തുരുമ്പു പിടിച്ച് കിടക്കുന്നതും ഉപയോഗ ശൂന്യവുമായ വാഹനങ്ങള്‍ വിറ്റൊഴിവാക്കാറുണ്ടോ. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടികളായേക്കാം. പഴയ വാഹനങ്ങള്‍ തൂക്കി വില്‍ക്കുമ്പോള്‍ പോലും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും റദ്ദാക്കണം. മോട്ടോര്‍ വാഹന നിയമവും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാതെ പഴയ വാഹനം തൂക്കി വില്‍ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചാലോ അതിന്റെയെല്ലാം ഉത്തരവാദിത്വം വാഹന ഉടമയ്ക്ക് ആയിരിക്കും. വാഹനം കൈമാറുമ്പോൾ വാഹനഉടമ കൃത്യമായി സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാകും. ഒപ്പം സർക്കാരിലേക്ക് അടക്കേണ്ട നികുതി ഒരു ബാധ്യതയായി മുന്നിലെത്താനും ഇത്തരം സാഹചര്യങ്ങൾ വഴിവക്കും.
ഉപയോഗശൂന്യമായ വാഹനങ്ങള്‍ പൊളിച്ചു കളയാന്‍ പദ്ധതിയുണ്ടെങ്കില്‍ ആ വിവരം കാണിച്ച് ബന്ധപ്പെട്ട RT0/JRTO ഓഫീസില്‍ അപേക്ഷ നൽകണം. സര്‍ക്കാരിലൊടുക്കേണ്ട ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ ഒടുക്കി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ അറിയിച്ച് ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം, ആ ഉദ്യോഗസ്ഥന്‍ പ്രസ്തുത വാഹനം ഈ തീയതിയില്‍ പൊളിച്ചു കളഞ്ഞു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ നിയമപരമായി നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും.