റോഡുകൾ അടക്കിവാഴുന്ന പല കാർ സീരീസുകളുടെയും നിർമാണം ഏപ്രിൽ ഒന്നോടെ അവസാനിപ്പിക്കുമെന്ന് പ്രമുഖ വാഹന നിർമാതാക്കൾ. റെനോയും ഹോണ്ടയും ഹ്യുണ്ടായിയും ഉൾപ്പെടെയുള്ള വാഹന നിർമാതാക്കളുടേതാണ് അറിയിപ്പ്. ചില വാഹനങ്ങളുടെ നിർമാണം ഇതിനോടകം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വായു ഗുണനിലവാരം അളക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ രീതി ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായാണ് തീരുമാനം. 'റിയൽ ഡ്രൈവിങ് എമിഷൻ' ടെസ്റ്റിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ നിരത്തിലോടുന്ന ചില വാഹനങ്ങൾക്ക് കഴിയാത്തതാണ് നിർമാണം അവസാനിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
റെനോ ഇന്ത്യ
ആർഡിഇ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി റെനോ അവരുടെ മുഴുവൻ സീരീസിലും അപ്ഡേറ്റ് ചെയ്തിരുന്നു. എന്നാൽ ക്വിഡിന്റെ 800 സി സി സീരീസ് പുതിയ മാനദണ്ഡം പാലിക്കാൻ കഴിയാത്തതിനാൽ ഇതിനോടകം തന്നെ നിർമാണം അവസാനിപ്പിച്ചിരിക്കുകയാണ്. പകരമായി കമ്പനി അടുത്തിടെ ക്വിഡ് സീരീസിൽ ആർഎക്സ്ഇ സീരീസ് പുറത്തിറക്കിയിരുന്നു. 4.69 ലക്ഷം രൂപയാണ് വണ്ടിയുടെ ഷോറൂം വില.
ഹോണ്ട ഇന്ത്യ
അമെയ്‌സിന്റെ ഡീസൽ മോഡലിന്റെ നിർമാണവും വില്പനയും ഹോണ്ട അവസാനിപ്പിച്ചിരിക്കുകയാണ്. ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക സൈറ്റിൽ നിന്ന് ഈ മോഡൽ നീക്കം ചെയ്തിട്ടുണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പുതിയ എമിഷന്‍ മാനദണ്ഡം പാലിക്കാത്തതിനാലാണ് അമെയ്‌സിന്റെ ഡീസൽ വേരിയന്റ് നിർത്തലാക്കിയത്. ഇതിനുപുറമെ ഡബ്യു ആർ-വി, ജാസ്, ജെൻ 4 സിറ്റിയും അടുത്ത മാസം അവസാനത്തോടെ നിർത്തലാക്കുമെന്ന് ഹോണ്ട അറിയിച്ചു. പുതിയ കോംപാക്ട് എസ് യു വികൾ നിരത്തിലറക്കുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.
ഹ്യുണ്ടായ് ഇന്ത്യ
കൊറിയൻ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രീതിയുള്ള ഐ20 യുടെ ഡീസൽ മോഡലിന്റെയും നിർമാണം അവസാനിപ്പിക്കുകയാണ്. ഗ്രാൻഡ് ഐ10 നിയോസ്, സബ് കോംപാക്ട് സെഡാൻ മോഡലായ ഓറ എന്നിവയുടെ ഡീസൽ മോഡലിന്റെ നിർമാണവും വില്പനയും ഹ്യുണ്ടായി നിർത്തലാക്കിയിട്ടുണ്ട്. കൂടാതെ കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റെയും ഡീസൽ വേരിയന്റുകൾ ഉടൻ തന്നെ നിർത്തലാക്കുമെന്നും കമ്പനി അറിയിച്ചു.
മാരുതി സുസുക്കി ഇന്ത്യ
പുതിയ ആർഡിഇ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ ചില മോഡലുകൾ മാരുതി സുസുക്കി ഇന്ത്യയും നിർത്തലാക്കിയേക്കും. ഏതൊക്കെ മോഡലുകളാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓൾട്ടോ 800, ഇഗ്‌നിസ്, സിയാസ് എന്നിവ 2023 ഏപ്രിൽ മുതൽ വിപണിയിലുണ്ടാകില്ലെന്നാണ് അഭ്യൂഹം.
മഹീന്ദ്ര
സാങ് യോങിന്‍റെ റെക്സ്റ്റോണ്‍ എന്ന മോഡലിനെ അടിസ്ഥാനപ്പെടുത്തി മഹീന്ദ്ര ഇന്ത്യയിലെത്തിച്ച അള്‍റ്റ്യൂറാസ് ജി4 നെയും വിപണിയില്‍ നിന്നും പിന്‍വലിക്കും. ഫോര്‍ച്യൂണറിനെ വെല്ലുവിളിച്ച് ഇന്ത്യയിലെത്തിച്ച വാഹനം ആർഡിഇ പരിശോധന പ്രാബല്യത്തിൽ എത്തുന്നതോടെ കളമൊഴിയും.
നിസാൻ ഇന്ത്യ
2023 ഏപ്രിൽ 1ഓടെ കിക്ക്‌സ് കോംപാക്റ്റ് എസ്‌യുവി നിസാൻ ഇന്ത്യ നിർത്തലാക്കും. നിസാന്റെ പങ്കാളി ബ്രാൻഡായ റെനോ 2022 ഫെബ്രുവരിയിൽ ഡസ്റ്റർ കോംപാക്റ്റ് എസ്‌യുവി നിർത്തലാക്കിയത് മുതൽ കിക്ക്സും പിൻവലിക്കുന്നതായി വാർത്തകൾ വന്നിരുന്നു. പുതിയ തലമുറ നിസാൻ എക്സ്-ട്രയൽ ഉൾപ്പെടെ നിരവധി പുതിയ മോഡലുകള്‍ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
സ്കോഡ ഓട്ടോ ഇന്ത്യ
സ്കോഡ ഓട്ടോ ഇന്ത്യ 2023 ഏപ്രിലോടെ ഒക്ടാവിയ, സൂപ്പർബ് സെഡാനുകളും നിർത്തലാക്കുമെന്നും സൂചനയുണ്ട്.