പുതിയ കാർ വാങ്ങുമ്പോൾ മുൻപൊക്കെ മിക്കവരും ചോദിച്ചിരുന്നത് എത്ര മൈലേജ് കിട്ടുമെന്നാണ്. ഇന്നിപ്പോൾ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന് ക്രാഷ് ടെസ്റ്റിൽ എത്ര റേറ്റിങ് ലഭിച്ചെന്ന് ഇനി ഒറ്റനോട്ടത്തിൽ അറിയാം.
ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമെന്നാണ് (ഭാരത് എന്‍സിഎപി)ഈ പരിശോധന അറിയപ്പെടുക. ഈ പരിശോധനയ്ക്ക് വിധേയമായ കാറുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക സുരക്ഷാ ലേബല്‍ ഉടന്‍ നല്‍കും. ഇതില്‍ പരിശോധന നടത്തിയ മാസവും വര്‍ഷവും സുരക്ഷാ റേറ്റിങ്ങളുകളും പ്രദര്‍ശിപ്പിക്കും.
എന്താണ് ഭാരത് എന്‍സിഎപി
വാഹനത്തിന്റെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റുകള്‍ നടത്തിയ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇവയെ അറിഞ്ഞുള്ള തെരഞ്ഞടുപ്പിന് സഹായിക്കുകയെന്നതാണ് ലേബലിങ്ങിന്റെ ഉദ്ദേശ്യം. നിലവില്‍ എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷാ ലേബലില്ല. ഇനി മുതല്‍ പ്രോഗ്രാമിനു കീഴില്‍ പരീക്ഷിച്ച വാഹനങ്ങള്‍ക്ക് ഇതു നല്‍കും. പരിശോധനയുമായി ബന്ധപ്പെട്ട സ്റ്റാര്‍ റേറ്റിങ്ങിനു പുറമേ ക്രാഷ് ടെസ്റ്റിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള ക്യൂആര്‍ കോഡും ഒപ്പമുണ്ടാകും.
ഭാരത് എന്‍സിഎപി പരീക്ഷിച്ച കാറുകള്‍
2023 ഒക്ടോബറിലാണ് ഭാരത് എന്‍സിഎപി ആരംഭിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ കാറുകളായ ഹാരിയര്‍, സഫാരി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി എന്നിവയ്‌ക്കെല്ലാം ഭാരത് എന്‍സിഎപിയുടെ പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് ഉണ്ട്. മാരുതി സുസുകി, ഹ്യുണ്ടായി എന്നിവ ഇതിലേക്ക് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഭാരത് എന്‍സിഎപിക്കു കീഴിലുള്ള കാറുകള്‍ക്ക് ത്രീ സ്റ്റാര്‍ റേറ്റിങ് ലഭിക്കണമെങ്കില്‍ ഇലകട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സ്റ്റാൻഡേർഡുണ്ടാകണം. പുതുക്കിയ ആഗോള എന്‍സിഎപി, യൂറോ എന്‍സിഎപി പ്രോട്ടോക്കോളുകളും ടെസ്റ്റുകളും അടിസ്ഥാനമാക്കിയാണ് വാഹന പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ് പ്രകാരം (എഐഎസ് 197) ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ കാറുകള്‍ പരിശോധനയ്ക്കായി സ്വമേധയാ എത്തിക്കാം. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതോ പുറത്തുനിന്നോ വരുന്നതോ ആയ കാറുകള്‍ തിരഞ്ഞെടുത്ത് പരിശോധിക്കാനുള്ള അവകാശം സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് എന്‍സിഎപിക്കുമുണ്ടാകും.