AUTOMOBILE

ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ ആലോചനയുണ്ടോ? ജൂണ്‍ ഒന്നുമുതല്‍ വില കൂടും

സബ്സിഡി വിലയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ

വെബ് ഡെസ്ക്

ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കൂടും. 25,000 മുതൽ 35,000 രൂപവരെ വില ഉയരും. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി കുറയ്ക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് വില വര്‍ധന.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന എഫ്എഎംഇ- 2 (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ച്ചറിങ് ഓഫ് ഇലക്ട്രിക് ആൻഡ് ഹൈബ്രിഡ് വെഹിക്കിൾസ് ഇൻ ഇന്ത്യ )സ്കീമിന് കീഴിൽ നൽകുന്ന സബ്‌സിഡിയാണ് കേന്ദ്രം വെട്ടി കുറയ്ക്കുന്നത്. സബ്സിഡി എംആർപിയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 

എഫ്എഎംഇ സ്കീമിലെ കണക്കുകൾ പ്രകാരം 10 ലക്ഷം ഇരുചക്രവാഹനങ്ങള്‍, 5 ലക്ഷം മുചക്ര വാഹനങ്ങൾ, 7,090 ഇലക്ട്രിക് ബസുകൾ എന്നിവയ്ക്കാണ് ഇതുവരെ സബ്‌സിഡി നൽകിയിരിക്കുന്നത്. ഒല എസ് 1 പ്രൊ, ഏതർ 450 എക്സ് തുടങ്ങിയവയുടെ സബ്‌സിഡി 55,000-60,000 രൂപയാണ്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ സബ്‌സിഡി തുക പകുതിയിലധികം കുറയും. അതിനനുസരിച്ച് വിലയും വർധിക്കും.

എഫ്എഎംഇ 2 സ്‌കീമിലെ സബ്സിഡിയിൽ കുറവ് സംഭവിക്കുന്നതോടെ ഉണ്ടാകുന്ന വിലക്കയറ്റം ഇലക്ട്രിക് വാഹന വിപണിയെ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍. സബ്‌സിഡി ഇല്ലാതാക്കിയാലും നിലനിൽക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഒല സിഇഒ വ്യക്തമാക്കി.

സബ്സിഡി വെട്ടി കുറയ്ക്കുന്നതിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായത്തിൽ ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിൽ നിക്ഷേപമുള്ള കമ്പനികൾക്ക് നേട്ടമുണ്ടാകാനും ഇടയുണ്ട്. വില വർധന പ്രാബല്യത്തിൽ വരുന്നതോടെ ഇലക്ട്രിക് വാഹന വിപണി പിന്നെയും ഇടിയും.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിച്ച് സുസ്ഥിര വളർച്ച കൈവരിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു സബ്സിഡിയടക്കം കേന്ദ്രം നല്‍കിയിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ