ഓരോ വാഹന ഉടമക്കും സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാവുന്ന തരത്തില്‍ വാഹന ഇന്‍ഷുറന്‍സ് രംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (Insurance Regulatory and Development Authority of India (IRDAI). വാഹനം സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും അനുസരിച്ചാണ് ഇനി മുതല്‍ പ്രീമിയം നിശ്ചയിക്കുക
എത്രദൂരം വാഹനം ഓടിക്കുന്നു ( pay as you drive), എങ്ങനെ വാഹനം ഓടിക്കുന്നു (pay how you drive) എന്നീ ഓപ്ഷനുകള്‍ കൂടി പോളിസിയില്‍ ഉള്‍പ്പെടുത്തി പ്രീമിയം തുക നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദം നല്‍കി.ഇതോടൊപ്പം ഒന്നിലധികം വാഹനങ്ങളുള്ളവര്‍ക്ക് ഒറ്റ പോളിസി എന്ന നയവും അതോറിറ്റി നടപ്പിലാക്കും.
എങ്ങനെ വാഹനം ഓടിക്കുന്നു (pay how you drive) എന്ന ഓപ്ഷന്‍ ഉടമയുടെ ഡ്രൈവിംഗ് സ്വഭാവത്തെ ആശ്രയിച്ചിരിക്കും. വേഗത, റോഡ് ഉപയോഗം എന്നിവയെല്ലാം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡ്രൈവിംഗ് ട്രാക്ക് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ഇവയെല്ലാം പരിശോധിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യാന്‍ കഴിയും. അപകടസാധ്യത കണക്കിലെടുത്ത് വാഹന ഉടമകള്‍ക്ക് പ്രീമിയം തെരഞ്ഞെടുക്കാം. വാഹനങ്ങളിലെ ജി.പി.എസ്. സംവിധാനത്തില്‍നിന്നുള്ള ടെലിമാറ്റിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇന്‍ഷുറന്‍സ് കമ്പനികള്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രീമിയം തുക അടയ്‌ക്കേണ്ടി വരും.
വാഹന ഉപയോഗം വളരെ കുറവുള്ളവരും കൂടുതലുള്ളവരും ഒരേ നിരക്കില്‍ പ്രീമിയം അടയ്ക്കുന്നതിലെ അശാസ്ത്രീയത ഒഴിവാക്കാനാണ് വാഹനം എത്ര ദൂരം ഓടിക്കുന്നു എന്ന ഓപ്ഷന്‍ അവതരിപ്പിച്ചത്.ഇത് പ്രകാരം ഒരു വര്‍ഷം വാഹനം എത്ര ദൂരം ഓടും എന്ന് ഉടമ വ്യക്തമാക്കണം. ഇതിനനുസരിച്ച് പ്രീമിയം നിര്‍ണയിക്കാനും നിശ്ചയിച്ച കിലോമീറ്റര്‍ പിന്നിട്ടാല്‍ ആഡ് ഓണ്‍ വഴി കൂടുതല്‍ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും. പൊതുഗാതഗതം ഉപയോഗപ്പെടുത്തുന്നവര്‍ വാഹനങ്ങള്‍ സ്ഥിരമായി അധിക ദൂരം ഓടിക്കാറില്ല. അത്തരക്കാര്‍ക്ക് ( pay as you drive) എന്ന ഓപ്ഷന്‍ സഹായകമാകും.
ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള വിവിധ വാഹനങ്ങള്‍ക്ക് ഒരുമിച്ച് ഇന്‍ഷുറന്‍സ് ലഭ്യമാകുന്ന ഫ്ലോട്ടര്‍ പോളിസികള്‍ (floater policy) നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി ലഭിച്ചു. അടുത്ത ആഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.