ഒരുകാലത്ത് ചെറുപ്പക്കാരുടെ സ്വപ്‍ന വാഹനമായിരുന്ന ഹീറോയുടെ കരിസ്മ ആർ, ZMR എന്നീ ബൈക്കുകൾ ഓർക്കുന്നുണ്ടോ? ഇപ്പോഴിതാ കെട്ടിലും മട്ടിലും പുതിയ ഭാവവുമായി ഈ ബൈക്കുകൾ വീണ്ടും വിപണിയിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2014ൽ വിപണിയിൽ നിന്നും അപ്രത്യക്ഷമായ ബൈക്കുകൾ വീണ്ടും വിപണിയിലേക്ക് എത്തുമ്പോൾ വാഹനപ്രേമികൾ വലിയ പ്രതീക്ഷയിലാണ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ മുതൽ ഹീറോ കരിസ്മ നിരത്തിൽ ഓടി തുടങ്ങുമെന്നാണ് റിപ്പോർട്ട്. കരിസ്മയുടെ തിരിച്ചുവരവ് ഹീറോ സ്ഥിരീകരിച്ചിട്ടുണ്ട്. കരിസ്മ XMR ആണ് ആദ്യമെത്തുക. പിന്നാലെ കരിസ്മ XMR 210 മോഡലും എത്തും.
6-സ്പീഡ് ഗിയർബോക്സുമായി ജോഡിയാക്കിയ 210 സിസി എഞ്ചിനുമായാണ് കരിസ്മയുടെ മടങ്ങിവരവ്. കൂടാതെ രണ്ട് ഹെഡ്‌ലൈറ്റുകൾ, ഒരു ബൾബ് വിങ്കർ, പുനർനിർമ്മിച്ച ബോഡി പാനലുകൾ, ഒരു ബെല്ലി പാൻ, ക്ലിപ്പ്-ഓൺ ഹാൻഡിൽ ബാറുകൾ, പുനർ രൂപകല്പന ചെയ്ത സ്പ്ലിറ്റ് സീറ്റുകൾ, വീതിയേറിയ ടയറുകൾ എന്നിവ പരിഷ്കരിച്ച കരിസ്മയുടെ സവിശേഷ ഫീച്ചറുകളാണ്. ഹീറോ കരിസ്മ 25 bhp കരുത്തും 30 Nm ടോർക്കിലുമുള്ള കരുത്താണ് പ്രദാനം ചെയ്യുന്നത്. എന്നാൽ ഇതേക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഏറ്റവും പുതിയ ഹീറോ കരിസ്മയുടെ ടെസ്റ്റ് മ്യൂൾ ഹീറോ എക്‌സ്ട്രീം 200എസിന് സമാനമാണ്
6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 210 സിസി എഞ്ചിനുമാണ് കരിസ്മയുടെ കരുത്ത്
ഇന്ത്യൻ വിപണിയിലുള്ള KTM RC 200, സുസുക്കി ജിക്‌സര്‍ SF 250 തുടങ്ങിയ ബൈക്കുകൾക്ക് എതിരാളിയായി എത്തുന്ന കരിസ്മക്ക് 1,30,000- 1,60,000 രൂപ വരെ വില പ്രതീക്ഷിക്കാം. കരിസ്മയുടെ ആദ്യ എഡിഷൻ ഹീറോ ഹോണ്ടയാണ് പുറത്തിറക്കിയത്. എന്നാൽ ഇന്ന് ഹോണ്ട, ഹീറോയ്ക്കൊപ്പമില്ലയെങ്കിലും വാഹനപ്രേമികളെ കരിസ്മ നിരാശരാക്കില്ലെന്നാണ് പരിഷ്കരിച്ച ബൈക്കുകളുടെ ഫീച്ചറുകൾ സൂചിപ്പിക്കുന്നത്.