സ്വകാര്യ കമ്പനിക്ക് നല്‍കിയ കരാറില്‍ നിന്ന് പിന്‍മാറി സ്വന്തമായി ലൈസന്‍സുകള്‍ അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ജൂലൈ അവസാനത്തോടെ സംവിധാനം നിലവില്‍ വന്നേക്കും. കരാര്‍ നടപടികള്‍ നിയമക്കുരുക്കില്‍ പെട്ടതോടെയാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കി നേരിട്ട് ലൈസന്‍സ് അച്ചടിച്ച് വിതരണം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
പഴയ ലൈസന്‍സ് ഉള്ളവര്‍ക്ക് പുതിയ കാര്‍ഡിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്
നിലവില്‍ ലാമിനേറ്റ് ചെയ്ത പ്‌ളാസ്റ്റിക്ക് കാര്‍ഡുകളാണ് ലഭിക്കുന്നത്. ഇതിനുപകരം എടിഎം കാര്‍ഡിന്റെ രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളാകും ഇനി മുതല്‍ വിതരണം ചെയ്യുക. ഇതിനായി എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ ഒരുക്കും. എലഗന്റ് കാര്‍ഡ് എന്നപേരില്‍ പുറത്തിറങ്ങുന്ന പുത്തന്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ 'സാരഥി' എന്ന സോഫ്ട്‌വെയര്‍ വഴി പ്രിന്റ് ചെയ്യാനാകും. പഴയ ലൈസന്‍സ് ഉള്ളവര്‍ക്ക് പുതിയ കാര്‍ഡിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യം സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ പിന്നീട് പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റിയെ ചുമതലപ്പെടുത്തി. കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയെന്ന് കാണിച്ച് സ്വകാര്യ കമ്പനി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. അതോടെ മറ്റാര്‍ക്കും ചുമതല കൈമാറാനാകാതെ വരികയും, മോട്ടോര്‍ വാഹനവകുപ്പ് സ്വന്തമായി ലൈസന്‍സുകള്‍ അച്ചടിക്കാനുള്ള തീരുമാനത്തിലെത്തുകയുമായിരുന്നു.