ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട, സ്പോർട് യൂട്ടിലിറ്റി വാഹനമായ ഹോണ്ട എലിവേറ്റ് എസ്‌യുവിയെ ഈ സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. രാജസ്ഥാനിലെ തപുകരയിലുള്ള ഹോണ്ടയുടെ പ്ലാന്റിൽ എലിവേറ്റിന്റെ ഉത്പാദനം ആരംഭിച്ചതായി ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു. 90 ശതമാനത്തിലധികം പ്രാദേശികവത്ക്കരണത്തോടെയാണ് ഹോണ്ട എലിവേറ്റ് വരുന്നത്.
എലിവേറ്റിനുള്ള ബുക്കിങ് ഹോണ്ട ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ ആദ്യവാരം എലിവേറ്റിന്റെ വില പ്രഖ്യാപിക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും ഹോണ്ട എലിവേറ്റിന്റെ എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷ. 2030ഓടെ അഞ്ച് എസ്‌യുവികൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി. എലിവേറ്റാണ് അവയിൽ ആദ്യത്തേത്. ഭാവിയിൽ എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് വാഹനം വിപണിയിലിറക്കാനും പദ്ധതിയുണ്ട്.
എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ് കഴിഞ്ഞ മാസം ആദ്യ ന്യൂഡൽഹിയിൽ നടന്നിരുന്നു. ഇതാദ്യമായാണ് മിഡ്സൈസ് എസ്‌യുവി ഹോണ്ട ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ആഗോള മോഡലാണെങ്കിലും, ഈ എസ്‌യുവി പുറത്തിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹോണ്ട എലിവേറ്റും നിർമിച്ചിരിക്കുന്നത്. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എലിവേറ്റ് വിപണിയിലെത്തുക. 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എസ്‌യുവി 121 പിഎസ് പരമാവധി കരുത്തും 145 എൻഎം പീക്ക് ടോർക്കും നൽകുന്നു. എലിവേറ്റ് എംടി പതിപ്പിന് 15.31 കിലോമീറ്ററും സിവിടി പതിപ്പിന് 16.92 കിലോമീറ്ററുമാണ് അവകാശപ്പെടുന്ന മൈലേജ്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് സിവിറ്റി ഗിയർബോക്സുകളുമായി വാഹനമെത്തും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആയ ഹോണ്ടയുടെ സെൻസിങ് സാങ്കേതികവിദ്യയും ഹോണ്ട എലിവേറ്റിന് ലഭിക്കുന്നു.
ഫീനിക്സ് ഓറഞ്ച് പേൾ, ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ എലിവേറ്റ് ലഭ്യമാകും. എലിവേറ്റിന് 4,312 എംഎം നീളവും 1,790 എംഎം വീതിയും 1,650 എംഎം ഉയരവുമുണ്ട്. 220എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് ഇതിനുള്ളത്. വീൽബേസിന് 2,650 എംഎം നീളമുണ്ട്.
സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ ഓപ്ഷനുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഹോണ്ട എലിവേറ്റ് ലഭ്യമാകും. ഫീച്ചറുകളുടെ കാര്യത്തിൽ, എൽഇഡി ഡിആർഎൽ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലാമ്പുകൾ, 17 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ് എന്നിവയുള്ള ഫുൾ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എസ്‌യുവിയിൽ ഉണ്ട്. കൂടാതെ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, എട്ട് സ്പീക്കറുകൾ, ലെതറെറ്റ് ബ്രൗൺ അപ്‌ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, ഓട്ടോ-ഡിമ്മിങ് ഇന്റീരിയർ ഡേ/നൈറ്റ് മിറർ എന്നിവ ടോപ്പ്-സ്പെക്ക് എലിവേറ്റ് ZX വേരിയന്റിന് ലഭിക്കുന്നുണ്ട്.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എംജി ആസ്റ്റർ എന്നിവയുമായാണ് എലിവേറ്റ് മത്സരിക്കുക.