പെട്രോളും വേണ്ട ഡീസലും വേണ്ട, ലോകത്ത് ആദ്യമായി പൂർണമായും എഥനോൾ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബിഎസ് 6 ഹൈബ്രിഡ് കാർ ഇന്ത്യയില്‍ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ സ്റ്റേജ് 2 ബിഎസ്-VI E100 കാറാണ് ഇത്. E100 സൂചിപ്പിക്കുന്നത് പോലെ തന്നെ 100 ശതമാനം എഥനോളിലായിരിക്കും വാഹനം ഓടുക.
എംപിവിയിൽ ലിഥിയം-അയൺ ബാറ്ററി പാക്കും ഉണ്ടാകും. അതായത് ബദൽ ഇന്ധനത്തില്‍ മാത്രമല്ല സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനും ഇ വി മോഡിൽ പ്രവർത്തിക്കാനും ഇലക്‌ട്രിഫൈഡ് ഫ്ലെക്‌സ്-ഫ്യുവൽ ഇന്നോവയ്ക്ക് കഴിയും. പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള സർക്കാർ സംരംഭമാണിത്.
എന്നാല്‍ പുതിയ ഇന്നോവയുടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ എന്നാണ് നിരത്തില്‍ ഇറങ്ങുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു, ഇത് 23.24 കി. മി. ഇന്ധനക്ഷമത നൽകുന്നു. ഈ എഞ്ചിൻ ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. നഗരത്തിൽ ലിറ്ററിന് 28 കിലോമീറ്ററും ഹൈവേയിൽ ലിറ്ററിന് 35 കിലോമീറ്ററും ഇന്ധനക്ഷമത നൽകാൻ ഹൈബ്രിഡ് പവർട്രെയിനിന് കഴിയും.
ചോളം അല്ലെങ്കിൽ കരിമ്പ് പോലുള്ള ജൈവവസ്തുക്കളിൽ നിന്ന് നിർമിച്ച ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഗതാഗത ഇന്ധനമാണ് എഥനോൾ. എഥനോളിന്റെ ഏറ്റവും മികച്ച ഗുണം അത് പുനരുത്പാദിപ്പിക്കാവുന്നതാണ് എന്നതാണ്. കാർഷിക മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നത് കൊണ്ടുതന്നെ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. കൂടാതെ മറ്റ് ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ ഇന്ധനമാണിത്.
ഇന്ത്യയില്‍ 20 ശതമാനം എഥനോള്‍ മാത്രം കലര്‍ത്തിയുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നതിൽ ഏറെയും. കുറഞ്ഞ സമയത്തിനുള്ളില്‍ E10 മുതല്‍ E100 വരെയുള്ള കാറുകള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിനാല്‍ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായിരിക്കും.
നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. ഏഥനോൾ മിശ്രിതം വരുന്നതോടെ ഇതില്‍ വലിയ തോതില്‍ കുറവ് വരുത്താന്‍ രാജ്യത്തിനാകും. നിലവിൽ 16 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ്. ഇത് രാജ്യത്തിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. അതിനാൽ സാമ്പത്തിക ലാഭത്തോടൊപ്പം വാഹനങ്ങളിൽ നിന്ന് പുറത്തുവിടുന്ന മലിനീകരണങ്ങളും കുറയ്ക്കാൻ ഇത് സഹായകമാണ്.
ബ്രസീൽ, അമേരിക്ക, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. മിച്ചമുള്ള ഭക്ഷ്യവിളകൾ വാഹനങ്ങൾക്ക് ഊർജം പകരാൻ ആവശ്യമായ എഥനോൾ ഉണ്ടാക്കാൻ ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിൽ ഗതാഗത ഉപയോഗത്തിനുള്ള ഇന്ധനമായി ഇതുവരെ എഥനോൾ ലഭ്യമല്ലെങ്കിലും, പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ലിറ്ററിന് 62.65 രൂപ മാത്രമാണ് എഥനോളിന് വില. എഥനോൾ ഇന്ധനമായോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലവിൽ കാര്യമായ മാറ്റമുണ്ടാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
2025 ഓടെ E20 ഇന്ധനത്തിന്റെ (20 ശതമാനം എഥനോളുമായി പെട്രോൾ മിശ്രിതം) രാജ്യവ്യാപകമായി ലഭ്യതയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ നീക്കം 63 ദശലക്ഷം ബാരൽ പെട്രോളിന്റെ ആവശ്യം ഇല്ലാതാക്കുമെന്നും എണ്ണ ഇറക്കുമതി ബില്ലുകളിൽ 35,000 കോടി രൂപ ലാഭിക്കുമെന്നും ഈ പ്രക്രിയയിൽ CO2 ഉദ്‌വമനം 21 ദശലക്ഷം മെട്രിക് ടൺ വരെ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാർച്ചിൽ, ടൊയോട്ട മോട്ടോർ ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയുമായി (ഐസിഎടി) സഹകരിച്ചുള്ള പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ ഓൾ-ഹൈഡ്രജൻ ഇലക്ട്രിക് വാഹനമായ മിറായി പുറത്തിറക്കിയിരുന്നു. ശുദ്ധമായ ഹൈഡ്രജനിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന, ആഗോളതലത്തിൽ മുൻനിര ഹൈഡ്രജൻ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് ടൊയോട്ട മിറായി FCEV. അതിന്റെ ടെയിൽ പൈപ്പിൽ നിന്ന് വെള്ളം മാത്രം പുറത്തുവിടുന്ന ഒരു യഥാർത്ഥ സീറോ-എമിഷൻ വാഹനമാണ് ഇത്.