ജനപ്രിയ മോഡലുകളായ ചെറുകാറുകളുടെ വില കുറച്ച് മാരുതി സുസൂകി. എസ് പ്രസ്സോ, ആള്‍ട്ടോ എന്നീ മോഡലുകളുടെ ചില വേരിയന്റുകള്‍ക്കാണ് കമ്പനി വിലകുറച്ചത്. എസ് പ്രസ്സോ എല്‍എക്‌സ്‌ഐ പെട്രോള്‍, ആള്‍ട്ടോ കെ10 വിഎക്‌സ്‌ഐ മോഡലുകള്‍ക്കാണ് വില കുറയുക. റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
5.01 ലക്ഷം എക്‌സ് ഷോറൂം വില വരുന്ന എസ് പ്രസ്സോ എല്‍എക്‌സ്‌ഐ പെട്രോള്‍ മോഡലിന് 2000 രൂപയാണ് കുറയുക. ആള്‍ട്ടോ കെ10 വിഎക്‌സ്‌ഐ പെട്രോള്‍ മോഡലിന് 6500 രൂപയും കുറയും. 3.99 ലക്ഷം മുതല്‍ 5.96 ലക്ഷം വരെ വില വരുന്നതാണ് ആള്‍ട്ടോ കെ 10 വിഎക്‌സ്‌ഐ മോഡലുകള്‍.
രാജ്യത്തെ കാര്‍ വില്‍പനയില്‍ ഓഗസ്റ്റില്‍ 3.9 ശതമാനം ഇടിവ് സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാരുതി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം 181,082 യൂണിറ്റുകളാണ് മാരുതിയുടെ വില്‍പന. കഴിഞ്ഞ വര്‍ഷം ഇതേ മാസം 189,082 ആയിരുന്നു മാരുതിയുടെ വില്‍പന. ഓഗസ്റ്റില്‍ 145,570 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ മാരുതി എത്തിച്ചത്. 26,003 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.