യാത്രാസുഖവും ആഡംബരവും ആകര്‍ഷകമായ ഡിസൈനും ഒത്തിണങ്ങിയ മിഡ് സൈസ് സെഡാന്‍. അതായിരുന്നു കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ വെര്‍ണ. ഫ്‌ളൂയിഡിക് ഡിസൈനുമായെത്തി ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച സെഡാന് പക്ഷേ ഹോണ്ട സിറ്റി കനത്ത വെല്ലുവിളിയുയര്‍ത്തി. മികച്ച പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായി ഇന്ത്യന്‍ വിപണിയില്‍ കളം നിറഞ്ഞുനിന്ന വെര്‍ണയുടെ പരിഷ്‌കരിച്ച പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 10.90 ലക്ഷം രൂപ മുതലാണ് പുതിയ വെര്‍ണയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില. നാല് വേരിയന്റുകളിലായി രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.
ഡിസൈനില്‍ ഉള്‍പ്പെടെ എല്ലാ കാര്യത്തിലും കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തി എപ്പോഴും വെര്‍ണയെ 'അപ്‌ഡേറ്റഡായി' നിര്‍ത്താന്‍ ഹ്യുണ്ടായി ശ്രമിച്ചിട്ടുണ്ട്. പുതിയ ബമ്പറും ഗ്രില്ലും, ആകര്‍ഷകമായ സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, പുതിയ എല്‍ഇഡി ഡിആര്‍എല്‍, ബമ്പറിന് മുകളില്‍ വലിയ എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിങ്ങനെ ആദ്യ നോട്ടത്തില്‍ തന്നെ കണ്ണിലുടക്കുന്ന മുന്‍ ഡിസൈനാണ് പുത്തന്‍ വെര്‍ണയുടേത്.
പിന്നിലെ ബംപറിന്റെ ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഷാര്‍ക്ക് ഫിന്‍ ആന്റിന, ബൂട്ട് ലിഡിലെ എല്‍ഇഡി ലൈറ്റ് ബാര്‍, ടൂ പീസ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയൊക്കെച്ചേര്‍ന്ന് മനോഹരമാക്കുന്നുണ്ട് വെര്‍ണയുടെ പിന്‍ഭാഗം.16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും വാഹനത്തിന് നല്‍കിയിട്ടുണ്ട്.
സണ്‍റൂഫ് തുറക്കാനും എസി നിയന്ത്രിക്കാനുമുള്‍പ്പെടെയുള്ള പല നിര്‍ദേശങ്ങളും ഇനി കാറിനകത്തിരുന്നുകൊണ്ട് ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉറക്കെ പറഞ്ഞാല്‍ മതി. വാഹനം അനുസരിക്കും.
ഫീച്ചറുകളുടെ കാര്യത്തില്‍ ഹ്യുണ്ടായി പിന്നോക്കം പോകാറില്ല. ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നതാണ് പുത്തന്‍ വെര്‍ണയുടെ സവിശേഷതകള്‍. വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രിക് സണ്‍റൂഫ്, ഹീറ്റഡ്/വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്‍പ്പെടുന്ന സിംഗിള്‍ പീസ് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 അഡാസ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ മികച്ച സംവിധാനങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
64 നിറങ്ങളിലെ ആംബിയന്റ് ലൈറ്റിങ്, 8 സ്പീക്കറുകളോടു കൂടിയ ബോസ് സൗണ്ട് സിസ്റ്റം, ബ്ലൂ ലിങ്ക് കണക്ടിവിറ്റി എന്നിങ്ങനെ ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് പുത്തന്‍ വെര്‍ണ.10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ ഇംഗ്ലീഷിനു പുറമേ ഹിന്ദിയിലും വോയ്‌സ് കമാന്‍ഡ് നല്‍കാം. സണ്‍റൂഫ് തുറക്കാനും എസി നിയന്ത്രിക്കാനും പാട്ടുകള്‍ മാറ്റാനുമുള്‍പ്പെടെയുള്ള പല നിര്‍ദേശങ്ങളും ഇനി കാറിനകത്തിരുന്നുകൊണ്ട് ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉറക്കെ പറഞ്ഞാല്‍ മതി. വാഹനം അനുസരിക്കും.
1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നിര്‍ത്തലാക്കിയെങ്കിലും മുന്‍ മോഡലില്‍ ഉണ്ടായിരുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. 113 ബിഎച്ച്പി കരുത്തും 144എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മികച്ച എന്‍ജിനാണിത്.
എസ്‌യുവികളില്‍നിന്ന് വ്യത്യസ്തമായി സെഡാനില്‍ ഈ എന്‍ജിന്‍ ഘടിപ്പിക്കുമ്പോള്‍ മികച്ച ആക്‌സിലറേഷനാകും വെര്‍ണ വാഗ്ദാനം ചെയ്യുക
1.5ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുത്തന്‍ വെര്‍ണയുടെ പ്രധാന സവിശേഷത. അടുത്തിടെ പുറത്തിറങ്ങിയ ക്രെറ്റയുടെയും കിയ സെല്‍റ്റോസിന്റെയും ഫെയ്സ് ലിഫ്റ്റ് പതിപ്പുകളില്‍ ഇതേ 1.5ലിറ്റര്‍ ടര്‍ബോ ടി-ജിഡിഐ എന്‍ജിന്‍ ഉപയോഗിച്ചിരുന്നു. 158 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എന്‍ജിനാണിത്.
എസ്‌യുവികളില്‍നിന്ന് വ്യത്യസ്തമായി സെഡാനില്‍ ഈ എന്‍ജിന്‍ ഘടിപ്പിക്കുമ്പോള്‍ മികച്ച ആക്‌സിലറേഷനാകും വെര്‍ണ വാഗ്ദാനം ചെയ്യുക. 7 സ്പീഡ് ഡിസിറ്റി ഗിയര്‍ബോക്‌സിന്റെ പിന്തുണ കൂടിയാകുന്നതോടെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ വെര്‍ണ കുതിച്ചുപായും.
പെട്രോള്‍ മാനുവല്‍ മോഡലിന് 18.6,ഐവിടി ഓട്ടോമാറ്റിക് മോഡലിന് 19.60 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും
ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഐവിടി ഓട്ടോമാറ്റിക്ക്, 7 സ്പീഡ് ഡിസിറ്റി യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു. ടര്‍ബോ എന്‍ജിനുള്ള മാനുവല്‍ ഗിയര്‍ബോക്‌സുള്ള മോഡലിന് ലിറ്ററിന് 20 കിലോമീറ്ററും ഡിസിടി മോഡലിന് 20.60 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. പെട്രോള്‍ മാനുവല്‍ മോഡലിന് 18.6,ഐവിടി ഓട്ടോമാറ്റിക് മോഡലിന് 19.60 കിലോമീറ്റര്‍ ഇന്ധലക്ഷമതയും ലഭിക്കും.
ഇന്ത്യയില്‍ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഫോക്സ്വാഗണ്‍ വിര്‍റ്റിയൂസ്, സ്‌കോഡ സ്ലാവിയ എന്നിവയാണ് വെര്‍ണയുടെ എതിരാളികള്‍. 10.90 ലക്ഷം മുതല്‍ 17.38 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 7 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന വാഹനം 25000 രൂപയ്ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകളില്‍ നിന്നോ ബുക്ക് ചെയ്യാം.