രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായ ടാറ്റ നെക്‌സോണിന്റെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്. കാറിന്റെ സ്റ്റിയറിങ് വീലിലെ ഡിജിറ്റൽ ഡിസ്പ്ലേയാണ് പുറത്തുവിട്ടിരിക്കുന്നത്. മധ്യഭാഗത്ത് പ്രകാശമുള്ള ടാറ്റാ മോട്ടോഴ്‌സ് ലോഗോയോടുകൂടിയതാണ് പുതിയ സ്റ്റിയറിങ് വീൽ. ഇന്ത്യയിൽ ഇതുവരെ ഒരു കാറിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സവിശേഷതകളാണ് അപ്‌ഡേറ്റ് ചെയ്ത നെക്‌സോണിലുള്ളത്. ഉടന്‍ തന്നെ കാർ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന.
നിരത്തിലുള്ള എതിരാളികളെ നേരിടാൻ ഒട്ടനവധി മാറ്റങ്ങളോടെയാണ് പുതിയ നെക്‌സോണ്‍ ഒരുക്കിയിരിക്കുന്നത്. ടു-സ്‌പോക്ക്, ഫ്ലാറ്റ്-ബോട്ടം രീതിയിലുള്ളതാണ് പുതിയ സ്റ്റിയറിങ് വീൽ. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റിയറിങ് വീലിന്റെ നടുവിലുള്ള സ്‌ക്രീൻ ഓണാകും. സ്‌ക്രീനിന്റെ ഇരുവശത്തും ഹോണിനുള്ള സ്വിച്ച് ഉണ്ടാകുമെന്നാണ് സൂചന.
നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിലൂടെ പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. വാഹനമോടിക്കുമ്പോൾ ട്രാൻസ്മിഷൻ അപ്‌ഷിഫ്റ്റ് ചെയ്യാനോ ഡൗൺഷിഫ്റ്റ് ചെയ്യാനോ അനുവദിക്കുന്ന സംവിധാനമാണ് പാഡിൽ ഷിഫ്റ്ററുകൾ. പുതുതലമുറ നെക്സോണിൽ ഇലുമിനേറ്റഡ് എൽഇഡി ലൈറ്റിങ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
പഞ്ച്, ഹാരിയർ, സഫാരി എന്നിവയിലുള്ളപോലെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനാണ് ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻ ടെസ്റ്റ് മ്യൂൾ പുറത്തുവിട്ടത്. സ്‌പോയിലറിന്റെ അടിയിൽ നിന്ന് നീളുന്ന ഒരു വൈപ്പറും അലോയ് വീലുകളും പ്രോട്ടോടൈപ്പിൽ സജ്ജീകരിച്ചിരുന്നു. പുതിയ ഫ്രണ്ട്, റിയർ ബമ്പറുകളും പുനർ രൂപകൽപ്പന ചെയ്ത ടെയിൽ ലൈറ്റുകളുമാണ് പുറമെയുള്ള മറ്റ് മാറ്റങ്ങൾ.
നിലവിലെ മോഡലിലുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ ടാറ്റാ നെക്‌സോണിലുമുള്ളത്. ഇത് പരമാവധി 115 PS പവറും 260 Nm പീക്ക് ടോർക്കുമാണ് നൽകുക. കാറിന്റെ മറ്റൊരു സവിശേഷതയായ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഈ വർഷം നടന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു.