കൂടുതൽ ആകർഷകമായ രൂപഭംഗിയിലും നിറത്തിലും ഇതുവരെ കാണാത്ത ഒട്ടേറെ സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റർ 110 പുതിയ പതിപ്പ് വിപണിയിൽ. കുറഞ്ഞവിലയിൽ കൂടുതൽ സൗകര്യങ്ങൾ നൽകി വിപണി പിടിച്ചടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിവിഎസ് മോട്ടോർ തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ ജൂപ്പിറ്ററിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
73,700 രൂപയാണ് പുതിയ ജൂപ്പിറ്റർ 110ന്റെ എക്‌സ്-ഷോറൂം വില. ഇത് ഇന്ത്യയുടെ സ്‌കൂട്ടര്‍ വിപണിയിലെ മത്സരം പുതിയ തലത്തിലെത്തിക്കും. സ്‌കൂട്ടര്‍ വിഭാഗത്തിലെ ജനപ്രിയ മോഡലായ ജൂപ്പിറ്റര്‍ നിലവില്‍ വിപണിയില്‍ രണ്ടാം സ്ഥാനത്താണ്. ഹോണ്ട ആക്ടീവയാണ് ഒന്നാമത്.
ഒന്നിലധികം വകഭേദങ്ങൾക്കൊപ്പം കൂടുതല്‍ സവിശേഷതകളും നിര്‍മാതാക്കള്‍ ജൂപ്പിറ്റർ 110ൽ വാഗ്ദാനം ചെയ്യുന്നു. ടിവിഎസ് ഫാമിലി സ്‌കൂട്ടറുകളില്‍ മുമ്പ് അധികം കാണാത്ത ആധുനികതയും പരിഷ്‌കാരങ്ങളും ന്യൂ ജെന്‍ ജൂപ്പിറ്ററിനുണ്ട്.
113.3 സിസി സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എൻജിനാണ് കരുത്ത് പകരുന്നത്. നൂതന ഐജിഒ അസിസ്റ്റ് സാങ്കേതികതയുടെ ഭാഗമായി എൻജിൻ 6500 ആർപിഎമ്മിൽ 5.9 കിലോവാട്ട് പവർ ഔട്ട്പുട്ടും 5000 ആർപിഎമ്മിൽ 9.8 എൻഎം ടോർക്കും നൽകുന്നു. ഈ അസിസ്റ്റ് ഫീച്ചർ ഇല്ലെങ്കിൽ, 5000 ആർപിഎമ്മിൽ 9.2 എൻഎം ആണ് ടോർക്ക്.
ഓവർടേക്കുചെയ്യുമ്പോഴോ കയറ്റം കയറുമ്പോഴോ അധിക പവർ നൽകിക്കൊണ്ട് ഐജിഒ അസിസ്റ്റ് സംവിധാനം വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നു. കൂടാതെ തൊട്ടുമുന്‍പുള്ള മോഡലിനേക്കാള്‍ 10 ശതമാനം ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനക്ഷമതയുള്ള ഇന്റലിജന്റ് ഇഗ്‌നിഷന്‍ സിസ്റ്റവും ഓവര്‍ടേക്ക് ചെയ്യുമ്പോഴും കയറുമ്പോഴും ബാറ്ററിയില്‍നിന്ന് പവര്‍ പ്രയോജനപ്പെടുത്തി പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഐഎസ്ജി (ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍) എന്നിവയും പുതിയ മോഡലിന്റെ സവിശേഷതയാണ്.
ആകർകമായ രൂപത്തിലുള്ള മുന്നിലെ ഏപ്രണും സൈഡ് പാനലുകളും വാഹനത്തിന് പുതിയ കാഴ്ചഭംഗി നൽകുന്നു. എല്‍ ഇ ഡി ഹെഡ്‌ലാമ്പ്, ടേണ്‍ ഇൻഡിക്കേറ്റനൊപ്പമുള്ള സ്ലിം എൽ ഇ ഡി ടെയിൽ ലാമ്പ്, റിമോട്ട് ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, മൊബൈല്‍ ചാര്‍ജര്‍, രണ്ട് ഹെൽമെറ്റ് സൂക്ഷിക്കാനുള്ള ഇടം, ഫ്‌ളോര്‍ ബോര്‍ഡിന് അടിയിലേക്ക് മാറിയ ഫ്യുവല്‍ ടാങ്ക്, നീളമുള്ള സീറ്റ്, എമർജെൻസി സ്റ്റോപ്പ് സിഗ്നൽ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മികച്ച രീതിയിലുള്ള ഹാന്‍ഡില്‍ബാര്‍, വിശാലമായ ഫ്‌ളോര്‍ബോര്‍ഡ്, ആക്‌സസ് ചെയ്യാവുന്ന സീറ്റ് ഉയരം, എല്ലാ വലുപ്പത്തിലും ലിംഗഭേദത്തിലുമുള്ള റൈഡര്‍മാര്‍ക്ക് പരമാവധി സൗകര്യം എന്നിവയും പുതിയ ജൂപ്പിറ്റർ 110ന്റെ പ്രത്യേകതകളാണ്.
മെറ്റിയര്‍ റെഡ് ഗ്ലോസ്, ടൈറ്റാനിയം ഗ്രേ മാറ്റ്, ലൂണാര്‍ വൈറ്റ് ഗ്ലോസ്, സ്റ്റാര്‍ലൈറ്റ് ബ്ലൂ ഗ്ലോസ്, ഗാലക്റ്റിക് കോപ്പര്‍ മാറ്റ്, ഡോണ്‍ ബ്ലൂ മാറ്റ് എന്നിങ്ങനെ ആറ് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകള്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.