അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ ഓഗസ്റ്റ് ഒന്നിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. അമേരിക്കയിലാണ് വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുക. വടക്കേ അമേരിക്കൻ വിപണികളിൽ, എസ്‌യുവിയെ ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നും മറ്റ് വിപണികളിൽ ഇത് ലാൻഡ് ക്രൂയിസർ പ്രാഡോ ആയും തുടരും. ഇതാദ്യമായാണ് ലാൻഡ് ക്രൂയിസർ പ്രാഡോ വടക്കേ അമേരിക്കയിൽ വിൽപനയ്‌ക്കെത്തുന്നത്.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, കാറിന്റെ മൊത്തത്തിലുള്ള രൂപകൽപനയും ചില പ്രധാന സവിശേഷതകളും വെളിപ്പെടുത്തി കമ്പനി ടീസർ പങ്കുവച്ചിരുന്നു. പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ലെക്സസ് ജിഎക്സുമായി അതിന്റെ അടിത്തറ പങ്കിടും. എന്നാലും ന്യൂ ജെൻ പ്രാഡോ ലെക്‌സസ് മോഡലുകളിൽ നിന്ന് പല പ്രത്യേകതകളിൽ വേറിട്ട് നിൽക്കുന്നുണ്ട്.
മുൻഗാമികളെപ്പോലെ, പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയും മൂന്ന് നിരകളുള്ള എസ്‌യുവി ആയിരിക്കും. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട മെഷ്-ടൈപ്പ് ഗ്രില്ലുമായാണ് പ്രാഡോ വരുന്നത്. പുതിയ എസ്‌യുവിക്ക് മുൻവശത്ത്, ചതുരാകൃതിയിലുള്ള ഗ്രില്ലും 'എഗ് ക്രേറ്റ് ഡിസൈനും' വലിയ ടൊയോട്ട ബാഡ്ജിങും ലഭിക്കുന്നു.
മുൻ വശത്ത് താഴത്തെ അറ്റത്ത് ഒരു പരുക്കൻ സ്‌കിഡ് പ്ലേറ്റ് നൽകിയിരിക്കുന്നു. പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പങ്കുവച്ചിട്ടില്ല. എന്നാൽ വിപണിയെ ആശ്രയിച്ച്, ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളോടെ പെട്രോൾ, പെട്രോൾ-ഹൈബ്രിഡ്, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭ്യമാക്കാനും സാധ്യതയുണ്ട്. ഓൾ വീൽ ഡ്രൈവ് (AWD) ഉള്ള ഓഫ്-റോഡ് ശേഷിയുള്ള സസ്പെൻഷനിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യൻ ഉപഭോക്താക്കൾ പ്രാഡോയ്ക്കായി അൽപം കൂടി ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. ലാൻഡ് ക്രൂയിസർ പ്രാഡോയെ അടുത്ത വർഷമായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക.