ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജിയുടെ കുഞ്ഞൻ കോമറ്റിന്റെ ബുക്കിങ്ങുകൾ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ എംജി ഡീലർഷിപ്പുകൾ വഴിയോ 11,000 രൂപ ടോക്കൺ തുകയ്ക്ക് കാർ ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസത്തോടെ തന്നെ കാറിന്റെ വിൽപ്പന ഘട്ടം ഘട്ടമായി ആരംഭിക്കും. 7.78 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള വാഹനത്തിന്റെ പൂർണ്ണ വിലവിവര പട്ടിക ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ 7.78 ലക്ഷം മുതൽ 9.98 ലക്ഷം വരെ എന്ന വില ആദ്യത്തെ 5,000 ബുക്കിങ്ങുകൾക്ക് മാത്രമായിരിക്കും ലഭിക്കുക.
മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററാണ് ആണ് എംജി കോമറ്റിന്റെ വാറന്റി. കൂടാതെ IP67-റേറ്റഡ് ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ വാറന്റിയും ലഭിക്കും. അറ്റകുറ്റപ്പണികളും സേവന ചെലവുകളും ഉൾക്കൊള്ളിച്ചുകൊണ്ട് എംജി ഇ-ഷീൽഡ് എന്ന ഒരു പാക്കേജും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും മൂന്ന് സൗജന്യ സേവനങ്ങളുമാണ് ലഭിക്കുക.
5,000 രൂപയിലാണ് സേവനങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഇതു കൂടാതെ 80 ലധികം പാക്കേജുകളും എംജി പ്രഖ്യാപിച്ചിട്ടുണ്ട്. കാർ ബുക്കിങ്ങിന്റെ സ്റ്റാറ്റസ് മനസ്സിലാക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ ഫീച്ചറുകളും ‘മൈ എംജി’ ആപ്പിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വാഹനം വാങ്ങി മൂന്ന് വർഷം പൂർത്തിയാകുമ്പോൾ അത് വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ എക്‌സ്-ഷോറൂം വിലയുടെ 60% തിരികെ നൽകുന്ന ഒരു ഓപ്ഷണൽ ബൈ-ബാക്ക് പ്രോഗ്രാമും എംജി വാഗ്ദാനം ചെയ്യുന്നു.
23.38 ലക്ഷം മുതൽ 27.40 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയുള്ള ഇസഡ്എസ് ഇവിക്ക് ശേഷം എംജി മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമറ്റ് ഇ വി. ടാറ്റ ടിയാഗോ ഇവി (8.69 ലക്ഷം-12.04 ലക്ഷം രൂപ), സിട്രോൺ ഇസി3 (11.50 ലക്ഷം-12.04 ലക്ഷം രൂപ) എന്നിവയാണ് കോമറ്റ് ഇവിക്ക് എതിരാളികളായി നിരത്തിലുള്ളത്.