ട്രയംഫ്- ബജാജ് കൂട്ടുക്കെട്ടിൽ ഇന്ത്യൻ വിപണി പിടിച്ചടക്കാനെത്തിയ സ്പീഡ് 400 മോഡലിന് വമ്പൻ സ്വീകരണം. വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ്ങിൽ റെക്കോർഡിട്ടിരിക്കുകയാണ് സ്പീഡ് 400. 2.33 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. എന്നാൽ വില പ്രഖ്യാപിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യം ബുക്ക് ചെയ്യുന്ന 10,000 ബൈക്കുകള്‍ക്കായിരിക്കും 2.23 ലക്ഷം രൂപയെന്ന് ട്രയംഫ് അറിയിച്ചിരുന്നു. പിന്നീട് ബൈക്കിന്റെ വില 2.33 ലക്ഷം രൂപയായിരിക്കും. രണ്ടാമത്തെ ബൈക്ക് സ്ക്രാംബ്ലർ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. മികച്ച ബുക്കിങ് ലഭിച്ചതിനെ തുടർന്ന് നിർമാണം ഉയർത്തുമെന്നാണ് ബജാജ് അറിയിച്ചു.
ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ അവതരിപ്പിക്കുന്ന ട്രയംഫിന്റെ ഇന്ത്യയിലെ ആദ്യത്തെ മോട്ടോർസൈക്കിളാണ് സ്പീഡ് 400. 8000 ആർപിഎമ്മിൽ 40 എച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും.
എൽഇഡി ലൈറ്റുകൾ, പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ ആധുനിക ഫീച്ചറുകളോടെയാണ് സ്പീഡ് 400 വരുന്നത്. ബജാജ് ഓട്ടോയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സ്പീഡ് 400, ഡെയ്‌ടൈം റണ്ണിങ് എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, റൗണ്ട് തീം ഫ്യുവൽ ടാങ്ക് എന്നിവ ഉൾക്കൊള്ളുന്ന നിയോ-റെട്രോ ഡിസൈൻ തീം അവതരിപ്പിക്കുന്നു. സ്ക്രീനിൽ ഡിജിറ്റൽ ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ട്രിപ്പ് ഡാറ്റ, ഫ്യൂവൽ ഗേജ് എന്നിവയ്ക്കുള്ള റീഡ്ഔട്ടുകൾ ഉണ്ട്.
MRF Revz C1 ട്യൂബ്‌ലെസ് റേഡിയൽ ടയറുകൾ ഘടിപ്പിച്ച ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും പുതിയ മോട്ടോർസൈക്കിളാണ് ട്രയംഫ് സ്പീഡ് 400. ട്രയംഫ് മോട്ടോർസൈക്കിൾസിന്റെയും ബജാജ് ഓട്ടോയുടെയും സഹകരണത്തോടെയാണ് ട്രയംഫ് സ്പീഡ് 400 ന്റെ എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ഈ എഞ്ചിനുമായി 6-സ്പീഡ് ട്രാൻസ്മിഷൻ ഘടിപ്പിച്ചിരിക്കുന്നു. സ്പീഡ് ട്വിന്‍ 900 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ബൈക്ക് ഒരുങ്ങിയിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള എഞ്ചിൻ, അലോയ് വീലുകൾ, സൈഡ് പാനലുകൾ എന്നിവയും വലിയ സ്പീഡ് 900-ന് സമാനമാണ്.
17 ഇഞ്ച് വീലുകളാണ് സ്പീഡ് 400ന്. 176 കിലോഗ്രാമാണ് ഭാരം. കാർണിവൽ റെഡ്, കാസ്പിയൻ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ 3 കളർ ഓപ്ഷനുകളിൽ ട്രയംഫ് സ്പീഡ് 400 ലഭ്യമാണ്. മോട്ടോർസൈക്കിളിന്റെ ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും.