ആഗോള വാഹനവിപണിയില്‍ പുത്തന്‍ തംരംഗം സൃഷ്ടിക്കുന്ന ഹൈബ്രിഡ് മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഹ്യുണ്ടായ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൈബ്രിഡ് വാഹനങ്ങളില്‍ ഹ്യുണ്ടായ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹ്യുണ്ടായ് ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക പദ്ധതി റിപോര്‍ട്ടിലാണ് ചുവടുമാറ്റം സംബന്ധിച്ച സുചനകളുള്ളത്.
ആഗോള തലത്തിലെ വാഹന നിര്‍മാതാക്കളില്‍ മൂന്നാമത്തെ വലിയ കമ്പനിയായ ഹ്യുണ്ടായ് കോപാംക്റ്റ്, ഇടത്തരം വലിപ്പമുള്ള കാറുകള്‍, വലിയ വാഹനങ്ങള്‍, ലക്ഷ്വറി വാഹനങ്ങള്‍ എന്നിവയും ഹൈബ്രിഡ് സാങ്കേതിക വിദ്യയില്‍ പുറത്തിറക്കും. അതേസമയം തന്നെ ഇരുപത് ലക്ഷം ഇലക്ട്രിക് വാഹനങ്ങളും 2030 ഓടെ ഹ്യുണ്ടായ് വിപണിയില്‍ എത്തിക്കും. 1996ലാണ് ഹ്യുണ്ടായി ഇന്ത്യന്‍ വാഹനവിപണിയിലേക്കു കടന്നുവരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് ഇപ്പോള്‍ ഹ്യുണ്ടായി. മാരുതിയാണ് ഒന്നാമത്. ഇന്ത്യയില്‍ നിര്‍മിച്ച കാറുകള്‍ കയറ്റുമതി ചെയ്യുന്നതിലും ഹ്യുണ്ടായ്യുടെ സ്ഥാനം മരുതിക്കു തൊട്ടുപിന്നിലാണ്. പുതിയ പ്രഖ്യാപനത്തോടെ ഹ്യുണ്ടായിയുടെ ഓഹരികളില്‍ 5.5 ശതമാനം വര്‍ധനയാണ് ബുധനാഴ്ച മാത്രം രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ഇന്ത്യയില്‍ 614,717 യൂണിറ്റുകളാണ് ഹ്യുണ്ടായ്യുടെ വില്‍പ്പന. ഇത് 2023നെ അപേക്ഷിച്ച് 8.31 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ്. 2023ല്‍ 567,546 യൂണിറ്റുകളായിരുന്നു വിറ്റത്. കയറ്റുമതിയുടെ കാര്യത്തിലും സമാനമായ വര്‍ധനവ് കാണാം. 2023ല്‍ 153,019 യൂണിറ്റാണ് കമ്പനി ഇന്ത്യയില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. അത് 2024ലേക്കെത്തുമ്പോഴേക്കും 6.62 ശതമാനം വര്‍ധിച്ച് 163,155 യൂണിറ്റായി.
അതിനിടെ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ നവീകരിച്ച അല്‍കാസര്‍ മോഡലിന്റെ വില വിലവരങ്ങള്‍ സെപ്തംബര്‍ ഒന്‍പതിന് പ്രഖ്യാപിക്കും. വാഹനത്തിന്റെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആറ്, ഏഴ് സീറ്റുകളുള്ള പ്രീമിയം സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി) അല്‍കാസര്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയാണ് ഒരുങ്ങുന്നത്. 25,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് അല്‍കാസര്‍ ബുക്ക് ചെയ്യാം.