കോമ്പസിന്റെ പെട്രോൾ വേരിയന്റിനെ ഇന്ത്യയിൽ നിന്നും പിൻവലിക്കാനൊരുങ്ങി ജീപ്പ്. ഈ വർഷം ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന ഏറ്റവും പുതിയ ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് പെട്രോൾ എൻജിൻ പിൻവലിക്കാൻ കാരണം. 1.4 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ മോഡലിന്റെ നിർമാണമാണ് കമ്പനി അവസാനിപ്പിച്ചത്. ഡീസൽ എൻജിൻ വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിൽപനയിലുള്ളത്.
പെട്രോൾ വേരിയന്റുകൾ നിർത്തലാക്കുന്നത് പലരേയും നിരാശപ്പെടുത്തുമെങ്കിലും ഈ നീക്കം താത്കാലികമായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. 2022 ഡിസംബറിൽ കോമ്പസിന്റെ മാനുവൽ വേരിയന്റുകൾ നിർത്തലാക്കിയതോടെ കമ്പനി പെട്രോൾ എഞ്ചിൻ ഘട്ടം ഘട്ടമായി നിർത്താൻ തീരുമാനിച്ചിരുന്നു. അതിനുശേഷം പെട്രോൾ എഞ്ചിൻ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇനി മുതൽ കോമ്പസ് നിരയിൽ പെട്രോൾ എഞ്ചിനുകൾ ഉണ്ടാവുകയില്ല. കോമ്പസ് ട്രെയിൽഹോക്ക് വകഭേദങ്ങളും നിർത്തലാക്കി.
കോമ്പസിന്റെ വിൽപനയുടെ 50 ശതമാനത്തിലധികം സംഭാവന ചെയ്തത് പെട്രോൾ വേരിയന്റുകളാണ്. ഡൽഹി പോലുള്ള ചില മെട്രോ നഗരങ്ങളിൽ ഇത് മൊത്തം വിൽപനയുടെ 80 ശതമാനത്തോളം ഉയർന്നു. വിദേശത്ത് മലിനീകരണ മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ ആഗോളതലത്തിൽ 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റിന്റെ ഉത്പാദനം ജീപ്പ് ഇതിനകം നിർത്തിയിരുന്നു. തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളിൽ ഇത് ലഭ്യമായിരുന്നു. 2020-ൽ ഫെയ്‌സ്‌ലിഫ്റ്റിങ് ചെയ്ത് കോമ്പസ് എത്തിയപ്പോൾ ഈ വിപണികളിൽ മിക്കവയിലും പഴയ യൂണിറ്റിന് പകരം പുതിയതും കൂടുതൽ കാര്യക്ഷമവുമായ 1.3-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ വന്നു. എന്നാൽ ഇന്ത്യയിൽ എത്തിയ ഫെയ്സ്‍ലിഫ്റ്റ് മോഡലിൽ 1.4 ലീറ്റർ എൻജിൻ തന്നെയായിരുന്നു. 2026ൽ എത്തുന്ന ജീപ് കോംപസിന്റെ അടുത്ത തലമുറ മോഡലിൽ പെട്രോള്‍ എഞ്ചിൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നിർത്തലാക്കിയ 1.4 ലിറ്റർ മൾട്ടിഎയർ ടർബോ എഞ്ചിന് 160 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതിയരുന്നു. പ്രതിമാസം ശരാശരി 650 യൂണിറ്റുകൾ വിൽക്കുന്നുവെന്നാണ് കണക്കുകൾ. അതായത് പെട്രോൾ വേരിയന്റുകളുടെ വിഹിതം മാത്രം പ്രതിമാസം 350-400 യൂണിറ്റാണ്. പെട്രോൾ വേരിയന്റുകളെ ഒഴിവാക്കുന്നതോടെ, ഈ പ്രതിമാസ വിൽപ്പന കണക്കുകൾ ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്.
കൂടാതെ, പെട്രോൾ വേരിയന്റുകൾക്ക് പുറമേ 2.0 ലിറ്റർ ഡീസൽ എഞ്ചിനും 4x4 ഡ്രൈവ്‌ട്രെയിനുമായി വന്ന കോമ്പസിന്റെ ട്രെയിൽഹോക്ക് എഡിഷനും ജീപ്പ് നിർത്തലാക്കി. ഉയർന്ന വില കാരണം, ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന് പരിമിതമായ വിൽപന മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്പനി വെബ് സൈറ്റിൽ നിന്ന് വാഹനം നീക്കം ചെയ്തിട്ടുണ്ട്.