AUTOMOBILE

വിപണി പുത്തന്‍ ഉണര്‍വ് കണ്ടെത്തിയ വര്‍ഷം; 2022ലെ ശ്രദ്ധേയമായ ഇരുചക്രവാഹനങ്ങള്‍

ആദര്‍ശ് ജയമോഹന്‍

കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനു ശേഷം ഇന്ത്യന്‍ ഇരുചക്രവാഹന വിപണി വീണ്ടും പുത്തന്‍ ഉണര്‍വ് കണ്ടെത്തിയ വര്‍ഷമായിരുന്നു 2022. അഡ്വെഞ്ചര്‍, സ്‌പോര്‍ട്‌സ്, ടൂറിങ് തുടങ്ങി എല്ലാ സെഗ്മെന്റുകളിലും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മോഡലുകളാണ് വിവിധ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇലട്രിക് യുഗത്തിലേക്ക് ഇന്ത്യന്‍ വിപണി കളംമാറുന്ന കാഴ്ചയും ഈ വര്‍ഷം കണ്ടു. വിവിധ വാഹന നിര്‍മാണ കമ്പനികള്‍ 2022ല്‍ ഇന്ത്യയിലെത്തിച്ച ശ്രദ്ധേയമായ മോഡലുകളെ പരിചയപ്പെടാം.

റോയല്‍ എന്‍ഫീല്‍ഡ്

പുറത്തിറക്കിയ രണ്ട് മോഡലുകളും ഹിറ്റായ സന്തോഷത്തിലാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിര്‍മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് 2022നോട് യാത്ര പറയുന്നത്. കമ്പനിയുടെ വാഹന ശ്രണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഹണ്ടര്‍ 350, ഓഫ് റോഡര്‍ ഹിമാലയനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച സ്‌ക്രാംബ്ലര്‍ മോഡലായ സ്‌ക്രാം 411 എന്നീ രണ്ടു മോഡലുകളാണ് 2022ല്‍ കമ്പനി പുറത്തിറക്കിയ തുറുപ്പുചീട്ടുകള്‍.

മിറ്റിയോറിലും ക്ലാസിക് 350യിലും ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിന്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആധുനികമാക്കി ഏതൊരു സാധാരണക്കാരനും താങ്ങുന്ന വിലയില്‍ ഹണ്ടര്‍ എന്ന മോഡലിനെ 2022 മാര്‍ച്ച് മാസത്തിലാണ് കമ്പനി ഇന്ത്യയിലെത്തിച്ചത്. 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന റിഫൈന്‍ഡായ 350സിസി എന്‍ജിനുമായെത്തിയ മോഡല്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ കത്തിക്കയറി. 1.49 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയിലെത്തിയ മികച്ച ഹൈവേ ക്രൂയ്‌സറിനെ യുവത്വം ഇരുകൈയും നീട്ടി സ്വീകരിച്ചു.

സ്‌ക്രാം 411
സൂപ്പര്‍ മിറ്റിയോര്‍, ഹിമാലയന്‍ 650 എന്നീ മോഡലുകളും അടിമുടി പരിഷ്‌കാരങ്ങളുമായി സ്റ്റാന്‍ഡേര്‍ഡ് 350 ഫെയ്‌സ് ലിഫ്റ്റും അടുത്ത വര്‍ഷമെത്തും

2022 ആദ്യപാദത്തില്‍ മാര്‍ച്ച് മാസമാണ് സ്‌ക്രാം 411 നെ കമ്പനി അവതരിപ്പിച്ചത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അഡ്വെഞ്ചര്‍ മോഡലായ ഹിമാലയന്റെ എന്‍ജിനും രൂപസാദൃശ്യവുമായെത്തിയ വാഹനം 24ബിഎച്ച്പി കരുത്തും 32എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മികച്ച ഓണ്‍റോഡ്- ഓഫ്‌റോഡ് പെര്‍ഫോമന്‍സ് കാഴ്ചവെക്കാനാകുന്ന വാഹനത്തിന് 1.99 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്‌സ് ഷോറൂം വില.

സൂപ്പര്‍ മിറ്റിയോര്‍

2023ലും കുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. 650സിസി എന്‍ജിന്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ മിറ്റിയോര്‍, ഹിമാലയന്‍ 650 എന്നീ മോഡലുകളും അടിമുടി പരിഷ്‌കാരങ്ങളുമായി സ്റ്റാന്‍ഡേര്‍ഡ് 350 ഫെയ്‌സ് ലിഫ്റ്റും അടുത്ത വര്‍ഷമെത്തും.

ഹോണ്ട

വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ച വര്‍ഷമാണ് 2022. മിക്ക കമ്യൂട്ടര്‍ മോഡലുകളിലും, സ്‌കൂട്ടറുകളിലും കാലാനുഗതമായ ടെക്‌നിക്കല്‍ അപ്‌ഡേഷനുകള്‍ കൊണ്ടുവന്ന് വിപണി നിലനിര്‍ത്താനും നിലവിലെ മോഡലുകളുടെ ജനപ്രീതി ഉയര്‍ത്താനും ഹോണ്ടയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഹോണ്ട മടിച്ചു നിന്നു. ആഗോള മാര്‍ക്കറ്റിലെ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാനുള്ള ഹോണ്ടയുടെ മടി 2022ല്‍ ഒരിക്കല്‍ക്കൂടി വ്യക്തമായെന്നു വേണം പറയാന്‍

നിരവധി ആധുനിക ഫീച്ചറുകളുമായി ആക്ടീവ 6ജിയെ ഓഗസ്റ്റിലാണ് കമ്പനി ഇന്ത്യയിലെത്തിച്ചത്. മികച്ച വില്‍പ്പന നേടി ആക്ടീവ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ കിരീടം വെക്കാത്ത രാജാവായി തുടരുന്നു.

സിബി 300ആര്‍

സൂപ്പര്‍നേക്കഡ് മോഡലായ സി ബി1000 ആറിന്റെ കുഞ്ഞന്‍ പതിപ്പായ സിബി 300 ആര്‍, സിബി 300എഫ് എന്നീ ബൈക്കുകളാണ് ഈ വര്‍ഷം കമ്പനി അവതരിപ്പിച്ചത്. വിപണിയില്‍ കാര്യമായ തരംഗം സൃഷ്ടിക്കാന്‍ ഇരു മോഡലുകള്‍ക്കും സാധിച്ചില്ലെന്നതാണ് വാസ്തവം. മികച്ച നിര്‍മാണ നിലവാരവും കരുത്തുറ്റ എന്‍ജിനുമായാണ് രണ്ട് മോഡലുകളും ഇന്ത്യന്‍ മണ്ണിലെത്തിയത്.

സിബി300എഫ്

സിബി 300 ആര്‍ 31എച്ച് പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, 23.8 എച്ച് പി കരുത്തും 25.6 എന്‍ എം ടോര്‍ക്കുമുള്ള വാഹനമാണ് സിബി 300 എസ്.

യമഹ

ഏപ്രില്‍ 2022ലാണ് മികച്ച വില്‍പ്പനയുണ്ടായിരുന്ന എംടി 15ന്റെ രണ്ടാം തലമുറ പതിപ്പിനെ യമഹ ഇന്ത്യയില്‍ എത്തിച്ചത്. ഗോള്‍ഡന്‍ യുഎസ്ഡി ഫോര്‍ക്ക്, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, അലൂമിനിയം സ്വിങ് ആം എന്നിവയോടുകൂടി പുറത്തിറങ്ങിയ ബൈക്ക് വമ്പന്‍ വില്‍പ്പനയാണ് ഇന്ത്യയില്‍ നേടിയത്.

എംടി 15v2

മറ്റ് മോഡലുകളില്‍ ചെറിയ അപ്‌ഡേഷനുകള്‍ വരുത്തി കളംപിടിച്ച യമഹ ഇന്ത്യന്‍ വാഹനവിപണിയെ തന്നെ ആവേശം കൊള്ളിച്ച പ്രഖ്യാപനമാണ് ഈ വര്‍ഷം നടത്തിയത്. ഒരു തലമുറയുടെ തന്നെ ഹരമായ ആര്‍ എക്‌സ് 100എന്ന മോഡലിനെ അടുത്ത വര്‍ഷം തിരികെയെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്. എന്നാല്‍ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് എത്തരത്തിലായിരിക്കുമെന്ന സൂചനകള്‍ ഒന്നും കമ്പനി നല്‍കിയിട്ടില്ല.

യമഹ ആര്‍ 7

യമഹ ആര്‍ 7, എംടി 07, ആര്‍3 തുടങ്ങിയ മോഡലുകളും ഇന്ത്യയിലേക്കെത്തുമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. അത്തരത്തില്‍ സര്‍പ്രൈസും ആകാംഷയും നിറച്ചാണ് 2022ന് യമഹ ഫുള്‍സ്റ്റോപ്പിടുന്നത്.

യെസ്ഡി

ഇന്ത്യന്‍ വാഹന വിപണിയില്‍ മാസ് റീഎന്‍ട്രിക്കാണ് 2022 സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ നിരത്തുകളിലെ നിറസാന്നിദ്ധ്യമായിരുന്ന യെസ്ഡിയുടെ 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് ഏവരെയും ഞെട്ടിച്ചു. സ്‌ക്രാംബ്ലര്‍, റോഡ്‌സ്റ്റര്‍, അഡ്വെഞ്ചര്‍ സെഗ്മെന്റുകളിലായി മൂന്ന് പുത്തന്‍ മോഡലുകളായിരുന്നു യെസ്ഡിയുടെ ആവനാഴിയില്‍ ഉണ്ടായിരുന്നത്.

യെസ്ഡി സ്‌ക്രാംബ്ലര്‍

കളമറിഞ്ഞു കളിക്കാന്‍ ഉറച്ചു തന്നെയാണ് ആധുനികവും കരുത്തുറ്റതുമായ മൂന്ന് മോഡലുകളെയും ഇന്ത്യയില്‍ എത്തിച്ചത്. ജനുവരി മാസത്തില്‍ തിരിച്ചുവരവ് നടത്തിയ യെസ്ഡി 2022ല്‍ മറ്റ് വാഹനനിര്‍മാണ കമ്പനികള്‍ക്ക് ഉയര്‍ത്തിയ വെല്ലുവിളി ചെറുതൊന്നുമല്ല.

യെസ്ഡി അഡ്വെഞ്ചര്‍

ആഡംബര സ്‌ക്രാംബ്ലറുകളോട് പോലും കിടപിടിക്കുന്ന തരത്തിലുള്ള ഡിസൈന്‍ ഭംഗിയായിരുന്നു യെസ്ഡി സ്‌ക്രാംബ്ലറിനെ ആകര്‍ഷകമാക്കിയത്. മികച്ച ഓഫ് റോഡിങ് ശേഷിയും കരുത്തുറ്റ എന്‍ജിനും അഡ്വെഞ്ചര്‍ സെഗ്മെന്റില്‍ തിളങ്ങാന്‍ യെസ്ഡി ആഡ്വെഞ്ചറിനെ പ്രാപ്തനാക്കി. ഹൈവേ ക്രൂയ്‌സിങ്ങിനും നഗരത്തിരക്കുകളിലും മികച്ച റൈഡിങ് അനുഭവം നല്‍കുന്നു.

യെസ്ഡി റോഡ്‌സ്റ്റര്‍

എന്നാല്‍ എതിരാളികള്‍ പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും അവതരിപ്പിച്ചതോടെ വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ യെസ്ഡിക്ക് സാധിക്കാതെ പോയി.

ബജാജ്

നിരവധി പുത്തന്‍ മോഡലുകള്‍ ഇന്ത്യയ്ക്കായി സമ്മാനിക്കുകയായിരുന്നു 2022ല്‍ ബജാജ്. 2009 മുതല്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ പള്‍സര്‍ 220യെ വിപണിയില്‍ നിന്നും പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. ചേതക് ഇല്ക്ടിക് സ്‌കൂട്ടറിന്റെ വിപുലീകരണം കൊണ്ട് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് യുഗത്തിലേക്ക് ചുവട് വെക്കുന്ന കാഴ്ചയും ഈ വര്‍ഷം കണ്ടു. 2021 ല്‍ അവതരിപ്പിച്ച വാഹനത്തെ ഇന്ത്യയിലുടനീളമുള്ള ഇരുപതിലധികം നഗരങ്ങളിലേക്ക് ഈ വര്‍ഷം ബജാജ് എത്തിച്ചു.

പി 150
എന്‍250, എഫ്250 എന്നീ മോഡലുകളുടെ ബ്ലാക്ക് വേരിയന്റുകളും ഡൊമിനാര്‍ 250ക്ക് പുത്തന്‍ കളര്‍ സ്‌കീമും കമ്പനി ഈ വര്‍ഷം പുറത്തിറക്കി

നഗരത്തിരക്കുകളില്‍ ഓടിച്ചുനടക്കാവുന്ന മികച്ച ഇന്ധനക്ഷമതയുള്ള പി 150 എന്ന മോഡലും ബജാജ് 2022 നവംബര്‍ മാസത്തില്‍ ഇന്ത്യയിലെത്തിച്ചു. 14.5 ബിഎച്ച്പി കരുത്തും 13.5എന്‍എം ടോര്‍ക്കുമുള്ള 150 സിസി എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 1.16 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. എന്‍250, എഫ്250 എന്നീ മോഡലുകളുടെ ബ്ലാക്ക് വേരിയന്റുകളും ഡൊമിനാര്‍ 250ക്ക് പുത്തന്‍ കളര്‍ സ്‌കീമും കമ്പനി ഈ വര്‍ഷം പുറത്തിറക്കി.

എന്‍250, എഫ്250

ഡൊമിനാര്‍ 400ല്‍ ഉപയോഗിച്ചിട്ടുള്ള 373സിസി എന്‍ജിന്‍ ഉപയോഗിച്ചുള്ള ക്രൂയ്‌സര്‍ മോഡല്‍ അവഞ്ചര്‍ 400 അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെത്തും.

ഹീറോ

വിപണിയില്‍ പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഹീറോ മടിച്ചു നിന്ന വര്‍ഷമായിരുന്നു 2022. എന്നാല്‍ മിക്ക മോഡലുകളിലും ആധുനിക സംവിധാനങ്ങളും ഫീച്ചറുകളും ഉള്‍പ്പെടുത്തി നിലവിലെ മോഡലുകളെല്ലാം ആധുനികമാക്കി നിലനിര്‍ത്താന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക്

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി എന്നിങ്ങനെയുള്ള ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സ്‌പ്ലെന്‍ഡറിന്റെ പരിഷ്‌കരിച്ച പതിപ്പായ സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക് പുറത്തിറക്കിയ ഹീറോ എക്‌സ് പള്‍സ് 2004വിയുടെ റാലി എഡിഷനും ഈ വര്‍ഷം അവതരിപ്പിച്ചു

എക്‌സ് പള്‍സ് 200ടി 4വി

2022 അവസാനത്തോടെ എക്‌സ് പള്‍സ് 200ടി 4വിയും അവതരിപ്പിച്ച് ആരാധകര്‍ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ ഹീറോയ്ക്ക് കഴിഞ്ഞു. 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 18.8 ബിഎച്ച്പി കരുത്തും 17.7 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനം ഓണ്‍റോഡിലും ഓഫ് റോഡിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കും.

സുസുക്കി

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിച്ച് വിപണി പിടിക്കാനുള്ള ശ്രമമാണ് 2022ല്‍ സുസുക്കിയുടെ ഭാഗത്തുനിന്നുണ്ടായത്. ഏപ്രില്‍ മാസത്തില്‍ തന്നെ അവെനിസ് എന്ന പുത്തന്‍ സ്‌കൂട്ടറിനെ ഇന്ത്യയിലെത്തിച്ച് 2022നോട് സ്വാഗതം പറഞ്ഞ സുസുക്കി അഡ്വെഞ്ചര്‍ സെഗ്മെന്റില്‍ വി സ്‌റ്റോം എസ് എക്‌സ് എന്ന മോഡലിനെയും അവതരിപ്പിച്ചു

സുസുക്കി അവെനിസ്

സുസുക്കി വി സ്‌റ്റോം 650ക്കും സുസുക്കി ഹയാബൂസയ്ക്കുമിടയില്‍ ലിറ്റര്‍ ക്ലാസ് സെഗ്മെന്റില്‍ കറ്റാന എന്ന മോഡലിനെയും സുസുക്കി ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ചു.

സുസുക്കി കട്ടന

ഏഥര്‍

ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യയിലെ മുടിചൂടാമന്നനായ ഏഥര്‍ 450എക്‌സിന്റെ മൂന്നാം തലമുറ പതിപ്പിനെയാണ് ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ചത്. 146 കിലോമീറ്റര്‍ റൈഡിങ് റേഞ്ചുള്ള വാഹനം 2022 ജൂലൈ മാസത്തിലാണ് കമ്പനി അവതരിപ്പിച്ചത്. റാം കപ്പാസിറ്റി ഉയര്‍ത്തിയ 7.0 ഇഞ്ച് ടച്ച് സ്‌ക്രീനും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു.

450എക്‌സ്

ടിവിഎസ്

2022 ആരുടെ വര്‍ഷമാണെന്നു ചോദിച്ചാല്‍ നിസംശയം പറയാം. ടിവിഎസിന്റേത്. ആഗോള നിലവാരത്തിലുള്ള മോഡലുകള്‍ അവതരിപ്പിക്കുകയും നിലവിലെ മോഡലുകള്‍ പരിഷ്‌കരിച്ചും ടിവിഎസ് എന്ന ബ്രാന്‍ഡ് ഉയരങ്ങളിലെത്തിയ വര്‍ഷമായിരുന്നു 2022.

ടിവിഎസ് റോണിന്‍

എല്ലാ മാസങ്ങളിലും കമ്പനിയുടെ വാഹനങ്ങള്‍ വില്‍പ്പന ചാര്‍ട്ടിലെ മുന്‍പന്തിയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. റെട്രോ സ്‌റ്റൈല്‍ സ്‌ക്രാംബ്ലറായ റോണിനെ അവതരിപ്പിച്ച് സ്‌ക്രാംബ്ലര്‍ സെഗ്മെന്റിലും ടിവിഎസ് വരവറിയിച്ചു.

ഐക്യൂബ്

2022 മാര്‍ച്ച് മാസത്തോടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഐക്യൂബിന്റെ വില്‍പ്പന വിപുലീകരിക്കുകയും രാജ്യത്തുടനീളമുള്ള 20 നഗരങ്ങളില്‍ വാഹനം എത്തിക്കാനും ടിവിഎസിന് കഴിഞ്ഞു.

കെടിഎം

ആര്‍സി ശ്രേണിയിലെ വാഹനങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്ന് ഇന്ത്യന്‍ വിപണിയെ ഞെട്ടിക്കുകയായിരുന്നു 2022ല്‍ കെടിഎം. കൂടുതല്‍ കരുത്തുറ്റതും ആധുനികവുമാക്കിയാണ് ആര്‍സി 125, 200, 390 മോഡലുകളെ കമ്പനി അവതരിപ്പിച്ചത്.

ഫെയറിങ്ങിലും എന്‍ജിന്‍ ട്യൂണിങ്ങിലും എയര്‍ ഇന്‍ടേക്കിലുമെല്ലാം മാറ്റങ്ങള്‍ വരുത്തി ഇന്ത്യയിലെത്തിയ മോഡലിന്റെ ഡിസൈന്‍ സംബന്ധിച്ച് ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും മികച്ച വില്‍പ്പനയാണ് മോഡലുകള്‍ നേടിയെടുത്തത്. റേസ് ട്രാക്കുകളിലും ഹൈവേകളിലും മികച്ച പ്രകടനം കാഴ്ചവെക്കാവുന്ന തരത്തില്‍ ഉടച്ചുവാര്‍ക്കുകയായിരുന്നു കെടിഎം ആര്‍സി ശ്രേണിയെ.

ഒല

ഏഥറിന് കനത്ത വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയിലെത്തിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനിയാണ് ഒല. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ മോഡലുകള്‍ മികച്ച വില്‍പ്പന നേടിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് വിലകുറഞ്ഞ പുതിയ അവതാരത്തെക്കൂടി ഒല 2022ല്‍ കളത്തിലിറക്കിയത്.

ഒല എസ് വണ്‍ എയര്‍

101കിലോമീറ്റര്‍ റൈഡിങ് റേഞ്ചുള്ള ഒല എസ് വണ്‍ എയര്‍ എന്ന മോഡലാണ് ഇത്തവണ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നത്. ഒല എസ് വണ്‍ പ്രോയെക്കാള്‍ അന്‍പതിനായിരം രൂപ കുറവുള്ള എസ് വണ്‍ എയറില്‍ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും