ബൈക്കിലെ റിഫ്ലക്ടർ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാത്തതിനാൽ റോയൽ എൻഫീൽഡിന്റെ 11 മോഡലുകൾ തിരികെ വിളിക്കുന്നു. 2022 നവംബറിനും 2023 മാർച്ചിനും ഇടയിൽ നിർമിച്ച എല്ലാ മോഡലുകളുടെയും റിഫ്ളക്ടറുകൾക്ക് പ്രശ്നമുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. ബൈക്കിന്റെ മുൻപിൽ രണ്ടും പിറകിലുള്ള ഒരു റിഫ്ളക്ടറുമാണ് റോയൽ എൻഫീൽഡ് ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുള്ളത്.
റിഫ്ലക്ടറുകൾ ആവശ്യമായ പ്രകടന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് റോയൽ എൻഫീൽഡിന്റെ വിശദീകരണം. ഇത് ദൃശ്യപരത കുറയ്ക്കാൻ സാധ്യതയുണ്ട്. വളരെ കുറച്ച് മോട്ടോർസൈക്കിളുകൾക്ക് മാത്രമേ പ്രശ്‌നമുള്ളൂവെങ്കിലും, സുരക്ഷാ മുൻകരുതലെന്ന നിലയിൽ നിശ്ചിത കാലയളവിൽ നിർമിച്ച എല്ലാ മോഡലുകളും തിരിച്ചുവിളിക്കാനാണ് തീരുമാനം.
തകരാറിലായ മോട്ടോർസൈക്കിളുകളുടെ ഉടമകളെ ഘട്ടംഘട്ടമായിട്ടാകും ബന്ധപ്പെടുക. റോയൽ എൻഫീൽഡ് സർവീസ് സെൻ്ററുകളിൽ സൗജന്യമായിട്ട് തകരാറുള്ള റിഫ്‌ളക്ടറുകൾ മാറ്റിസ്ഥാപിച്ച് നൽകും. ഇന്ത്യ, യുകെ, യൂറോപ്പ്, ലാറ്റിനമേരിക്ക, ബ്രസീൽ, യുഎസ്, കാനഡ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ബൈക്കുകൾ തിരികെവിളിക്കാൻ ആരംഭിച്ചിട്ടുണ്ട്. പരിമിതമായ എണ്ണം ബൈക്കുകളിൽ മാത്രമേ ഈ പ്രശ്നം കണ്ടെത്തിയിട്ടുള്ളൂവെങ്കിലും, റൈഡർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണിതെന്ന് കമ്പനി ഊന്നിപ്പറയുന്നു.
ഏറ്റവും പുതിയ ഗറില്ല 450-നെ പിന്തുടർന്ന് പരിഷ്കരിച്ച ക്ലാസിക് 350- മോഡലായിരുന്നു റോയൽ എൻഫീൽഡ് അവസാനമായി നിരത്തിലിറക്കിയത്. അടുത്തതായി ക്ലാസിക് 650 പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.