മൈക്രോ എസ് യു വി കാറ്റഗറിയിൽ ഇ വി അവതരിപ്പിച്ച് ഹ്യുണ്ടായ്. ഇൻസ്റ്റർ ഇവിയുമായാണ് സെഗ്മെന്റ് കീഴടക്കാൻ ഹ്യുണ്ടായി കളത്തിലിറങ്ങിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ സബ് കോംപാക്ട് മൈക്രോ എസ് യു വി വിഭാഗത്തിൽ വലിയ സ്വീകാര്യതയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഹ്യുണ്ടായി ഇൻസ്റ്ററിനെ ആഗോള വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന കാസ്പെർ എന്ന മോഡലിന്റെ അതേ പ്ലാറ്റഫോമിലാണ് ഇൻസ്റ്ററും വരുന്നത്.
3.5 മീറ്റർ നീളമുള്ള കാസ്പെരിന്റെ പ്ലാറ്റഫോമിനെ ചെറിയ മാറ്റങ്ങൾ വരുത്തി മെരുക്കിയെടുത്തതായി കാണാം. വലിപ്പം 230 മില്ലിമീറ്റർ വർധിപ്പിച്ചിട്ടുണ്ട്. അതിൽ 180 മില്ലിമീറ്ററും കാറിന്റെ വീൽ ബേസിൽ പ്രതിഫലിച്ചിട്ടുണ്ട്. കാസ്പറിന്റെ പ്ലാറ്റഫോം മാത്രമല്ല ഡിസൈനും ഇൻസ്റ്റർ കടംകൊണ്ടിട്ടുണ്ട്.
റെട്രോ ലുക്ക് നൽകുന്നതാണ് വണ്ടിയുടെ ഡിസൈൻ. വൃത്താകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപ് (ഡിആർഎൽ) നൽകുന്നതിലൂടെ ആ ശ്രമത്തിൽ കമ്പനി പകുതിയും വിജയിക്കുന്നുണ്ട്. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായി കണക്കാക്കേണ്ടത് ഡിസൈൻ ആകർഷകമാക്കുന്ന ബോഡി ലൈനുകളാണ്. ഇത്രയും ഷാർപ്പായ ബോഡി ലൈനുകളും കട്ടുകളും സാധാരണഗതിയിൽ ഇന്ത്യൻ കാറുകളിൽ പ്രത്യക്ഷപ്പെടുന്ന കാര്യമല്ല. ആ സാഹചര്യത്തിലാണ് ഇത്രയും ബോൾഡായ ബോഡി ലൈനുമായി ഇൻസ്റ്ററും കാസ്‌പറും പ്രത്യക്ഷപ്പെടുന്നത്.
പിക്സൽ തീമുള്ള ടേൺ ഇൻഡിക്കേറ്ററുകളും വണ്ടിയുടെ മുഖം മാറ്റുന്നു. മുൻപിലെ ചതുര രൂപത്തിലുള്ള ഭാഗത്ത് ഫ്രണ്ട് ക്യാമറയും അഡാസ് സെൻസറും ചാർജിങ് പോയിന്റും സ്ഥാനംപിടിച്ചിരിക്കുന്നു.
280 ലിറ്റർ ബൂട്ട്സ്പേസാണ് ഇൻസ്റ്ററിനുള്ളത്. അത്, പുറകിലെ സീറ്റുകൾ മടക്കിവച്ചാൽ 351 ലിറ്ററാക്കി മാറ്റാൻ സാധിക്കും. വീൽ ആർച്ചുകൾ ബോഡിയിൽനിന്നു പുറത്തേക്കു തള്ളി നിൽക്കുന്നതായി ഡിസൈൻ ചെയ്തിരിക്കുന്നത് സ്‌പോർട്ടി ലുക്ക് നൽകുന്നു. നാല് സ്പോക്കുകളുള്ള അലോയ് വീലുകളാണ് കാറിനുള്ളത്. സി പില്ലറിൽ നൽകിയിട്ടുള്ള പിൻഡോറുകളുടെ ഹാൻഡിലും സ്‌പോർട്ടി ലുക്ക് ഉറപ്പിക്കുന്നു. ടെയിൽ ലാംപും പിക്സൽ ഡിസൈനിലായത് ഇൻസ്റ്ററിന്റെ ടെയിൽ ഗേറ്റ് മനോഹരമാക്കുന്നു.
ഹ്യുണ്ടായിയുടെ തന്നെ മറ്റു മോഡലുകളിൽനിന്ന് വ്യത്യസ്തമായ ഉൾവശമാണ് ഇൻസ്റ്ററിന്. എസി വെന്റുകളിലുകൾപ്പെടെ നേരത്തെ പറഞ്ഞ റെട്രോ ലൂക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. 10.25 ഇഞ്ചിന്റെ ഇന്ഫോർടെയിന്മെന്റ് സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ എസിയും വയർലസ് ചാർജറും നൽകിയിരിക്കുന്നു. മൂന്നു സ്‌പോക്കുകളുള്ളതാണ് സ്റ്റിയറിങ്. 360 ഡിഗ്രി ക്യാമറയും അമ്പിയന്റ് ലൈറ്റും ബ്ലൈൻഡ് സ്പോട്ട് മോണിറ്ററും സൺറൂഫും അഡാസ് സംവിധാനങ്ങളുമുണ്ട്.
42 കിലോവാട്ടിന്റെയും 49 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനാണ് കമ്പനി നൽകുന്നത്. 95 ബിഎച്ച്പി, 113 ബിഎച്ച്പി എന്നിങ്ങനെ രണ്ട് പവർ ലെവലിലുള്ള ഇലക്ട്രിക്ക് മോട്ടോറുകളുമായാണ് ഇൻസ്റ്റർ എത്തുന്നത്. 147 എൻഎം ആണ് രണ്ട് മോട്ടോറിനും ലഭിക്കുന്ന ടോർക്ക്. ആദ്യത്തെ വേരിയന്റിന് 300 കിലോമീറ്ററാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്. ആ വണ്ടി പൂജ്യത്തിൽനിന്ന് നൂറിലേക്കു വേഗത കൈവരിക്കുന്നതിന് 11.7 സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നത്. രണ്ടാമത്തെ വേരിയന്റിന് 350 കിലോമീറ്റർ റേഞ്ചും പൂജ്യത്തിൽനിന്ന് നൂറിലേക്ക് എത്താൻ 10.6 സെക്കൻഡുമാണ് എടുക്കുന്നത്. ക്രെറ്റയുടെ ഇവി ഇറങ്ങിയശേഷമായിരിക്കും ഇൻസ്റ്റർ പുറത്തുവരുന്നത്.