AUTOMOBILE

ഒല കാർ തൽക്കാലമില്ല, ഇനി ലക്ഷ്യം ഇലക്ട്രിക് ബൈക്ക്; ആദ്യ മോഡല്‍ അടുത്തവര്‍ഷം

വെബ് ഡെസ്ക്

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയതിനുപിന്നാലെ ഇ വി ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഒല ഇലക്ട്രിക്. കമ്പനിയുടെ ആദ്യ ഓള്‍-ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്തവര്‍ഷം പുറത്തിറക്കാനാണ് ഒലയുടെ പദ്ധതി.

ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ആദ്യത്തേത് 2025 പകുതിയോടെ വിപണിയിലെത്തിക്കുമെന്ന് ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. ഒലയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യെക്കുറിച്ച് വിശദീകരിക്കാന്‍ മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ഓഗസ്റ്റ് 15നു നടക്കുന്ന പരിപാടിയില്‍ ബൈക്ക് മോഡലുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടും.

റോഡ്സ്റ്റര്‍, അഡ്വഞ്ചര്‍, ക്രൂയിസര്‍, ഡയമണ്ട്‌ഹെഡ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകളുടെ കണ്‍സെപ്റ്റ് പതിപ്പുകള്‍ ഒല നേരത്തെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തില്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാവും ഡയമണ്ട്‌ഹെഡ് മോഡലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒല ഇലക്ട്രിക് തന്നെ വികസിപ്പിച്ച ബാറ്ററികളായിരിക്കും പുതിയ മോട്ടോര്‍സൈക്കിളുകളില്‍ ഉണ്ടാവുക. ഇന്ത്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലെ ഏറ്റവും വലിയ ബാറ്ററികളില്‍ ഒന്നായിരിക്കും ഇവയെന്നു ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ രാജ്യത്ത് മുന്‍നിരക്കാരാണ് ഒല. എസ്1 പ്രോ, എസ്1 എയര്‍, എസ്1 എക്‌സ് മോഡലുകളാണ് കമ്പനിയുടേതായി വിപണിയിലുള്ളത്. ഈ സ്‌കൂട്ടറുകള്‍ക്കുള്ള സ്വീകാര്യതയാണ് ഇലക്ട്രിക് ബൈക്കുകള്‍ വികസിപ്പിക്കുന്നതിലേക്ക് ഒലയെ നയിക്കുന്നത്.

''ഇ വി വിപണി വികസിച്ചുകൊണ്ടിരിക്കുന്നു. മാന്ദ്യത്തിന്റെ സൂചനകളൊന്നും ഞങ്ങള്‍ കാണുന്നില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം,'' ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം, ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കാനുള്ള നീക്കം ഒല താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ഇ-സ്‌കൂട്ടര്‍, ഇ-ബൈക്ക് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. ഭാവിയില്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒല ഇലക്ട്രിക്കിന് താല്‍പ്പര്യമുണ്ടെങ്കിലും അതിനല്ല ഇപ്പോഴത്തെ മുന്‍ഗണനയെന്നു ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി.

നാല് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന മുഴുവന്‍ ഗ്ലാസ് മേല്‍ക്കൂരയുള്ള ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ പുറത്തിറക്കാനൊയിരുന്നു ഒല നേരത്തെ പദ്ധതിയിട്ടത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന കാറായിരുന്നു ലക്ഷ്യം. ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ 2022 ഓഗസ്റ്റില്‍ നടന്ന ഒരു പരിപാടിയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്