പുതിയ ഹോണ്ട 100 സി സി ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ. 64,900 രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന ഹോണ്ട ഷൈൻ 100 ഒട്ടേറെ ആകർഷകമായ സവിശേഷതകളുമായാണ് വരുന്നത്. ദൈനംദിന ഉപയോഗങ്ങൾക്ക് അനുസൃതമായാണ് മോഡലിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എതിരാളിയായ സ്പ്ലെൻഡറിനേക്കാൾ കുറഞ്ഞ വിലയിലാണ് ഹോണ്ട വിപണിയിൽ എത്തിയിരിക്കുന്നത്. ഹോണ്ട ഷൈൻ 100ന്റെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മുതൽ ഉൽപ്പാദനം ആരംഭിക്കുന്ന മോട്ടോർ സൈക്കിളിന്റെ ഡെലിവറി 2023 മെയ് മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഹീറോ സ്പ്ലണ്ടർ ബൈക്കുകളോടാണ് ഇന്ത്യയിൽ ഷൈൻ 100 മത്സരിക്കുന്നത്. സ്പ്ലെൻഡറിന് പുറമെ ബജാജ് CT100, പ്ലാറ്റിന, ടിവിഎസ് സ്റ്റാർ സിറ്റി പോലുള്ള മോഡലുകളുമായും ഷൈൻ 100 മാറ്റുരയ്ക്കും. ഹീറോ എച്ച്എഫ് ഡീലക്‌സിന്റെ പ്രാരംഭ വില 61,232 രൂപ (എക്‌സ് ഷോറൂം, മുംബൈ), ഹീറോ സ്‌പ്ലെൻഡർ+ 72,420 രൂപ (എക്‌സ് ഷോറൂം, മുംബൈ), ബജാജ് പ്ലാറ്റിന 100 ന് 67,475 രൂപ (എക്‌സ് ഷോറൂം, മുംബൈ) എന്നിങ്ങനെയാണ്.
പുതിയ ഷൈൻ 100ന് മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും മൂന്ന് വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറന്റിയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈൻ 100 എത്തുന്നത്.
ഡയമണ്ട് ഫ്രെയിമിലാണ് ഷൈൻ 100 സി സി ബൈക്കും ഹോണ്ട നിർമിച്ചിരിക്കുന്നത്. 168 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,245 മില്ലീമീറ്റർ വീൽബേസ് നീളവുമാണ് മോട്ടോർ സൈക്കിളിനുള്ളത്. 677മില്ലീമീറ്റർ സീറ്റാണുള്ളത്.
ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, അലൂമിനിയം സിംഗിൾ-പീസ് ഗ്രാബ് റെയിൽ, ഹീറ്റ്ഷീൽഡുള്ള എക്‌സ്‌ഹോസ്റ്റ്, ഹാലൊജൻ ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകളും പുതിയ ഷൈൻ 100-ന്റെ മറ്റ് സവിശേഷതകൾ.
100സിസി ഒബിഡി2 പിജിഎം-എഫ്ഐ എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. കൂടുതൽ കരുത്തും ഇന്ധനക്ഷമതയും നൽകാൻ എഞ്ചിനൊപ്പം എൻഹാൻസ്ഡ് സ്മാർട്ട് പവർ ബൂസ്റ്റും ഉണ്ട്. എക്സ്റ്റേണൽ ഫ്യൂവൽ പമ്പാണ് മറ്റൊരു പ്രത്യേകത.
ഭാരം കുറഞ്ഞ പുതിയ ഡയമണ്ട് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിർമാണം. മുൻപിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് വാഹനത്തിനുള്ളത്. കോംബി ബ്രെക്കിങ് സംവിധാനമുള്ള വാഹനത്തിന് കറുത്ത നിറത്തിലുള്ള അലോയ് വീലുകളും നല്‍കിയിട്ടുണ്ട്.
ബ്ലാക്ക് വിത്ത് റെഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗ്രീൻ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗോൾഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത്ഗ്രേ സ്ട്രൈപ്സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിലാണ് ഷൈൻ എത്തുന്നത്. ഓൾ-ബ്ലാക്ക് അലോയ്, അലുമിനിയം ഗ്രാബ് റെയിൽ, സ്ലീക്ക് മഫ്‌ളർ, അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ബൈക്കിന്റെ ഡിസൈൻ സവിശേഷതകൾ.
ഹോണ്ട ഷൈൻ 100 മൈലേജ് ക്ലാസ്-ലീഡിങ് ആണെന്ന് അവകാശപ്പെടുന്നു. 7.6 bhp പവറിൽ 8.05 Nm torque നൽകുന്ന പുതിയ എയർ കൂൾഡ്, 99.7 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഷൈൻ 100നുള്ളത്. ഇരുചക്രവാഹന വിപണിയിൽ നിലവിൽ 100 സി സി വിഭാഗത്തിന് ഏകദേശം 28 ശതമാനം ഓഹരിയുണ്ട്.