ആഡംബര ബൈക്കുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ മുൻനിരയിലുള്ള നിർമാതാക്കളാണ് കവാസാക്കി. നിഞ്ച എച്ച്2ആർ, എലിമിനേറ്റർ, വുള്‍കാൻ എസ് തുടങ്ങിയ മോഡലുകള്‍ ആഗോളതലത്തില്‍ തന്നെ ജനപ്രീതി നേടിയവയാണ്. സവിശേഷതകളുടേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ഏറെ മുന്നിലുള്ള കവാസാക്കി ബൈക്കുകള്‍ വിലയുടെ കാര്യത്തിലും പിന്നോട്ടല്ല.
എന്നാല്‍, ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ആഡംബര ബൈക്കുകളേക്കാള്‍ സ്വീകാര്യത ബജറ്റ് സൗഹൃദ മോഡലുകള്‍ക്കാണ്. ഈ സെഗ്മെന്റിലേക്കും കടക്കുകയാണ് കവാസാക്കിയിപ്പോള്‍. ഡബ്ല്യു175 എന്ന മോഡലുമായാണ് കവാസാക്കി എത്തുന്നത്. 1.22 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.
രണ്ട് വേരിയന്റിലാണ് കവാസാക്കി ഡബ്ല്യു 175 വിപണിയിലേക്ക് എത്തുന്നത്. സ്മോക്ക്‌ഡ് റിമ്മിലെത്തുന്ന മോഡലിന് നാല് കളർ ഓപ്ഷനുകളുണ്ട്. ബ്ലാക്ക്, ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലു, ബ്ലാക്ക് ഗ്രെ എന്നിവയാണ് കളറുകള്‍. 1.22 - 1.31 ലക്ഷം വരെയായിരിക്കും എക്‌സ് ഷോറൂം വില.
ഡബ്ല്യു 175 സ്ട്രീറ്റാണ് രണ്ടാമത്തെ വേരിയന്റ്. അലോയ് വീലിലെത്തുന്ന മോഡല്‍ ഗ്രീൻ, ഗ്രെ എന്നീ കളറുകളിലായിരിക്കും വിപണിയില്‍ അവതരിപ്പിക്കപ്പെടുക. 1.75 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
177 സിസി സിംഗിള്‍ സിലിൻഡർ എഞ്ജിനാണ് ഡബ്ല്യു177ല്‍ വരുന്നത്. 12.8 എച്ച്പി പവറില്‍ 13.2 എൻഎം ടോർക്കുവരെ ഉത്പാദിപ്പിക്കാൻ സാധിക്കും. 45 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മുൻചക്രത്തില്‍ 275 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കും കമ്പനി നല്‍കിയിരിക്കുന്നു. സിംഗിൾ ചാനല്‍ എബിഎസിന്റെ പിന്തുണയുമുണ്ട്. ക്ലാസിക്ക് ലുക്ക് നിലനിർത്തുന്ന തരത്തിലാണ് ബൈക്കിന്റെ ഡിസൈൻ. സെമി ഡിജിറ്റലാണ് സ്പീഡോമീറ്റർ.