കാലത്തിനനുസരിച്ച് കളമറിഞ്ഞു കളിക്കുകയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാരുതി സുസുക്കി. സെലേറിയോ, വാഗണര്‍, എക്‌സ്എല്‍ 6, എര്‍ട്ടിഗ, ബ്രെസ തുടങ്ങിയ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മിഡ് സൈസ് എസ് യു വി ഗ്രാന്‍ഡ് വിറ്റാരയെ നിരത്തിലിറക്കി, എതിരാളികളെ നിഷ്പ്രഭരാക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍.
2009ല്‍ ഗ്രാന്‍ഡ് വിറ്റാര അവതരിപ്പിച്ചിരുന്നെങ്കിലും ജനങ്ങള്‍ക്കിടയില്‍ അത്രയേറെ സ്വീകാര്യത ലഭിക്കാതിരുന്നതോടെ, 2015ല്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. ടൊയോട്ടയുടെ ഹൈറൈഡറിന്റെ പ്ലാറ്റ്ഫോം, എന്‍ജിന്‍, ഡിസൈന്‍ ഘടകങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പങ്കിട്ടുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവാണ് ഗ്രാന്‍ഡ് വിറ്റാര നടത്തിയിരിക്കുന്നത്.
4345mm നീളവും,1645mm വീതിയും 2600mm വീല്‍ബേസുമുള്ള ഗ്രാന്‍ഡ് വിറ്റാരയില്‍ സുസുക്കി വാഹനങ്ങളില്‍ ഇതുവരെ കാണാത്ത ഡിസൈന്‍ രീതിയാണ് കമ്പനി പ്രയോഗിച്ചിരിക്കുന്നത്.
എല്‍ഇഡി പ്രൊജക്ടറുകളോടിയ ഹെഡ്‌ലാമ്പ് യൂണിറ്റ്, വലിയ ഗ്രില്‍, മൂന്ന് തട്ടുകളായി തിരിച്ചിരിക്കുന്ന എല്‍ ഇ ഡി ഡിആര്‍ എല്‍ എന്നിവ കരുത്തുറ്റ രൂപമാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിന് നല്‍കുന്നത്.
ടൊയോട്ട ഹൈറൈഡറിന്റെ പ്ലാറ്റ്‌ഫോം പങ്കുവെയ്ക്കുന്നത് കൊണ്ട് വശങ്ങളില്‍ സമാനമായ രൂപമാണ് ഇരുവാഹനങ്ങള്‍ക്കും. സി പില്ലറിന്റെയും, 17ഇഞ്ച് അലോയ് വീലിന്റെയും ഡിസൈന്‍ ഹൈറൈഡറില്‍ നിന്നും വ്യത്യസ്തമാണ്. കരുത്തുറ്റ ബോഡി ലൈനുകളും വിന്‍ഡോകള്‍ക്കു താഴെയായി നീളുന്ന ക്രോം സ്ട്രിപ്പും വാഹനത്തെ മനോഹരമാക്കുന്നു.
പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന ആകര്‍ഷകമായ ഡിസൈനാണ് പിന്‍ഭാഗത്ത്. റാപ്പ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന നീളമുള്ള എല്‍ഇഡി സ്ട്രിപ്പ് എന്നിവ ഔഡി വാഹനങ്ങളെ അനുസ്മരിപ്പിക്കുന്നു. അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് പിന്‍ഭാഗത്തെ മറ്റ് ഡിസൈന്‍ വിശേഷങ്ങള്‍.
ഉയര്‍ന്നു നില്‍ക്കുന്ന 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, ഉയര്‍ന്ന നിലവാരമുള്ള ലെതറൈറ്റ് സീറ്റുകള്‍ എന്നിവയാണ് ഉള്‍ഭാഗത്തെ വിശേഷങ്ങള്‍
സുസുക്കി വാഹനങ്ങളുടെ നിലവാരം എത്രത്തോളം മാറി എന്നത് ഗ്രാന്‍ഡ് വിറ്റാരയുടെ ഉള്ളില്‍ കയറുമ്പോള്‍ വ്യക്തമാകും. ഡാഷ് ബോര്‍ഡ് ഡിസൈന്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍ എന്നിവ ടൊയോട്ട ഹൈറൈഡറിന് സമാനമാണ്. ഉള്ളില്‍ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഡ്യുവല്‍-ടോണ്‍ കളറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, ഉയര്‍ന്ന നിലവാരമുള്ള ലെതറൈറ്റ് സീറ്റുകള്‍ എന്നിവയാണ് ഉള്‍ഭാഗത്തെ വിശേഷങ്ങള്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ഉയര്‍ത്തി വെയ്ക്കാവുന്ന ഹെഡ് റെസ്റ്റുകള്‍, എസി വെന്റുകള്‍, ആം റെസ്റ്റ് എന്നിവ നല്‍കിയിരിക്കുന്നു.
സുസുക്കി വാഹനങ്ങളില്‍ ആദ്യമായി പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നീ സംവിധാനങ്ങളുമായി എത്തുന്ന വാഹനമാണ് ഇത്.
ആധുനിക ഫീച്ചറുകളുടെ നീണ്ടനിരയാണ് ഗ്രാന്‍ഡ് വിറ്റാരയില്‍ സുസുക്കി ഒരുക്കിയിരിക്കുന്നത്. സുസുക്കി വാഹനങ്ങളില്‍ ആദ്യമായി പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നീ സംവിധാനങ്ങളുമായി എത്തുന്ന വാഹനമാണ് ഇത്. സുസുക്കി കണക്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡോറുകള്‍ ലോക്ക് ചെയ്യുക, എസി നിയന്ത്രിക്കുക എന്നിവ ഉള്‍പ്പടെ 40ല്‍ അധികം കണക്ടിവിറ്റി സംവിധാനങ്ങള്‍ നിര്‍വഹിക്കാം. ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയറുകള്‍, ആര്‍ക്കിമീസ് മ്യൂസിക് സിസ്റ്റം, ഡ്രൈവ് മോഡുകള്‍ എന്നിങ്ങനെ ആധുനികതയും ആഢംബരവും ഒത്തുചേര്‍ന്ന വാഹനമാണ് ഗ്രാന്‍ഡ് വിറ്റാര.
All Grip AWD സിസ്റ്റത്തോടെ നാലു വീലുകളിലും പവര്‍ എത്തിച്ചുകൊണ്ട് മറ്റു പല എതിരാളികളെക്കാള്‍ ഒരുപടി മുന്നിലാണ് ഗ്രാന്‍ഡ് വിറ്റാര.
1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ ടൊയോട്ടയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയ രണ്ട് പതിപ്പുകളാണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഉള്ളത്.
102 bhp പവറും,137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ചേര്‍ത്തിരിക്കുന്നു. സുസുക്കിയുടെ All Grip AWD സിസ്റ്റത്തോടൊപ്പമാണ് ഈ വേരിയന്റ് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നാലു വീലുകളിലും പവര്‍ എത്തിച്ചുകൊണ്ട് മറ്റു പല എതിരാളികളെക്കാള്‍ ഒരുപടി മുന്നിലാണ് ഗ്രാന്‍ഡ് വിറ്റാര. മാനുവല്‍ ഗിയര്‍ബോസ്‌കിന് 21.11kmpl , ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് 20.58kmpl എന്നിങ്ങനെയാണ് സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലിന്റെ മൈലേജ് .
ലിറ്ററിന് 27.97 കിലോമീറ്റര്‍ എന്ന അമ്പരപ്പിക്കുന്ന മൈലേജാണ് ഇലക്ട്രിക് ഹൈബ്രിഡ് പതിപ്പ് നല്‍കുന്നത്.
ഉയര്‍ന്ന പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് E-CVT ട്രാന്‍സ്മിഷനോടൊപ്പം എത്തുന്ന ഈ പതിപ്പ് 116 ബി എച്ച് പി കരുത്ത് ഉത്പാദിപ്പിക്കും. വാഹനം ഓടുന്നതിനിടെ ബ്രേക്ക് പിടിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ആകുന്ന സംവിധാനമാണ് വാഹനത്തിലുള്ളത്. ഇലക്ട്രിക് മോട്ടോറില്‍ മാത്രം ഓടാനും ഗ്രാന്‍ഡ് വിറ്റാരയ്ക്ക് കഴിയും. ലിറ്ററിന് 27.97 കിലോമീറ്റര്‍ എന്ന അമ്പരപ്പിക്കുന്ന മൈലേജാണ് ഇലക്ട്രിക് ഹൈബ്രിഡ് പതിപ്പ് നല്‍കുന്നത്.
സുസുക്കിയുടെ സുരക്ഷയെച്ചൊല്ലി ഇനി ആശങ്ക വേണ്ട. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഹില്‍ ഹോള്‍ഡ്/ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നീ സംവിധാനങ്ങള്‍ സുരക്ഷ ഉറപ്പാക്കുന്നു.
ആറ് മോണോടോണ്‍, മൂന്ന് ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ ഒന്‍പത് കളര്‍ ഓപ്ഷനുകളില്‍ ഗ്രാന്‍ഡ് വിറ്റാര ലഭ്യമാകും. പുറംമോടി വര്‍ധിപ്പിക്കാനായി വിശാലമായ ആക്‌സസറികളും ഒരുക്കിയിട്ടുണ്ട്. അതേസമയം, വാഹനത്തിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.