ചരിത്രങ്ങൾ ഒന്നൊന്നായി തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഹോണ്ട ആക്ടിവയുടെ യാത്ര തുടരുന്നു. മൂന്ന് കോടി വില്പനയെന്ന പുതിയ നാഴികക്കല്ലാണ് ഹോണ്ട ആക്ടിവ പുതിയതായി കൈവരിച്ചിരിക്കുന്നത്. ഇരുപത്തിരണ്ട് വർഷം കൊണ്ടാണ് ഹോണ്ട ആക്ടിവ ഈ അപൂർവ നേട്ടം കൈവരിച്ചത്.
2001ലാണ് ഹോണ്ട ആക്ടിവയെന്ന, ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മോഡൽ പുറത്തിറക്കുന്നത്. കേവലം അഞ്ച് വർഷം കൊണ്ടുതന്നെ പത്ത് ലക്ഷം വില്പനയെന്ന നേട്ടം ആക്ടിവ സ്വന്തമാക്കി. വിപണിയിൽ ആവശ്യക്കാർ കൂടിയതോടെ പുതിയ രൂപത്തിലും ഭാവത്തിലുമൊക്കെ ആക്ടിവ അവതരിക്കാൻ തുടങ്ങി. 2008-2009 ലാണ് 110 സിസി എഞ്ചിനും കോംബി- ബ്രേക്ക് സംവിധാനവുമൊക്കെയായി ആക്ടിവയുടെ ആദ്യ റീമേക്ക് വേർഷൻ കമ്പനി പുറത്തിറക്കിയത്. അഞ്ച് വർഷങ്ങൾക്കപ്പുറം ആക്ടിവ ഐ എന്ന പതിപ്പും നിരത്തുകളിലെത്തി.
2015ൽ എത്തിയ 125സിസി വേർഷനും 2017-18 ൽ ആക്ടിവ 5-ജിയും സ്കൂട്ടർ ആരാധകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. തുടർന്ന് 2017-18ൽ, എൽഇഡി ഹെഡ്‌ലാമ്പും, പൊസിഷൻ ലാമ്പും, ഡിജിറ്റൽ അനലോഗ് മീറ്ററും, സീറ്റ് ഓപ്പണർ സ്വിച്ചോടുകൂടിയ 4-ഇൻ-1 ലോക്കും ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ സഹിതം പുതിയ 5-ജി ഡീലക്‌സ് വേരിയന്റും ആക്ടിവ ഇറക്കിയിരുന്നു.
2018-19ൽ, ബിഎസ് 6 എഞ്ചിൻ, സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, എഞ്ചിൻ ഇൻഹിബിറ്ററോട് കൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയ്ക്ക് പുറമെ പുതിയ സൈലന്റ് സ്റ്റാർട്ട് സാങ്കേതികവിദ്യയും ഹോണ്ട ആക്ടിവയിൽ ഉൾപ്പെടുത്തി. ഹോണ്ട ആക്ടിവ 6G യുടെ 20-ാം വാർഷിക ലിമിറ്റഡ് എഡിഷനും 2019-ൽ പുറത്തിറക്കി.
2.5 കോടി വിൽപ്പനയെന്ന നേട്ടം 2020ൽ, 20-ാം വാർഷികത്തിനാണ് ആക്ടിവ കൈവരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആക്ടിവ 125 സിസി പ്രീമിയം എഡിഷൻ ആക്ടിവ അവതരിപ്പിച്ചത്. നിലവിൽ വിപണിയിലെത്തിയിട്ടുള്ള ഓരോ മോഡലുകൾക്കും വലിയ സ്വീകാര്യതയാണ് നിരത്തുകളിൽ ലഭിച്ചത്.