ക്രെറ്റ, അൽകസാർ അഡ്വെഞ്ചർ എഡിഷനുകൾ പുറത്തിറക്കി ഹ്യുണ്ടായി. ക്രെറ്റയ്ക്ക് 15.17 ലക്ഷവും അൽകസാറിന് 19.04 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ അൽകസാർ ലഭ്യമാകുമ്പോൾ ക്രെറ്റ അഡ്വഞ്ചർ എഡിഷൻ പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. അൽകസാറിന്റെ ആദ്യ സ്പെഷ്യൽ എഡിഷൻ പതിപ്പാണ് അൽകസാർ അഡ്വെഞ്ചർ. ക്രെറ്റയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പായ 'നൈറ്റ്' കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
ഹ്യുണ്ടായി എക്‌സ്‌റ്റർ, വെന്യു എൻ ലൈൻ എസ്‌യുവികളിലുള്ള ഡാഷ്‌ക്യാം പുതിയ അഡ്വെഞ്ചർ എഡിഷനുകളിൽ ലഭിക്കും. കൂടാതെ കറുത്ത ‘ഹ്യുണ്ടായ്’ ലോഗോയുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലും എസ്‍യുവികളിലുണ്ട്. ഫ്രണ്ട്, റിയർ, സൈഡ് സ്കിഡ് പ്ലേറ്റുകൾ, വിങ് മിററുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഫോഗ് ലാമ്പ് ഹൗസിങ്, ടെയിൽഗേറ്റ് ഗാർണിഷ് (അൽകാസറിൽ മാത്രം), സി-പില്ലർ ട്രിം (ക്രെറ്റയിൽ മാത്രം) എന്നിവ വാഹനങ്ങളുടെ പുറംമോടിക്ക് മാറ്റു കൂട്ടുന്നു. ഫ്രണ്ട് ഫെൻഡറുകളിൽ പ്രത്യേക ‘അഡ്വെഞ്ചർ’ എഡിഷൻ ബാഡ്ജുകളുമുണ്ട്.
റേഞ്ചർ ഖാഖി കളർ ഓപ്ഷനാണ് അഡ്വഞ്ചർ എഡിഷനുകളുടെ മറ്റൊരു പ്രത്യേകത. പുതിയ എക്‌സ്‌റ്റർ എസ്‌യുവിയിലാണ് ഈ കളർ ഓപ്ഷൻ അദ്യം അവതരിപ്പിച്ചത്. ഇത് കൂടാതെ, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ എന്നീ നിറങ്ങളിലും എസ്‌യുവികൾ ലഭ്യമാണ്. ക്രെറ്റയ്ക്ക് രണ്ട് ഡ്യുവൽ-ടോൺ നിറങ്ങളും (അറ്റ്ലസ് വൈറ്റ്, കറുത്ത റൂഫോടെയുള്ള റേഞ്ചർ കാക്കി), അൽകസാറിന് മൂന്നുമാണുള്ളത് (അറ്റ്ലസ് വൈറ്റ്, റേഞ്ചർ കാക്കി, ടൈറ്റൻ ഗ്രേ).
എ സി വെന്റുകളിലും സ്വിച്ചുകളിലും സേജ് ഗ്രീൻ ഉൾപ്പെടുത്തിയ ഒരു കറുത്ത ഇന്റീരിയർ തീമാണ് അഡ്വഞ്ചർ എഡിഷനുകൾക്കുള്ളത്. സേജ് ഗ്രീൻ ഇൻസെർട്ടുകളും സീറ്റുകളിൽ പൈപ്പിങ്ങും സ്റ്റിച്ചിങ്ങും കൂടാതെ പ്രത്യേക മാറ്റുകളും സിൽവർ ഫൂട്ട് പെഡലുകളും ഇന്റീരിയറിൽ ലഭിക്കുന്നു.
115 എച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ക്രെറ്റ അഡ്വഞ്ചർ എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. 160 എച്ച്പി പവറും 253 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ, 116 എച്ച്പി പവറും 250 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 7 സീറ്റ് കോൺഫിഗറേഷൻ എന്നിവയിൽ അൽകസാർ ലഭ്യമാണ്. പ്ലാറ്റിനം ട്രിമ്മുള്ള അൽകസാർ അഡ്വെഞ്ചർ എഡിഷൻ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ.
സ്‌കോഡ കുഷാക്കിന്റെ ലാവ ബ്ലൂ എഡിഷനും മാറ്റ് എഡിഷനും ഫോക്‌സ്‌വാഗൺ ടൈഗന്റെ ജിടി എഡ്ജ് ലിമിറ്റഡ് എഡിഷനുമാണ് നിരത്തിൽ ക്രെറ്റ അഡ്വഞ്ചറിന്റെ പ്രധാന എതിരാളികൾ. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രോൺ സി3 എയർക്രോസ് എന്നിവയാണ് മറ്റ് എതിരാളികൾ. അൽകസാർ അഡ്വെഞ്ചർ എഡിഷൻ ടാറ്റ സഫാരിയുടെ ഡാർക്ക്, റെഡ് ഡാർക്ക്, അഡ്വെഞ്ചർ എഡിഷനുകളുമായും എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര എക്സ്യുവി700 എന്നിവയുമായും നിരത്തിൽ ഏറ്റുമുട്ടും.