കിയ കാർണിവൽ ഇനി ഇന്ത്യയിൽ വിൽപനയ്‌ക്കില്ല. കൊറിയന്‍ കാര്‍ നിർമാതാക്കളായ കിയ പ്രീമിയം എംപിവി മോഡലായ കാര്‍ണിവല്ലിന്റെ വില്‍പന ഇന്ത്യയിൽ അവസാനിപ്പിച്ചു. വില്‍പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റില്‍ നിന്ന് വാഹനത്തിന്റെ വിവരങ്ങൾ ഒഴിവാക്കി. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. പുതിയ തലമുറ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മുഖം മിനുക്കിയെത്തുന്ന കാർണിവൽ അടുത്ത വർഷം വിപണിയിലിറക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ കിയ നാലാം തലമുറ കാർണിവൽ പ്രദർശിപ്പിച്ചിരുന്നു.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് വെല്ലുവിളിയെന്ന നിലയിൽ 2020-ലാണ് കാർണിവൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ കോവിഡ് വ്യാപനവും തുടര്‍ന്നുള്ള പ്രതിസന്ധിയും വാഹനത്തിന്റെ വില്‍പനയെ ബാധിച്ചു. ഈ ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളാണ് കാർണിവലിന്റെ ശവപ്പെട്ടിയിലെ അവസാന ആണി. ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളുടെ തുടക്കത്തിൽ മിക്ക ഡീലർമാരും പുതിയ ഓർഡറുകൾ എടുക്കുന്നത് നിർത്തിയിരുന്നു. എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കിയ സെൽറ്റോസ്, സോനെറ്റ് , കാരെൻസ് എഞ്ചിനുകൾ അപ്‌ഡേറ്റ് ചെയ്‌തെങ്കിലും കാർണിവലിന്റെ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ അപ്‌ഡേറ്റ് ചെയ്തിരുന്നില്ല.
വരാനിരിക്കുന്ന നാലാം തലമുറ കാർണിവൽ താരതമ്യേന വലുപ്പമേറിയതും മികച്ച ആഡംബര സൗകര്യങ്ങളോടും കൂടിയതായിരിക്കും. പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും വാഹനത്തിലുണ്ട്. അന്താരാഷ്ട്രതലത്തിൽ, ന്യൂ ജൻ മോഡൽ ഇതിനകം പുറത്തിറങ്ങി. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.1 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്‌ക്രീൻ, ഇരട്ട സൺറൂഫുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ അത് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നു.
പവർഡ് ടെയിൽഗേറ്റ്, വൺ-ടച്ച് പവർ സ്ലൈഡിങ് ഡോറുകൾ, വെന്റിലേറ്റഡ്, 10-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും എംപിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് വരെ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), കോർണറിങ് ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്), ഹിൽ അസിസ്റ്റ് എന്നീ സുരക്ഷാ സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു.