മാരുതി തങ്ങളുടെ ആദ്യ ഇവിയായി അവതരിപ്പിക്കാനിരിക്കുന്ന ഇവി എക്സ് ടോയോട്ടയുമായി പങ്കുവയ്ക്കാൻ തീരുമാനം. സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിൽ നിർമ്മിക്കുന്ന വാഹനമാണ് ടോയോട്ടയ്ക്കു കൂടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ബലേനോ, ബ്രസ, ഗ്രാൻഡ് വിതാര, ഫ്രോൻക്സ്, ഇൻവിക്ടോ എന്നീ വാഹനങ്ങൾക്ക് ശേഷം തങ്ങളുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനവും (ബിഇവി) ടൊയോട്ടയുടെ ബാഡ്ജിങ്ങിലും പുറത്തിറങ്ങുമെന്നാണ് മാരുതി അറിയിക്കുന്നത്.
2025ലെ ഭാരത് എക്സ്പോയിൽ വണ്ടി അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ടൊയോട്ട-സുസുക്കി ധാരണയുടെ ഭാഗമായി ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ മാരുതി ഉപയോഗിച്ചിരുന്നു. ഹാച്ച് ബാക്ക് വാഹനമായ ഫ്രോൻക്സിൽ പോലും മാരുതി അത് അവതരിപ്പിക്കുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. എന്നാൽ ഇവി പൂർണമായും മാരുതി സുസുക്കിയുടെ വാഹനമായിരിക്കും. ഗുജറാത്തിലെ പ്ലാനറ്റിൽ നിർമിക്കുന്ന വാഹനമായിരിക്കും ആഗോളതലത്തിൽ ടോയോട്ടയും വിൽക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ നിറയുന്ന കാലമായതുകൊണ്ടുതന്നെ മാരുതി ആദ്യമായി അവതരിപ്പിക്കുന്ന ഇവി മാർക്കെറ്റ് പിടിക്കാൻ കഴിയുന്നതാവണം എന്ന നിർബന്ധം എന്തായാലും മരുതിക്കുണ്ടാകും. ഇന്ത്യൻ മധ്യവർഗത്തിന്റെ പ്രീയപ്പെട്ട കാർ നിർമാതാവായി തങ്ങളുടെ സ്ഥാനം വർഷങ്ങൾ നീണ്ട ചരിത്രത്തിലൂടെ ഊട്ടിയുറപ്പിച്ച മാരുതിയെ സംബന്ധിച്ച് ഇതൊരു പുതിയ ചുവടുവയ്പ്പ് തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഇവി എസ് യു വി തന്നെ അവതരിപ്പിക്കാനാണ് മാരുതിയുടെ കണക്കുകൂട്ടൽ.
ഇവി എക്സ് എന്ന സങ്കല്പം തന്നെ എസ് യു വികൾക്ക് പ്രിയമേറുന്നു മാർക്കറ്റിനെ ഇവിയിലൂടെ പിടിച്ചെടുക്കുക എന്നതാണ്. ഫോർ-വീൽ-ഡ്രൈവ് കൂടി ഉൾപ്പെടുന്ന വാഹനം ഓഫ് റോഡ് കഴിവുകളുള്ളതാണ്.
ഓഫ് റോഡർ കൂടിയായ ഒരു ഇവി അവതരിപ്പിക്കുക എന്നത് നിലവിലെ ബഡ്ജറ്റ് ഇവി വിഭാഗത്തിൽ ഒരു ചലനം തന്നെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ടോയോട്ടയുമായി മത്സരം നിലനിൽക്കുമ്പോൾ തന്നെ പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഒരു കാർബൺ ന്യുട്രൽ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യം തങ്ങൾക്ക് മുന്നിലുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്. സമാനമായി കാർബൺ ന്യുട്രൽ സമൂഹമുണ്ടാക്കാൻ ഒരുമിച്ച് പ്രയത്നിക്കുമെന്ന് ടൊയോട്ട പ്രസിഡന്റ് കോജി സാട്ടോയും പറഞ്ഞു.
ടൊയോട്ട ഇലക്ട്രിക് അർബൻ എസ് യു വിയുടെ ടെസ്റ്റിംഗ് വാഹനങ്ങൾ രാജ്യത്തെ നിരവധി നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2023 ഡിസംബറിൽ ടൊയോട്ട അർബൻ എസ് യു വിയുടെ കൺസെപ്റ്റ് വാഹനം അവതരിപ്പിച്ചിരുന്നു. 2025ലെ ഭാരത് എക്സ്പോയിൽ പ്രൊഡക്ഷൻ യൂണിറ്റ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 2023ലെ ടൊയോട്ടയുടെ കൺസെപ്റ്റ് വാഹനത്തിന് സുസുക്കിയുടെ ഇവി എക്സുമായി സാമ്യതയുണ്ടോ എന്ന സംശയങ്ങൾ ആളുകൾക്കുണ്ടായിരുന്നു. രണ്ട് വ്യത്യസ്ത ബാറ്ററി മോഡലുകളുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. അതിൽ ഒന്ന് 60 കിലോവാട്ട് ഹവർ ബാറ്ററിയുള്ള മോഡലാണ്. ഈ മോഡലിന് 550 കിലോമീറ്റർ റേഞ്ച് ഉണ്ടാകും.