വില്‍പ്പനയില്‍ വമ്പൻ നേട്ടമുണ്ടാക്കി ഇരുചക്ര വാഹനപ്രേമികളുടെ പ്രിയപ്പെട്ട റോയൽ എൻഫീൽഡ് (ആർഇ). 2023 മെയ് മാസം മാത്രം 77,461 ബൈക്കുകളാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ 22 ശതമാനം വളർച്ചയാണ് കമ്പനി മെയ് മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിലില്‍ വിറ്റഴിച്ചത് 73,136 ബൈക്കുകളാണ്. ഏപ്രിലിനേക്കാള്‍ 5.9% വളർച്ചയാണുണ്ടായിരിക്കുന്നത്. റോയൽ എൻഫീൽഡ് ഹണ്ടർ 350 എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു.
2023 ഏപ്രിൽ മാസത്തിൽ 73,136 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഇതിൽ നിന്ന് 5.9% വളർച്ചയാണ് മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്തത്. 2023 മെയ് മാസത്തിലെ റോയൽ എൻഫീൽഡിന്റെ ആഭ്യന്തര വിൽപ്പന 70,795 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 53,525 യൂണിറ്റായിരുന്നു. 2023 ഏപ്രിൽ, മെയ് മാസങ്ങൾ താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ ആഭ്യന്തര വിൽപ്പനയില്‍ 2.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജൻ പറഞ്ഞു.
ഓസ്‌ട്രേലിയ, ന്യൂസിലൻഡ് വിപണിയിൽ കഴിഞ്ഞ മാസം സൂപ്പർ മെറ്റിയർ 650 പുറത്തിറക്കിയതിനാലാണ് 2023 ഏപ്രിലിനെ അപേക്ഷിച്ച് കയറ്റുമതിയിൽ വർധനവുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 6,666 യൂണിറ്റായിരുന്നു കഴിഞ്ഞ മാസം കമ്പനിയുടെ കയറ്റുമതി. 2023 ഏപ്രിലിൽ ഇത് 4,225 യൂണിറ്റായിരുന്നു.
ഒരു മാസത്തിനിടെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഹണ്ടർ രേഖപ്പെടുത്തിയതെന്നും ബി ഗോവിന്ദരാജൻ പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ബജറ്റ് ഫ്രണ്ട്ലി ആർഇ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് 2022 ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത റോയൽ എൻഫീൽഡ് ഹണ്ടർ 350. റെട്രോ, മെട്രോ എന്നീ രണ്ട് വേരിയന്റുകളിൽ ഹണ്ടർ 350 ലഭ്യമാണ്. 1.50 ലക്ഷം രൂപയാണ് റെട്രോയുടെ എക്‌സ്‌ഷോറൂം വില. മെട്രോയുടെ എക്‌സ്‌ഷോറൂം വില 1.64 ലക്ഷം രൂപ, 1.69 ലക്ഷം രൂപ (നിറമനുസരിച്ച്) എന്നിങ്ങനെയാണ്.
6,100 ആർപിഎമ്മിൽ 20.2 എച്ച്പി കരുത്തും 4,000 ആർപിഎമ്മിൽ 27 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്ന 349 സിസി ജെ-പ്ലാറ്റ്ഫോം എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350യിലുള്ളത്. റെട്രോയിലെ വയർ സ്പോക്ക് വീൽ, മെട്രോയിലെ അലോയ് വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, റെട്രോയിലെ ട്യൂബുലാർ ഗ്രാബ് റെയിലുകൾ, മെട്രോയിലെ സ്റ്റൈലൈസ്ഡ് റിയർ ഗ്രാബ് റെയിലുകൾ എന്നിവയാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350ന്റെ ചില പ്രധാന സവിശേഷതകൾ.