ഇലക്ട്രിക് എസ് യുവിയായ എക്‌സ്‌യുവി 400 നെ ഫീച്ചറുകളാല്‍ സമ്പന്നമാക്കി മഹീന്ദ്ര. വിപണിയില്‍ കത്തിക്കയറുന്നതിനിടെ എട്ട് പുതിയ ഫീച്ചറുകള്‍ സജ്ജീകരിച്ച് പുതിയ വേരിയന്റ് തന്നെ കളത്തിലിറക്കിയിരിക്കുകയാണ് കമ്പനി. ഓൾ-ഇലക്‌ട്രിക് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് "ഇഎൽ" വേരിയന്റാണ് പുതിയ പതിപ്പ്.
കാഴ്ചയില്‍ എക്‌സ്‌യുവി 300 നോട് സാദൃശ്യമുണ്ടെങ്കിലും വലിപ്പം കൊണ്ടും ഫീച്ചറുകള്‍ കൊണ്ടും ഒരുപടി മുന്നിലാണ് എക്‌സ്‌യുവി 400. ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോ-ഡിമ്മിങ് IRVM, ഫോഗ് ലാമ്പുകൾ, ബൂട്ട് ലാമ്പ്, ക്രൂയിസ് കൺട്രോൾ എന്നിവയാണ് പുതിയ എക്‌സ്‌യുവി 400ന്റെ സവിശേഷതകൾ. വാഹനത്തിന്റെ നാല് സ്പീക്കർ ഓഡിയോ സിസ്റ്റത്തിൽ ഒരു ജോടി ട്വീറ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌യുവി 400-ന്റെ ടോപ്പ്-സ്പെക്ക് ട്രിമ്മിന്റെ സിങ്കിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ വേരിയന്റുകളിൽ ഈ ഫീച്ചറുകൾ ഇപ്പോൾ ലഭ്യമാണ്. ഭാവിയിൽ കാറിന്റെ അടിസ്ഥാന വേരിയന്റിലും മഹീന്ദ്രയ്ക്ക് ഈ ഫീച്ചറുകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആറ് എയർബാഗുകൾ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ലെതറെറ്റ് സീറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്റ്റിവിറ്റി, ഇലക്ട്രിക് സൺറൂഫ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മഹീന്ദ്ര എക്‌സ്‌യുവി 400 എത്തുക. ഫുൾ ചാർജിൽ 375 കിലോമീറ്റർ ദൂരം പിന്നിടാൻ സാധിക്കുന്ന അടിസ്ഥാന 34.5kWh യൂണിറ്റാണ് ഇസി വേരിയന്റിന് ലഭിക്കുക. ടോപ്പ്-സ്പെക്ക് ഇഎൽ വേരിയന്റിന് 456 കിലോമീറ്റർ റേഞ്ച് നൽകുന്ന 39.4kWh യൂണിറ്റാണുള്ളത്. 148 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് XUV400ന് കരുത്ത് പകരുക.
അടിസ്ഥാന വേരിയന്‍റായ ഇസിക്ക് 15.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയും ഇഎൽ ട്രിമ്മിന് 19.19 ലക്ഷം മുതൽ 19.39 ലക്ഷം വരെയുമാണ് എക്സ് ഷോറൂം വില. ടാറ്റാ നെക്സോണ്‍, എംജി ഇസഡ് എസ് ഇവി എന്നിവയാണ് ഇന്ത്യന്‍ നിരത്തിലെ എക്‌സ്‌യുവി 400ന്റെ പ്രധാന എതിരാളി.