സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ സ്വീകാര്യത അനുദിനം വര്‍ധിക്കുകയാണ്. മോട്ടോര്‍ ഇന്റലിജന്‍സ് പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം 2028ല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിപണിമൂല്യം 2.30 ലക്ഷം കോടിയില്‍നിന്ന് 4.63 ലക്ഷം കോടി രൂപയാകുമെന്നാണ്.
പുതിയ കാറുകള്‍ 38 ലക്ഷം യൂണിറ്റ്‍ മാത്രമാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം വില്‍ക്കുന്നത്, എന്നാല്‍ റജിസ്റ്റര്‍ ചെയ്യുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ എണ്ണം അഞ്ച് കോടിയോളമാണെന്നും മോട്ടോര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. സെക്കന്‍ ഹാന്‍ഡ് കാറുകള്‍ വിപണി കീഴടക്കുമ്പോള്‍ വാങ്ങിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. അവ മനസിലാക്കാം.
ബജറ്റ് തീരുമാനിക്കുക
പുതിയ കാര്‍ വാങ്ങിക്കുന്നതില്‍നിന്ന് വ്യത്യസ്തമാണ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബജറ്റ് തീരുമാനം. നിങ്ങളുടെ സാമ്പത്തികനിലയ്ക്ക് അനുസരിച്ച് മാത്രമേ ബജറ്റ് തീരുമാനിക്കാവൂ. പ്രലോഭനമുണ്ടാകുന്ന ഓഫറാണെങ്കിലും ബജറ്റ് കടന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. കാറിന് വരാന്‍ സാധ്യതയുള്ള മറ്റ് ചെലവുകളും കണക്കുകൂട്ടിയാവണം ബജറ്റ് നിശ്ചയിക്കേണ്ടത്.
എത്ര വിശ്വാസയോഗ്യമായ ഷോറൂമില്‍ നിന്നെടുത്താലും കാറിന്റെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്
വിപണിയെക്കുറിച്ച് മനസിലാക്കുക
കാര്‍ പുതിയതോ സെക്കന്‍ഡ് ഹാന്‍ഡോ ആവട്ടെ, വിപണി അറിഞ്ഞിരിക്കുകയെന്നത് നിര്‍ണായകമാണ്. കാര്‍ വാങ്ങാനൊരുങ്ങുമ്പോള്‍ ഓണ്‍ലൈനായും ഷോറൂമില്‍ നേരിട്ടെത്തിയും പരിശോധന നടത്തുക. മൈലേജ്, കാറ് വിപണിയിലെത്തിയ വര്‍ഷം, എത്ര കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട് എന്നിവയെല്ലാം പരിഗണിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ കാറായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. വിപണി മനസിലാക്കി കഴിഞ്ഞാല്‍ കാറിന്റെ വില സംബന്ധിച്ച് കൃത്യമായ ധാരണ ലഭിക്കും.
ശരിയായ വില്‍പ്പനക്കാരെ തിരഞ്ഞെടുക്കുക
കാര്‍ വിപണിയിലെ വില്‍പ്പനക്കാര്‍ പലതരമുണ്ടാകാം. സംഘടിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കില്‍ കാറിന്റെ വാറന്റി, പേപ്പറുകള്‍, ഇന്‍ഷുറന്‍സ് എന്നിവയെല്ലാം കൃത്യമായിരിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ കാറിന്റെ വിപണിമൂല്യത്തേക്കാള്‍ ഉയര്‍ന്ന വില ഈടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അല്ലാത്ത വില്‍പ്പനക്കാരില്‍നിന്ന് അനുഭവം മറിച്ചാകാനും ഇടയുണ്ട്. അതിനാല്‍ വില്‍പ്പനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.
കാറിന്റെ ചരിത്രം പരിശോധിക്കുക
എത്ര വിശ്വാസയോഗ്യമായ ഷോറൂമില്‍ നിന്നെടുത്താലും കാറിന്റെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്. കാർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ? എത്ര ഉടമകള്‍ ഉപോയഗിച്ചതാണ്, മെയിന്റനന്‍സ് ജോലികള്‍ക്ക് വിധേയമായതാണോ എന്നിവ അറിയാന്‍ ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ തുടക്കത്തില്‍ പ്രശ്നങ്ങളുണ്ടായില്ലെങ്കിലും പിന്നീട് സംഭവിക്കാനിടയുണ്ട്.
കാര്‍ പരിശോധിക്കുക
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുന്നതിന് മുന്‍പ് പലതവണ ഓടിച്ച് നോക്കുന്നത് എപ്പോഴും നല്ലതാണ്. വാഹനം നന്നായി പരിശോധിച്ച ശേഷം നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ വില്‍പ്പനക്കാരോട് ചോദിക്കുക. നിങ്ങള്‍ക്ക് കാറിനെക്കുറിച്ചുള്ള അറിവ് കുറവാണെങ്കില്‍ അറിയാവുന്ന വ്യക്തികളെ ഒപ്പം കൂട്ടുക.
പേപ്പര്‍ വര്‍ക്കുകള്‍ ശ്രദ്ധിക്കുക
സെക്കന്‍ ഹാന്‍ഡ് കാറുകളാകുമ്പോള്‍ പേപ്പര്‍ വര്‍ക്കുകള്‍ അധികമായിരിക്കും. നിബന്ധനകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നിങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ മറക്കരുത്. നിങ്ങളുടെ പദ്ധതികള്‍ക്ക് അനുകൂലമല്ലെന്ന് തോന്നിയാല്‍ പിന്‍വാങ്ങാന്‍ മടിക്കരുത്.