യൂറൊ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ 3 സ്റ്റാർ റേറ്റിങ് നേടി മാരുതി സുസുക്കിയുടെ നാലാം ജനറേഷൻ സ്വിഫ്റ്റ്. അപകടസാഹചര്യങ്ങളില്‍ പ്രായപൂർത്തിയായവർക്ക് 67 ശതമാനവും കുട്ടികള്‍ക്ക് 65 ശതമാനവും സുരക്ഷയാണ് യൂറൊ എൻസിഎപി നല്‍കിയിരിക്കുന്നത്. സുരക്ഷ സഹായ സംവിധാനങ്ങള്‍ക്ക് 62 ശതമാനവും നല്‍കിയിട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങളില്‍ വില്‍ക്കുന്ന കാറുകള്‍ നിർമിക്കുന്നത് ജപ്പാനിലെ സാഗരയിലെ സുസുക്കിയുടെ പ്ലാന്റിലാണ്. യൂറോപ്പില്‍ കാറിനുള്ളില്‍ ആറ് എയർബാഗുകളാണ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ സീറ്റ് ബെല്‍റ്റ് റിമൈൻഡർ, അഡാസ് സാങ്കേതികവിദ്യ, ലെയിൻ ചേഞ്ച് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുമുണ്ട്.
പ്രായപൂർത്തിയായവരുടെ സുരക്ഷ
കാറിന്റെ മുൻവശത്തെ സുരക്ഷാ ടെസ്റ്റില്‍ അപകടം സംഭവിക്കുമ്പോള്‍ ഡ്രൈവറും സഹയാത്രികനും സുരക്ഷിതരായിരിക്കുമെന്നാണ് തെളിഞ്ഞത്. ഇരുവരുടേയും മുട്ടിനും തുടകള്‍ക്കും പ്രശ്നങ്ങള്‍ സംഭവിക്കുന്നില്ല. എന്നാല്‍ ഇരുവരുടേയും നെഞ്ചിന് ലഭിക്കുന്ന സുരക്ഷയില്‍ ആശങ്കകളുണ്ട്. മുൻവശം ഇടിക്കുന്ന സാഹചര്യത്തിലെ ടെസ്റ്റില്‍ പതിനാറില്‍ 10.5 പോയിന്റാണ് സ്വിഫ്റ്റിന് ലഭിച്ചിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷ
ആറു മുതല്‍ പത്ത് വയസുവരെയുള്ള കുട്ടികള്‍ക്ക് അപകടത്തില്‍ നിന്നുള്ള സംരക്ഷണത്തില്‍ 14.1/24 പോയിന്റാണ് ലഭിച്ചത്. സുരക്ഷ സംവിധാനങ്ങളില്‍ 6/13 പോയിന്റും. വാഹനത്തിന്റെ മുൻവശവും മറ്റ് വശങ്ങളുടേയും ടെസ്റ്റില്‍ കഴുത്തിനും നെഞ്ചിനുമുള്ള സുരക്ഷയില്‍ ആശങ്കയുണ്ട്. എന്നാല്‍ തലയ്ക്കുള്ള സുരക്ഷ മതിയായ അളവിലുണ്ട്.
സുരക്ഷ സംവിധാനങ്ങള്‍
സ്വിഫ്റ്റിലെ ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ് സംവിധാനത്തിന്റെ പ്രകടനം മതിയായ തലത്തിലാണെന്ന് ടെസ്റ്റില്‍ തെളിഞ്ഞിട്ടുണ്ട്. മറ്റൊരു കാറിനെ കൂട്ടിയിടിക്കാനൊരുങ്ങുമ്പോഴൊ അല്ലെങ്കില്‍ നേർക്കുനേർ വരുമ്പോഴോ സ്വിഫ്റ്റിന്റെ പ്രതികരണശേഷി മോശമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാല്‍നടക്കാരും ഇരുചക്രവാഹനങ്ങളും ധാരാളമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ അനുയോജ്യമായ വാഹനമാണ് സ്വിഫ്റ്റെന്നും ടെസ്റ്റില്‍ വ്യക്തമായിട്ടുണ്ട്.