യൂ 3

മുന്‍ മോഡലിനെക്കാള്‍ കൂടുതൽ സ്‌പോര്‍ട്ടിയാക്കി ഇറങ്ങിയ വാഹനത്തില്‍ അടിമുടി മാറ്റങ്ങളാണ് കമ്പനി വരുത്തിയത്. 44.83 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.ഔഡി എ8 എല്‍, ക്യൂട്രോണ്‍ എന്നീ മോഡലുകളും 2022ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ