ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎം തങ്ങളുടെ 390 ഡ്യൂക്കിന്റെ മൂന്നാം തലമുറയെ ഇന്ത്യയിൽ അവതരിപ്പിച്ചു. പഴയ മോഡലിൽ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് 390 ഡ്യൂക്കിന്റെ 2024 പതിപ്പ് എത്തുന്നത്. 3,10,520 രൂപയാണ് എക്സ്‍ഷോറൂം വില.
പുതിയ 390 ഡ്യൂക്ക് അടുത്തിടെ രാജ്യാന്തര വേദിയിൽ അവതരിപ്പിച്ചിരുന്നു. നവീകരിച്ച എഞ്ചിനും സസ്‌പെൻഷൻ കോൺഫിഗറേഷനും ഉൾപ്പെടെ ഏറ്റവും നവീനമായ സാങ്കേതിക വിദ്യകളുമായിട്ടാണ് പുതിയ കെടിഎം 390 ഡ്യൂക്ക് വരുന്നത്. പുതിയ പവർ ട്രെയിൻ സംവിധാനത്തോടെയാണ് കമ്പനി ഈ പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബൈക്കിന്റെ സ്റ്റൈലിങും ഫീച്ചറുകളും പരിഷ്കരിച്ചിട്ടുണ്ട്. പുതിയ സബ് ഫ്രെയിമിനൊപ്പം ഒരു പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ബൈക്കിന് ലഭിക്കും.
ഡിസൈനിന്റെ കാര്യത്തിൽ, മോട്ടോർസൈക്കിൾ കാര്യമായ പരിഷ്കാരങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. മുൻപത്തെ മിനുസമാർന്ന രൂപത്തിന് വിപരീതമായി, 2024 390 ഡ്യൂക്ക് ഇപ്പോൾ കൂടുതൽ മസ്കുലർ ആയി. ടാങ്ക് എക്സ്റ്റൻഷനുകൾ, വലിയ ഡേടൈം റണ്ണിങ് ലാമ്പോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ്, പുതിയ സ്പ്ലിറ്റ് സീറ്റ് കോൺഫിഗറേഷൻ ഉൾപ്പെടുന്ന നവീകരിച്ച പിൻഭാഗം എന്നിവയാണ് ശ്രദ്ധേയമായ മാറ്റങ്ങൾ. ബൂമറാങിന്റെ രൂപത്തിലുള്ളതാണ് മോട്ടോർസൈക്കിളിന്റെ ഡിആര്‍എല്‍.
സ്പ്ലിറ്റ് സീറ്റ് തന്നെയാണ് പുതിയ ഡ്യൂക്ക് 390ക്കും നല്‍കിയിട്ടുള്ളത്. റൈഡര്‍മാര്‍ക്ക് ഇതിന്റെ ഉയരം 820 എംഎമ്മില്‍ നിന്ന് 800എംഎം വരെയാക്കി കുറയ്ക്കാനാവും.
അറ്റ്ലാന്റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളിൽ പുതിയ 390 ഡ്യൂക്ക് ലഭ്യമാകും. 399 സിസി സിംഗിള്‍ സിലിണ്ടര്‍ LC4C കൂള്‍ഡ് എഞ്ചിനാണ് കെടിഎം 390യിലുള്ളത്. 44BHP കരുത്തും പരമാവധി 39Nm ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന എഞ്ചിനാണിത്. 6 സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഈ ബൈക്ക് വരുന്നത്.
സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളാണ് വാഹനത്തിനുള്ളത്. 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍-ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ കെടിഎം ഡ്യൂക്ക് 390യിലുണ്ടാകും. മിഷേലിൻ ടയറുകളുമായി വരുന്ന ബൈക്കിൽ 17 ഇഞ്ച് അലോയ് വീലാണുള്ളത്.
പുതിയ കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിളിന്റെ ബുക്കിങ് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ആരംഭിച്ചിട്ടുണ്ട്. 4,499 രൂപയാണ് ബൈക്ക് ബുക്ക് ചെയ്യാനായി നൽകേണ്ടത്. ബൈക്കിന്റെ ഡെലിവറികൾ വൈകാതെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.