AUTOMOBILE

വർഷത്തിൽ അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ; ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ ടെസ്‌ല

പ്രതിവർഷം അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്

വെബ് ഡെസ്ക്

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ ഒരുങ്ങി ടെസ്‌ല. ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് ടെസ്‌ല കേന്ദ്ര സർക്കാരുമായി ചർച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവർഷം അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. 20 ലക്ഷം രൂപ മുതലായിരിക്കും ഇലക്ട്രിക് കാറുകളുടെ വില ആരംഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോ‍ർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ ടെസ്‌ല സിഇഒ എലോൺ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യയിൽ ഉടൻ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്ക് പറഞ്ഞത്. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റി അയയ്ക്കാൻ മസ്ക് പദ്ധതിയിടുന്നതിനാൽ ഇന്ത്യയെ കയറ്റുമതിക്കുള്ള കേന്ദ്രമായി കൂടി ഉപയോഗിക്കാനും ടെസ്‌ല പദ്ധതിയിടുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ടെസ്‌ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിൽ ഒരു പ്രാദേശിക ഫാക്ടറി നിർമിക്കാൻ കഴിഞ്ഞ മെയിൽ ടെസ്‌ല താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ടെസ്‌ല ചൈനയിൽ നിർമിച്ച കാറുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനെ നേരത്തെ കേന്ദ്രം വിമർശിച്ചിരുന്നു.

ശരിയായ സമയം വന്നുചേരട്ടെ എന്ന് കരുതിയാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്നും അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്ക് പറഞ്ഞിരുന്നു. ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്നായിരുന്നു അന്ന് മസ്‌ക്കിന്റെ പ്രതികരണം. അധികം വൈകാതെ തന്നെ ഇന്ത്യയിലെ പദ്ധതി പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.

ടെസ്‍ലയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി മസ്‌ക് ചര്‍ച്ച നടത്തി വരികയാണ്. 2017ല്‍ ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കാന്‍ ടെസ്‍ല പദ്ധതിയിടുന്നതായും മസ്‌ക് അറിയിച്ചിരുന്നു. എന്നാല്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ പ്രാദേശിക സര്‍ക്കാരുമായി നടക്കുന്നതിനാലാണ് ആ പദ്ധതി വൈകിയത്. തുടര്‍ന്ന് ഇന്ത്യയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മസ്‌ക് 2021ല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ നികുതി ഇളവുകള്‍ പരിഗണിക്കുന്നതിന് മുന്‍പ് ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കണമെന്ന നിലപാടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ