വാഹനപ്രേമികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ, ടിയാഗോ എന്നീ മോഡലുകളുടെ ഇലക്ട്രിക്ക് വേരിയന്റിന്റെ വില 1,20,000 രൂപ വരെ കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ബാറ്ററികളുടെ വിലയിലെ ഇടിവാണ് വില കുറയാൻ കാരണം.
നെക്സോണിന്റെ ഇവി മോഡലിന് 1,20,000 രൂപ കുറയുമ്പോൾ 70,000 രൂപയുടെ വിലക്കുറവാണ് ടിയാഗോയ്ക്ക് ലഭിക്കുക. വില കുറച്ചതിന് ശേഷം, ടാറ്റ ടിയാഗോ ഇവി ഇന്ത്യയിൽ 7.99 ലക്ഷം രൂപയിലാകും ഇനി ആരംഭിക്കുക. അതേസമയം, നെക്‌സോൺ ഇവിക്ക് 14.49 ലക്ഷം രൂപ മുതലും ലോങ് റേഞ്ച് നെക്‌സോൺ ഇവി 16.99 ലക്ഷം രൂപ മുതലും ലഭിക്കും. എന്നാൽ ടാറ്റായുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ പഞ്ചിന്റെ ഇവി വേരിയന്റിന്റെ വിലയിൽ മാറ്റമില്ല.
"ഇവിയുടെ മൊത്തത്തിലുള്ള ചെലവിൻ്റെ ഗണ്യമായ ഭാഗമാണ് ബാറ്ററിയുടെ വില. ബാറ്ററി സെല്ലുകളുടെ വില അടുത്ത കാലത്തായി മയപ്പെടുകയും ഭാവിയിൽ വീണ്ടും കുറയാൻ സാധ്യത ഉള്ളതിനാലും, ആ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൂടി കൈമാറാൻ ആഗ്രഹിക്കുന്നു" ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎം) ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം വളർന്നുവരികയാണെങ്കിലും, രാജ്യവ്യാപകമായി അവ കൂടുതൽ പ്രാപ്യമാക്കി മുഖ്യധാരയാക്കി മാറ്റുകയാണ് ദൗത്യമെന്നും വിവേക് പറഞ്ഞു. സ്‌മാർട്ട്, ഫീച്ചർ കൊണ്ട് സമ്പന്നമായ വിവിധ ബോഡി സ്‌റ്റൈലുകൾ, വില, എന്നിവയിലുള്ള ഇ വികൾ കൊണ്ട് തങ്ങളുടെ പോർട്ട്‌ഫോളിയോ സമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിലക്കുറവ് നെക്‌സോൺ, ടിയാഗോ എന്നിവയുടെ വില്പന വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 ഒക്ടോബറിലാണ് ടിയാഗോ ഇവി, ടാറ്റ പുറത്തിറക്കുന്നത്. 8.49 ലക്ഷം രൂപയായിരുന്നു തുടക്കത്തിൽ എക്സ് ഷോറൂം വില.
ഓൺലൈനിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം ലിഥിയം-അയൺ ബാറ്ററിയുടെ വില ഏകദേശം 14 ശതമാനമാണ് കുറഞ്ഞത്. ഈ മാസമാദ്യം, എംജി മോട്ടോഴ്‌സും അതിൻ്റെ എംജി കോമെറ്റ് ഇ വിയുടെ വില 99,000 രൂപയ്ക്കും 1.40 ലക്ഷം രൂപയ്ക്കും ഇടയിൽ കുറച്ചിരുന്നു,