AUTOMOBILE

'നിര്‍ണായക സാങ്കേതിക വിദ്യകള്‍ പുറത്തുപോകരുത്'; ഇലക്ട്രിക് വാഹന നിര്‍മാതാക്കളെ നിയന്ത്രിക്കാന്‍ ചൈന, ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ഇന്ത്യയും തുര്‍ക്കിയും പോലുള്ള രാജ്യങ്ങളില്‍ വാഹന നിര്‍മാണം വേണ്ടെന്നാണ് ചൈനയുടെ നിലപാട്

വെബ് ഡെസ്ക്

ഇലക്ട്രിക് വാഹന വിപണിയിലെ കുത്തക നിലനിര്‍ത്താന്‍ കടുത്ത നടപടികളുമായി ചൈന. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യയുള്‍പ്പെടെ ശ്രമം നടത്തുന്നതിനിടെയാണ് ചൈന ഇടപെടല്‍ ശക്തമാക്കുന്നത്. വാഹന ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാന്‍ ഇന്ത്യയിലെ ഉത്പാദത്തിന് കരുത്ത് പകരാന്‍ വാഹന കമ്പനികളെ പ്രേരിപ്പിക്കാന്‍ ഉള്‍പ്പെടെയാണ് അധികൃതര്‍ ശ്രമം നടത്തുന്നത്. എന്നാല്‍ ഇന്ത്യയും തുര്‍ക്കിയും പോലുള്ള രാജ്യങ്ങളില്‍ വാഹന നിര്‍മാണം വേണ്ടെന്നാണ് ചൈനയുടെ നിലപാട്.

ഇലക്ട്രിക് വാഹന നിര്‍മാണത്തിലെ നൂതന സാങ്കേതിക വിദ്യകള്‍ തിരിച്ചറിയന്നതില്‍ നിന്ന് വിദേശ കമ്പനികളെ തടയുക എന്നതാണ് ചൈനയുടെ നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയ്ക്കും തുര്‍ക്കിക്കും പുറമെ സ്പെയിന്‍, തായ്ലന്‍ഡ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ പദ്ധതികളിലും ചൈന സമാന നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍ണായക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന നടപടികള്‍ ചൈനയില്‍ നിലനിര്‍ത്തണം. അസംബ്ലിങ്ങിന് നോക്ക് ഡൗണ്‍ കിറ്റുകള്‍ മാത്രം കൈമാറിയാല്‍ മതിയെന്നുമാണ് നിര്‍ദേശത്തിന്റെ ഉള്ളടക്കം.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന അമിതമായ ചെലവുകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുമുള്ള നടപടികളുടെ ഭാഗമായി ഇന്ത്യ ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്നതിന് ഓരോ വര്‍ഷവും ഉണ്ടാകുന്ന ഭീമമായ ചെലവ് ഉള്‍പ്പെടെ പരിഗണിച്ചാണ് നീക്കം. 10,900 കോടി രൂപ ചെലവ് വരുന്ന ഇവി സബ്സിഡി പ്രോഗ്രാമിന്റെ മൂന്നാം ഘട്ടമായ പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയുടെ പുതിയ ഇലക്ട്രിക് വാഹനനയവും ഇതിന് കരുത്ത് പകരുന്നതായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയ്ക്ക് വലിയ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് ഒപ്പം ആഗോള വാഹന നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും വിധത്തിലുള്ളതാണ് പുതിയ നയം. വാഹനങ്ങളുടെ ഇറക്കുമതിയ്ക്ക് 85 ശതമാനത്തോളം നികുതി ഇളവാണ് പുതിയ നയം മുന്നോട്ട് വയ്ക്കുന്നത്.

പുതിയ നയം അനുസരിച്ച് പുര്‍ണമായും വിദേശത്ത് നിര്‍മിച്ച ഇലക്ട്രിക് കാറുകള്‍ 15 ശതമാനം ഇറക്കുമതി തീരുവയില്‍ രാജ്യത്തേക്ക് എത്തിക്കാന്‍ സാധിക്കും

ആഗോള തലത്തില്‍ ശ്രദ്ധേയരായ കമ്പനികളെ രാജ്യത്ത് എത്തിക്കുകയാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നയം അനുസരിച്ച് പുര്‍ണമായും വിദേശത്ത് നിര്‍മിച്ച ഇലക്ട്രിക് കാറുകള്‍ 15 ശതമാനം ഇറക്കുമതി തീരുവയില്‍ രാജ്യത്തേക്ക് എത്തിക്കാന്‍ സാധിക്കും. തീരുവയില്‍ ഇളവ് ലഭിക്കുന്നതിന് വാഹന നിര്‍മാതാക്കള്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞത് 4,150 കോടി രൂപയുടെ നിക്ഷേപമെങ്കിലും നടത്തണമെന്നും നയം വ്യക്കമാക്കുന്നു. ഇതിനൊപ്പം കുറഞ്ഞ തീരുവയില്‍ ഇറക്കുമതി ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിലും നയം പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രതിവര്‍ഷം എട്ടായിരം വാഹനങ്ങള്‍ മാത്രമാണ് 15 ശതമാനം തീരുവയില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കുക.

എന്നാല്‍, ചൈന ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് എന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വാഹന വിപണിയുമാണ് നിലവില്‍ ഇന്ത്യ. 12.5 ലക്ഷം കോടി രൂപയാണ് നിലവില്‍ രാജ്യത്ത വാഹന വിപണിയുടെ മൂല്യം. 2030 ഓടെ ഇത് 24.9 ലക്ഷം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍