രാജ്യത്ത് അവതരിപ്പിച്ച ഇലക്ട്രിക് വാഹനങ്ങളെയും, ഇലക്ട്രിക് വാഹനനിര്‍മാതാക്കളെയും വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ വാഹനപ്രേമികള്‍ സ്വീകരിച്ചത്. വ്യത്യസ്തമായ ഡിസൈനും, വിസ്മയിപ്പിക്കുന്ന ഫീച്ചറുകളും കൊണ്ട് ഏവരെയും ആകര്‍ഷിച്ച ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ഭാവി പക്ഷേ ഇപ്പോള്‍ അല്‍പ്പം പരുങ്ങലിലാണ്.
അടിക്കടി ഉണ്ടാകുന്ന തീപിടുത്തങ്ങളും സാങ്കേതിക തകരാറുകളും ഉടമകള്‍ക്ക് തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുന്നുണ്ട് . തീപിടുത്തങ്ങളുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് കാട്ടി നിര്‍മാതാക്കള്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുക കൂടി ചെയ്തതോടെ വാഹനം വാങ്ങിയവരും, വാങ്ങാനിരുന്നവരും ആശയക്കുഴപ്പത്തിലായി.
തുടരെയുണ്ടായ തീപിടുത്തങ്ങള്‍ ഉപഭോക്താക്കള്‍ ആശങ്കയിലായതോടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വാഹനനിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയക്കുകയും, Centre for Fire Explosive and Environment Safety (CFEES) അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബാറ്ററിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം(ബിഎംഎസ്) ഇലക്ട്രിക് വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചാര്‍ജിങ്- ഡിസ്ചാര്‍ജിങ് നിരക്ക്, ചാര്‍ജിങ് സൈക്കിള്‍, ബാറ്ററിയുടെ കാര്യക്ഷമത എന്നിവ ഈ സിസ്റ്റത്തിലൂടെ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട് . ഈ സംവിധാനത്തിന്റെ ഭാഗമായി ബാറ്ററിയുടെ താപനില അളക്കുന്ന തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം ഉണ്ടായിട്ടും വാഹനങ്ങളെ തീ വിഴുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചു വന്നു.
ഇന്ത്യയിലെ കാലാവസ്ഥ തന്നെയാണ് പ്രധാന വില്ലന്‍. ഇത്രയും ചൂടുള്ള കാലാവസ്ഥയില്‍ ബാറ്ററി പാക്കിന്റെ താപനില 90-100 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും തീപിടുത്ത സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കരുതലോടെ ഉപയോഗിച്ചാല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പോക്കറ്റ് കാലിയാക്കാതെ തന്നെ സുഖകരമായ യാത്ര സമ്മാനിക്കും.
വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന യൂസര്‍ മാനുവല്‍ അവഗണിക്കരുത്. അത് കൃത്യമായി വായിക്കാന്‍ ശ്രദ്ധിക്കുക. ബാറ്ററിയും ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അതിലുണ്ട്. അവ വായിച്ചു മനസിലാക്കിയ ശേഷം മാത്രം ഇലക്ട്രിക് വാഹനങ്ങള്‍ കൈകാര്യം ചെയ്യുക.
ചാര്‍ജ് മുഴുവന്‍ തീര്‍ക്കുന്നതും, അമിതമായി ചാര്‍ജ് ചെയ്യുന്നതും അപകടകരമാണ്. ഒട്ടുമിക്ക കമ്പനികളും ഫുള്‍ ചാര്‍ജ് ആയി കഴിഞ്ഞാല്‍ ചാര്‍ജിങ് തനിയേ നില്‍ക്കുന്നതിനുള്ള കട്ട് ഓഫ് സംവിധാനം വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭാഗ്യ പരീക്ഷണത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ ചാര്‍ജ് നിലനിര്‍ത്തുന്നതാണ് ഉത്തമം.
കഴിവതും തുറസ്സായ സ്ഥലത്ത് തന്നെ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുക. ഇടുങ്ങിയ കാര്‍പോര്‍ച്ചുകളിലും വെയിറ്റിങ് ഷെഡുകളിലും വാഹനം ചാര്‍ജിലിടുന്നത് സുരക്ഷിതമല്ല. കെഎസ്ഇബി അടുത്തിടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ചാര്‍ജറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ പൊതു ഇടങ്ങളില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നത് സുരക്ഷ വര്‍ധിപ്പിക്കും.ശക്തമായ വെയിലത്ത് വാഹനം ഏറെ നേരം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. പുറമേ നിന്നുള്ള ചൂട് വാഹനത്തിലെത്തുന്നത് തീ പിടുത്ത സാധ്യത വര്‍ധിപ്പിക്കും.
ലിഥിയം അയോണ്‍ ബാറ്ററികളാണ് ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളില്‍ പൊതുവേ ഉപയോഗിച്ചു പോരുന്നത്. ബാറ്ററിയും മോട്ടോറും ചൂടായി നില്‍ക്കുന്ന സാഹചര്യത്തില്‍ വാഹനം ചാര്‍ജ് ചെയ്യാതിരിക്കുക. ഏറെദൂരം ഓടി വന്ന ഉടനെ ചാര്‍ജ് ചെയ്യുന്നത് തീ പിടുത്തത്തിന് കാരണമായേക്കാം. രണ്ട് മണിക്കൂര്‍ എങ്കിലും വാഹനത്തിന് വിശ്രമം നല്‍കി ബാറ്ററി തണുക്കാന്‍ അനുവദിക്കുക.
ഫാസ്റ്റ് ചാര്‍ജറുകളുടെ നിത്യേനയുള്ള ഉപയോഗം ഡ്രൈവിങ് റേഞ്ച് കുറയ്ക്കുകയും ബാറ്ററി കപ്പാസിറ്റിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും
കമ്പനി നിര്‍ദേശിച്ചിട്ടുള്ള വോള്‍ട്ട് കപ്പാസിറ്റി ഉള്ള ചാര്‍ജറുകള്‍ മാത്രം വാഹനത്തില്‍ കണക്ട് ചെയ്യാന്‍ ശ്രദ്ധിക്കുക. ഫാസ്റ്റ് ചാര്‍ജറുകള്‍ വഴി വേഗം ചാര്‍ജ് കയറുമെങ്കിലും നിത്യേനെയുള്ള ഉപയോഗം ഡ്രൈവിങ് റേഞ്ച് കുറയ്ക്കുകയും ബാറ്ററി കപ്പാസിറ്റിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
വാഹനത്തിന്റെ ചാര്‍ജിങ് സോക്കറ്റുമായി ചാര്‍ജര്‍ കൃത്യമായി ഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. ലൂസ് കോണ്‍ടാക്ട് തീപിടുത്ത സാധ്യത വര്‍ധിപ്പിക്കും.
കഴിവതും തുറസ്സായ സ്ഥലത്ത് ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുക. ഇടുങ്ങിയ കാര്‍പോര്‍ച്ചുകളിലും വെയിറ്റിങ് ഷെഡുകളിലും വാഹനം ചാര്‍ജിലിടുന്നത് സുരക്ഷിതമല്ല. കെഎസ്ഇബി അടുത്തിടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ചാര്‍ജറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ പൊതു ഇടങ്ങളില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നത് സുരക്ഷ വര്‍ധിപ്പിക്കും.
വാഹനത്തിന്റെ വയറുകള്‍ മുറിച്ച് എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍ ഘടിപ്പിക്കുന്നത് ഒഴിവാക്കുക. അശാസ്ത്രീയമായി വയറുകള്‍ കൂട്ടിയോജിപ്പിക്കുന്നതും, ഗുണനിലവാരം കുറഞ്ഞ ആക്‌സസറികളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.വലിയ വെള്ളക്കെട്ടുകളിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. അത്തരത്തിലുള്ള റൈഡിങിലൂടെ ബാറ്ററി നനയാനും തുടര്‍ന്നുള്ള ചാര്‍ജിങ്ങില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമായേക്കാം.
ചാര്‍ജര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. ഏതെങ്കിലും വിധേന ചാര്‍ജര്‍ നനഞ്ഞാല്‍ കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തി, നന്നായി ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക.
ഓടുന്നതിനിടെ തീപിടിത്തമുണ്ടായാല്‍ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുക. തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണെങ്കില്‍ വാഹനത്തില്‍ നിന്നും നിശ്ചിത അകലം പാലിച്ച് നില്‍ക്കുക. വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നത് ചില സാഹചര്യങ്ങളില്‍ തീ ആളിക്കത്താന്‍ ഇടയാക്കും.
ചാര്‍ജിങ് സമയത്ത് വാഹനം അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വാഹനത്തിന് സമീപത്ത് നിന്ന് മാറ്റിവെയ്ക്കാനും ശ്രദ്ധിക്കുക.
ബാറ്ററി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും കമ്പനി നിര്‍ദേശിച്ചിട്ടുള്ള കാലാവധി കഴിയുമ്പോള്‍ കൃത്യമായി പഴയ ബാറ്ററി മാറ്റി പുതിയവ സ്ഥാപിക്കുകയും വേണം. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ അപകടം വിളിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
''ചാര്‍ജിങ്ങിലും ബാറ്ററിയിലും കുറച്ച ശ്രദ്ധ കൊടുത്താല്‍ തീപിടുത്തങ്ങള്‍ തടയാനാകും. ചാര്‍ജ് ചെയ്തു കഴിഞ്ഞ ഉടന്‍ തന്നെ വാഹനം ഉപയോഗിക്കാതിരിക്കുക. ലിഥിയം അയോണ്‍ ബാറ്ററിയുടെ കവറിങ് മെറ്റീരിയലിന്റെ ഗുണമേന്മയും തീപിടുത്തത്തെ സ്വാധീനിക്കും'' തിരുവനന്തപുരം ഇന്‍വോക്ക് റൈഡ്‌സ് ഉടമ അരുണ്‍ പറയുന്നു.വാഹനത്തിന്റെ ബാറ്ററി വോള്‍ട്ടിന് അനുസരിച്ചുള്ള കട്ട് ഓഫ് സംവിധാനം ബാറ്ററിയിലും ചാര്‍ജറിലും നിര്‍മാതാക്കള്‍ നല്‍കിയാല്‍ അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് എക്‌സ്-ഷോറൂം വിലയുടെ 9 മുതല്‍ 21 ശതമാനം വരെ നികുതി ഈടാക്കുമ്പോള്‍ ഇലക്ട്രിക് വാഹനത്തിന് 4.2 ശതമാനം മാത്രമാണ് നികുതി.
ഇത്രയുമൊക്കെ ശ്രദ്ധ വേണോ എന്ന് ഓര്‍ത്ത് ടെന്‍ഷനാകാന്‍ വരട്ടെ. ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഒട്ടനവധി ആനുകൂല്യങ്ങളും ചാര്‍ജിങ് സ്റ്റേഷനുകളും ഒരുക്കിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് എക്‌സ്-ഷോറൂം വിലയുടെ 9 മുതല്‍ 21 ശതമാനം വരെ നികുതി ഈടാക്കുമ്പോള്‍ ഇലക്ട്രിക് വാഹനത്തിന് 4.2 ശതമാനം മാത്രമാണ് നികുതി.
വര്‍ധിച്ച സൗകര്യങ്ങളും സുരക്ഷയുമായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നമ്മുടെ നിരത്തുകളിലേക്കെത്തുകയാണ്. പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങളിലൂടെ പുതിയൊരു വാഹന സംസ്‌കാരം നമുക്ക് രൂപപ്പെടുത്താം.