ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ ഇന്നോവ ക്രിസ്‌റ്റ 2023 പുറത്തിറക്കി. ഈ വര്‍ഷം ആദ്യം ചെറിയ മാറ്റങ്ങളോടെ, 19.13 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം പുറത്തിറക്കിയത്. ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് ടൊയോട്ട ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. G, GX, VX, ZX എന്നീ നാല് വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്‌റ്റ 2023 എത്തുന്നത്.
ഡീസൽ എൻജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക. നിലവിൽ, ഇന്നോവ ക്രിസ്റ്റയുടെ G, GX, VX വകഭേദങ്ങളുടെ വില മാത്രമേ ടൊയോട്ട പ്രഖ്യാപിച്ചിട്ടുള്ളൂ. ടോപ്പ്-സ്പെക്ക് ZX ട്രിമ്മിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നോവ ക്രിസ്റ്റയുടെ G ട്രിമ്മിന് 19.13 ലക്ഷം രൂപയും GX ട്രിമ്മിന് 19.99 ലക്ഷം രൂപയുമാണ് വില. ഇത് ഇന്നോവ ഹൈക്രോസിന്റെ തത്തുല്യമായ പെട്രോൾ ട്രിമ്മുകളേക്കാൾ വില കൂടുതലാണ്. ഹൈക്രോസ് ജിയെ അപേക്ഷിച്ച് ക്രിസ്റ്റ ജിക്ക് 58,000 രൂപ കൂടുതലാണ്. രണ്ട് എംപിവികളുടെയും ജിഎക്സ് വേരിയന്റുകൾ തമ്മിലുള്ള വില വ്യത്യാസം 59,000 രൂപയാണ്.
ടോപ്പ്-സ്പെക്ക് ZX വേരിയന്റിന് 7 സീറ്റർ ലേഔട്ട് മാത്രമാണുള്ളത്. എന്നാൽ G, GX, VX വേരിയന്റുകൾക്ക് 7 സീറ്റർ, 8 സീറ്റർ കോൺഫിഗറേഷനുകൾ ലഭ്യമാണ്. 2.4 ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. ഇക്കോ, പവർ എന്നീ രണ്ട് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്. ഗ്യാസോലിൻ എഞ്ചിൻ ഓപ്ഷനോ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനോ ഇല്ല.
മുൻഭാഗത്ത് ചെറിയ മാറ്റങ്ങളുമായാണ് പുതിയ ക്രിസ്‌റ്റ എത്തുന്നത്. ഗ്രില്ലും ബമ്പറും പുതുക്കിയിട്ടുണ്ട്. പുതിയ ഫോഗ് ലാമ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറ്റ് പേൾ, ക്രിസ്‌റ്റൽ ഷൈൻ, സൂപ്പർ വൈറ്റ്, സിൽവർ, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, അവന്റ് ഗാർഡ് ബ്രോൺസ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ എംപിവി ലഭ്യമാണ്.
സുരക്ഷയ്ക്കായി ഏഴ് എയര്‍ഭാഗുകളാണുള്ളത്. കൂടാതെ ഫ്രണ്ട് ആന്റ് റെയര്‍ പാര്‍കിങ് സെന്‍സറുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട് അസിസ്റ്റ് കണ്‍ട്രോള്‍, ആന്റി ലോക് ബ്രേകിങ് സിസ്റ്റം എന്നിവയും ഉണ്ട്. ഇലക്ട്രോണിക് ഡ്രൈവിങ് സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, കളര്‍ ഓപ്ഷനോടെ ലതര്‍ സീറ്റുകള്‍, മള്‍ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ഫീച്ചറുകളും പുതിയ ക്രിസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.