ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ തങ്ങളുടെ പുതിയ മിഡ്-സൈസ് എസ്‌യുവി സി3 എയർക്രോസ് (Citroen C3 Aircross) എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്ന ഈ മിഡ്-സൈസ് എസ്‌യുവി അതിശയിപ്പിക്കുന്ന ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനുമായിട്ടാണ് വരുന്നത്. മിഡ്-സ്പെക്ക് പ്ലസ്, ടോപ്പ്-സ്പെക്ക് മാക്സ് വേരിയന്റുകളുടെ വില പിന്നീട് പ്രഖ്യാപിക്കും.
C5 എയർക്രോസ് എസ്‌യുവി, C3 ഹാച്ച്ബാക്ക്, E-C3 ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവയ്ക്ക് ശേഷം സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് C3 എയർക്രോസ് എസ്‌യുവി. 90 ശതമാനത്തിലധികം പ്രാദേശികമായി വികസിപ്പിച്ച C3 എയർക്രോസ് എസ്‌യുവി തമിഴ്‌നാട്ടിലെ സിട്രോണിന്റെ തിരുവള്ളൂർ പ്ലാന്റിലാണ് നിർമിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളിൽ അഞ്ച്, ഏഴ് സീറ്റ് രണ്ട് സീറ്റിങ് കോൺഫിഗറേഷനുകൾ വാഹനത്തിന് ലഭിക്കും. സിട്രോൺ C3 യിൽ ഉപയോഗിച്ചിരിക്കുന്ന അതേ സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് സിട്രോൺ C3 എയർക്രോസ് എസ്‌യുവി നിർമിച്ചിരിക്കുന്നത്.
1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനോടെയാണ് പുതിയ എസ്‍യുവി എത്തുക. ഇത് 109 ബിഎച്ച്‌പി കരുത്തും 190 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതേ എഞ്ചിനും ഗിയർബോക്സ് യൂണിറ്റും തന്നെയാണ് സിട്രോൺ C3 ഹാച്ച്ബാക്കിലും കമ്പനി നൽകുന്നത്. നിലവിൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ഇല്ല. എആർഎഐ സാക്ഷ്യപ്പെടുത്തിയ C3 എയർക്രോസിന് മൈലേജ് 18.5kmpl ആണ്.
ഡിആർഎല്ലുകളോട് കൂടിയ ഹാലൊജൻ റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഡ്യുവൽ ടോൺ റൂഫ് ഓപ്ഷൻ എന്നിവ വാഹനത്തിലുണ്ട്. ക്യാബിനിനുള്ളിൽ, 10.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ സവിശേഷതകൾ ലഭ്യമാകും.
അതേസമയം, ബേസ്-സ്പെക്ക് യു വേരിയന്റിൽ 5-സീറ്റ് കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. 7 സീറ്റ് വേരിയന്റുകളിലെ പോലെ റൂഫിൽ ഘടിപ്പിച്ച എസി വെന്റുകളും ലഭ്യമല്ല. രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടൈപ്പ് പ്രഷർ മോണിറ്ററിങ് സിസ്റ്റം, റിവേഴ്‌സ് പാർക്കിങ് സെൻസറുകൾ എന്നിവയുൾപ്പടെ ടോപ്പ്-സ്പെക്ക് മാക്‌സ് ട്രിമ്മിൽ നിന്നുള്ള മിക്കവാറും എല്ലാ സുരക്ഷാ ഫീച്ചറുകളും ബേസ്-സ്പെക്ക് മോഡലിൽ ഇപ്പോഴുമുണ്ട്.
സൺറൂഫ്, വയർലെസ് ചാർജിങ്, വെന്റിലേറ്റഡ് സീറ്റുകൾ, ടോപ്പ്-സ്പെക്ക് ട്രിമ്മുകളിലുള്ള ആറ് എയർബാഗുകൾ എന്നിവ പോലുള്ള ചില സവിശേഷതകൾ ഇല്ലാത്തതിനാൽ വിലയിലും ഇത് പ്രകടമാകും. പ്ലസ് വേരിയന്റിന് 11.30 ലക്ഷം മുതൽ 11.45 ലക്ഷം രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റേഞ്ച് ടോപ്പിങ് മാക്‌സ് ട്രിമ്മിന് 11.95 ലക്ഷം മുതൽ 12.10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
പോളാർ വൈറ്റ്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ, കോസ്‌മോ ബ്ലൂ, പോളാർ വൈറ്റ് വിത്ത് കോസ്‌മോ ബ്ലൂ റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് കോസ്‌മോ ബ്ലൂ റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് പോളാർ വൈറ്റ് റൂഫ്, കോസ്‌മോ ബ്ലൂ , പോളാർ വൈറ്റ് റൂഫ്, പോളാർ വൈറ്റ് റൂഫുള്ള പ്ലാറ്റിനം ഗ്രേ, പ്ലാറ്റിനം ഗ്രേ റൂഫുള്ള പോളാർ വൈറ്റ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന കളർ ഓപ്ഷനുകളാണ് സിട്രോൺ C3 എയർക്രോസ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
നിലവിൽ ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്സ്‌വേഗൻ ടൈഗൂൺ, ഷ്കോഡ കുഷാക് തുടങ്ങിയ മോഡലുകളുമായിട്ടാണ് C3 എയർക്രോസിന്റെ മത്സരം.