ബജാജിന്റെ പള്‍സര്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ എന്‍എസ്400സെഡ് (Bajaj Pulsar NS400Z) ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. ബജാജിന്റെ സീരിസിലെ ഏറ്റവും വലിയ പള്‍സറെന്നാണ് ബജാജ് തന്നെ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിലവില്‍ പള്‍സറിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. 5000 രൂപ അഡ്വാന്‍സ് നല്‍കി 1,85,000 രൂപയ്ക്ക് പള്‍സര്‍ ഇഷ്ടക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ജൂണ്‍ മാസം ആദ്യ വാരം മുതല്‍ ഉപഭോക്താള്‍ക്ക് പള്‍സര്‍ ലഭിക്കുന്നതായിരിക്കും.
ബജാജ് ഡൊമിനര്‍ 400ല്‍ ഉപയോഗിച്ചിട്ടുള്ള 373cc ലിക്വിഡ് കൂള്‍ഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് എന്‍എസ്400സെഡിനും ഉപയോഗിക്കുന്നത്. നാല് റൈഡ് മോഡുകളാണ് പുതിയ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. റോഡ്, റെയ്ന്‍, സ്പോര്‍ട്, ഓഫ്‌റോഡ് എന്നിവയാണവ. സ്‌പോര്‍ട് മോഡിനും ഓഫ്-റോഡ് മോഡിനുമായി ട്രാക്ഷന്‍ കണ്‍ട്രോളുമുണ്ട്. മണിക്കൂറില്‍ 154 കിലോമീറ്റര്‍ വേഗതയുള്ള എന്‍എസ്400സെഡ് പള്‍സറിലെ ഏറ്റവും വേഗത കൂടിയ ബൈക്കാണ്. കോള്‍ അഥവാ എസ്എംഎസ് അലര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി ഫീച്ചര്‍ ചെയ്യുന്ന നിറമുള്ള ഡിജിറ്റൽ ഡിസ്‌പ്ലേയും എന്‍എസ്400സെഡിലുണ്ട്.
പള്‍സര്‍ എന്‍എസ്400സെഡിന് 12 ലിറ്റര്‍ ഇന്ധന ടാങ്കും 174 കിലോഗ്രാം ഭാരവുമാണുള്ളത്. സീറ്റ് ഉയരം 807 എംഎമ്മും 168 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണുള്ളത്. കൂടാതെ നാല് നിറങ്ങളിലാണ് എന്‍എസ്400സെഡ് വിപണിയിലെത്തുന്നത്. ഗ്ലോസി റേസിങ് റെഡ്, പേള്‍ മെറ്റാലിക് വൈറ്റ്, ബ്രൂക്കിലിന്‍ ബ്ലാക്ക് ആന്‍ഡ് പ്യൂടര്‍ ഗ്രേ എന്നിവയാണ് അവ. 6 സ്പീഡ് ഗിയര്‍ ബോക്‌സ്, 40 പിഎസ് പവര്‍, 35 എന്‍എം ടോര്‍ക്കും ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍വശത്ത് 320 എംഎം ഡിസ്‌ക്കും പിന്നില്‍ 230 എംഎം ഡിസ്‌കും ഡ്യുവല്‍ ചാനല്‍ എബിഎസുമാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. പള്‍സര്‍ 125, പള്‍സര്‍ എന്‍എസ്125, പള്‍സര്‍150, പള്‍സര്‍ എന്‍150, പള്‍സര്‍ എന്‍എസ്160, പള്‍സര്‍ എന്‍160, പള്‍സര്‍ എന്‍എസ്200, പള്‍സര്‍ ആര്‍എസ് 200, പള്‍സര്‍ 220എഫ്, പള്‍സര്‍ എന്‍250 എന്നിവയാണ് ബജാജ് പള്‍സര്‍ സീരീസില്‍ ഉള്‍പ്പെടുന്ന മറ്റ് ബൈക്കുകള്‍.