AUTOMOBILE

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക ചുങ്കം? തീരുമാനം ഇന്ന്; കളമൊരുങ്ങുന്നത് ചൈന-യൂറോപ് വ്യാപാര യുദ്ധത്തിനോ?

ചൈനീസ് നിര്‍മാതാക്കള്‍ ഇതിനകം തന്നെ പുതിയ ഇറക്കുമതി തീരുവകള്‍ക്കായി തയ്യാറെടുക്കുകയാണ്.

വെബ് ഡെസ്ക്

ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ഇലക്ട്രിക് കാറുകള്‍ക്ക് പ്രത്യേക ഇറക്കുമതി ചുങ്കം ചുമത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഈ ആഴ്ച മുതല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കു പുതിയ ചുങ്കം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. തീരുമാനം നിലവില്‍ വന്നാല്‍ യൂറോപ്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ വിലയേറിയതായി ചൈനീസ് വാഹനങ്ങള്‍ മാറും. ഇത് യൂറോപ്പില്‍ ഇലക്ട്രിക് വാഹനവിപണി പിടിച്ചടക്കാനുള്ള ചൈനീസ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകും.

എന്നാല്‍ ഇലക്ട്രിക് കാറുകളുടെ പേരില്‍ തുടങ്ങിയ മത്സരം ഇപ്പോള്‍ ചൈന-യൂറോപ് വ്യാപാരയുദ്ധത്തിലേക്കു നീങ്ങുമോയെന്ന ആകാംക്ഷയിലാണ് ലോകം. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യയില്‍ യൂറോപ്യന്‍ ഉത്പന്നങ്ങളുടെ വില ഇരട്ടിയിലേറെയായി കുതിച്ചുയരുമെന്നും ഇത് ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ലോക വാഹനവിപണിയില്‍ ഏറ്റവും വിലകുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നത് ചൈനീസ് കാര്‍ നിര്‍മാതാക്കളാണ്. അവര്‍ തങ്ങളുടെ വാഹനങ്ങള്‍ കൂടുതലായും കയറ്റുമതി ചെയ്യുന്നത് യൂറോപ്പിലേക്കാണ്. യൂറോപ്യന്‍ നിര്‍മിത വാഹനങ്ങളുടെ പകുതി വിലയ്ക്ക് മികച്ച ചൈനീസ് നിര്‍മിത കാറുകള്‍ ലഭിക്കുമെന്ന സാഹചര്യത്തില്‍ വളരെ വേഗം യൂറോപ്യന്‍ കാര്‍വിപണിയില്‍ ശ്രദ്ധയമായ നേട്ടമുണ്ടാക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യൂറോപ്പിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടിയും വന്നു. എം ജി, വോള്‍വോ തുടങ്ങിയ പ്രമുഖ കമ്പനികള്‍ വലിയ നഷ്ടമാണ് നേരിട്ടത്. ഇതോടെയാണ് ചൈനീസ് ഇലക്ട്രിക് കാര്‍ ഇറക്കുമതിക്ക് മൂക്കുകയറിടാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്.

കുറഞ്ഞ വിലയിലൂടെ മാര്‍ക്കറ്റ് പിടിച്ചെടുക്കുന്ന ചൈനയുടെ ഉത്പന്നങ്ങള്‍ ലോക വിപണിക്ക് ഉള്‍ക്കൊള്ളാനാകാത്തതാണെന്നു കഴിഞ്ഞ മാസം പാരീസില്‍ നടനണ്‌നണ യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ഡെര്‍ ലെയ്ന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് മുന്നറിയിപ്പ് നല്‍കിയത് അതിന്റെ ഭാഗമായായിരുന്നു.

ചൈന വിലകുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സബ്‌സിഡി വിരുദ്ധ അന്വേഷണം ആരംഭിച്ചിരുന്നു. സോളാര്‍ പാനല്‍, ഹീറ്റ് പമ്പുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ചൈനയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ നടത്തുന്നുണ്ട്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രത്യേക ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കം പുരോഗമിക്കുന്നത്. ഇലക്ട്രിക് കാര്‍ മേഖല തങ്ങളുടെ കയറ്റുമതിയിലെ വിജയത്തിന് ഊര്‍ജം പകരുന്നതിനാല്‍ ചുങ്കം ഏര്‍പ്പെടുത്തുന്നത് ശക്തി പരീക്ഷണമാണെന്നും യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തിന് അതേ നാണയത്തില്‍ ചൈനയും തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. യൂറോപ്പില്‍ നിന്ന് ചൈനയിലേക്ക് എത്തുന്ന ഉത്പന്നങ്ങള്‍ക്ക് ഇരട്ടി ചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് അവരുടെ നിലപാട്. പാലുത്പന്നങ്ങള്‍ മുതല്‍ മുന്തിയ മദ്യമായ കോണ്യാക് വരെ യൂറോപ്പില്‍ നിന്ന് ചൈനയിലേക്കും ചൈനീസ് തുറമുഖങ്ങള്‍ വഴി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും എത്തുന്നുണ്ട്.

ഇതിന് ഇരട്ടിച്ചുങ്കം ഏര്‍പ്പെടുത്താനുള്ള ചൈനീസ് സര്‍ക്കാരിന്റെ തീരുമാനമാണ് ഇപ്പോള്‍ ഏഷ്യന്‍ വിപണിയില്‍ ആശങ്കയുണര്‍ത്തിയിരിക്കുന്നത്. ചൈനയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്നു ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാല്‍ ചുങ്കം ഏര്‍പ്പെടുത്തുന്നതിന്റെ മുന്‍കൂര്‍ അറിയിപ്പ് ചൈനയ്ക്ക് ലഭിക്കുകയും കേസില്‍ ചൈനയുടെ ഭാഗം വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ നാലാഴ്ച സമയം ലഭിക്കുകയും ചെയ്യും.

യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക ചുങ്കം ഏര്‍പ്പെടുത്തിയാലും അത് നിലവില്‍ വരാന്‍ കാലതാമസമെടുക്കും. കാരണം യൂണിയന്റെ തീരുമാനം അംഗരാജ്യങ്ങള്‍ അംഗീകരിക്കണം. ഏകദേശം 15 ശതമാനം മുതല്‍ 30 ശതമാനം വരെ ചുങ്കം ഏര്‍പ്പെടുത്താനാണ് സാധ്യതയെന്ന് ചൈനയെക്കുറിച്ചുള്ള ഗവേഷണത്തില്‍ വിദഗ്ദരായ റോഡിയം ഗ്രൂപ്പ് കണ്‍സള്‍ട്ടന്‍സി പറയുന്നത്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ