AUTOMOBILE

സുരക്ഷയുടെ കാര്യത്തിൽ ഇനി നോ വിട്ടുവീഴ്ച; നിരത്തുകൾ സേഫ് ആക്കാൻ ഭാരത് എൻസിഎപി എത്തി

വെബ് ഡെസ്ക്

റോഡ് സുരക്ഷയും കാർ നിലവാരം മെച്ചപ്പെടുത്തുന്നതി‌നുമായി കേന്ദ്ര സ‍ർക്കാർ ആവിഷ്കരിച്ച ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) രാജ്യത്ത് തുടക്കമായി. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഇന്ത്യയുടെ തദ്ദേശീയ കാര്‍ ക്രാഷ് ടെസ്റ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഇതോടെ, അമേരിക്ക, ചൈന, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങൾക്ക് ശേഷം സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ മാറി. ഒക്ടോബർ മുതൽ ഭാരത് NCAP രാജ്യത്തുടനീളം നടപ്പിലാക്കും.

3.5 ടൺ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പുതിയ സംരംഭം ഇന്ത്യൻ കാറുകളെ ആഗോള വിപണിയിൽ മികച്ച സ്ഥാനത്ത് എത്തിക്കുമെന്നും രാജ്യത്തിന്റെ കയറ്റുമതി സാധ്യതകൾ മെച്ചപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.

നിലവില്‍ രാജ്യത്ത് നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമായ 3.5 ടണ്‍ വരെ ഭാരമുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങളും പുതിയ ഭാരത് NCAP മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഐസിഇ വാഹനങ്ങൾ മാത്രമല്ല, സിഎൻജി, ഇലക്ട്രിക് വാഹനങ്ങളും ഭാരത് എൻസിഎപി പരീക്ഷിക്കും.

പുതിയ ഭാരത് എൻസിഎപി പ്രോഗ്രാമിന് കീഴിൽ, ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) 197 പ്രകാരം കാർ നിർമാതാക്കൾക്ക് അവരുടെ കാറുകൾ സ്വമേധയാ പരിശോധനയ്ക്ക് സമർപ്പിക്കാൻ കഴിയും. കൂടാതെ, ഇന്ത്യയില്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്ത കാറുകള്‍ ഷോറൂമുകളില്‍ നിന്ന് റാന്‍ഡം ക്രാഷ് ടെസ്റ്റിനായി തിരഞ്ഞെടുക്കാനും ഭാരത് എൻസിഎപിക്ക് അധികാരമുണ്ട്. ഇത്തരത്തിൽ പരിശോധനയ്ക്ക് എത്തിക്കുന്ന കാറുകൾ വിവിധ ക്രാഷ് ടെസ്റ്റ് രീതികളിലൂടെ പരീക്ഷിക്കുകയും മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണം (AOP), കുട്ടികളുടെ സംരക്ഷണം (COP) എന്നിവയ്ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കുകയും ചെയ്യും. സീറ്റ് ബെല്‍റ്റുകള്‍, കുട്ടികളുടെ സുരക്ഷ മാനദണ്ഡങ്ങള്‍, എയര്‍ബാഗുകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണം തുടങ്ങി എല്ലാ സുരക്ഷ മേഖലകളും പരിശോധനയില്‍ ഉള്‍പ്പെടും.

ഭാരത് എൻസിഎപി, ക്രാഷ് ടെസ്റ്റുകളിലൂടെയായിരിക്കും വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നത്. ക്രാഷ് ടെസ്റ്റുകളിലൂടെയും പോയിന്റ് അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയത്തിലൂടെയും വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിങുകൾ നൽകും. ഏറ്റവും ഉയർന്ന റേറ്റിങ് ഫൈവ് സ്റ്റാർ ആണ്. ഭാരത് എൻസിഎപി നിയമങ്ങൾ അനുസരിച്ച്, ആദ്യം കാർ നിർമാതാക്കൾ കേന്ദ്ര സർക്കാരിന്റെ നിയുക്ത ഏജൻസിക്ക് ഫോം 70-എയിൽ അപേക്ഷ സമർപ്പിക്കണം.

നിയുക്ത ഏജൻസി വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിങ് നൽകുകയും കാലാകാലങ്ങളിൽ റേറ്റിങ് പുതുക്കുകയും ചെയ്യും. വാഹനങ്ങളുടെ സ്റ്റാർ റേറ്റിങ് ഏജൻസി നിശ്ചയിക്കുന്ന പോർട്ടലിൽ അപ്ലോഡ് ചെയ്യും. മുതിര്‍ന്ന യാത്രികര്‍ക്ക് 5 സ്റ്റാര്‍ സുരക്ഷ ലഭിക്കണമെങ്കില്‍ വാഹനങ്ങള്‍ കുറഞ്ഞത് 27 പോയിന്റ് നേടണം. കുട്ടികള്‍ക്ക് 5 സ്റ്റാര്‍ സുരക്ഷ ലഭിക്കാനാണെങ്കില്‍ 41 പോയിന്റാണ് വാഹനങ്ങള്‍ നേടേണ്ടത്.

ക്രാഷ് ടെസ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ കാറുകളുടെ സ്റ്റാർ റേറ്റിങ്, കാറുകളുടെ ഘടനാപരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മാത്രമല്ല, ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി-യോഗ്യത വർധിപ്പിക്കുന്നതിനും നിർണായകമാണ്. വിപണിയിലുള്ള വാഹനം എത്രത്തോളം സുരക്ഷിതമാണെന്ന് മനസിലാക്കി കാർ വാങ്ങാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയെന്നത് കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. മാത്രമല്ല ഇത് സുരക്ഷിതമായ കാറുകൾ വികസിപ്പിക്കാൻ വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും