ഒരു മാസക്കാലയളവിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിങ്ങുകൾ സ്വന്തമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി . 71,641 യൂണിറ്റുകളാണ് സെപ്റ്റംബർ മാസത്തിലെ ബുക്കിങ്. കയറ്റുമതി കൂടാതെ ആഭ്യന്തര വിപണിയിൽ 54,241 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഇത് കഴിഞ്ഞ വർഷം വിറ്റ 49,700 യൂണിറ്റുകളേക്കാൾ 9.13% വളർച്ചയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിൽ എസ്‌യുവികളുടെ സംഭാവന 65 ശതമാനത്തിലധികമാണെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ സിഇഒ തരുൺ ഗാർഗ് പിടിഐയോട് പറഞ്ഞു. പുതുതായി പുറത്തിറക്കിയ എക്‌സ്‌റ്ററിന് അസാധാരണമായ ഉപഭോക്തൃ പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച മൈക്രോ എസ്‌യുവി എക്‌സ്റ്ററിനായി കമ്പനി 80,000 ബുക്കിങ്ങുകൾ നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിൽ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും ഇടത്തരം എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ മുന്നിട്ട് നിൽക്കുന്നതായി ഗാർഗ് കൂട്ടിച്ചേർത്തു.
2023 സെപ്റ്റംബറിൽ കമ്പനിയുടെ കയറ്റുമതി 28.87% ഉയർന്ന് 17,400 യൂണിറ്റിലെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറിൽ 13,501 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഉയർന്ന പലിശനിരക്കും വിപണിയിലെ പണപ്പെരുപ്പവും പോലുള്ള വിവിധ വെല്ലുവിളികൾക്കിടയിലും ഈ വർഷത്തെ വാഹന വിൽപ്പന മികച്ച രീതിയിലാണ് മുൻപോട്ട് പോകുന്നതെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വാർഷിക വിൽപ്പന വളർച്ചയോടെ ഈ വർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷ.