ലുക്ക്, പവര്‍, ഫീച്ചറുകള്‍ എന്നിവകൊണ്ട് ഇന്ത്യക്കാരുടെ മനസ് പിടിച്ചടക്കിയ ചരിത്രമാണ് ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ ടിവിഎസിന്റേത്. പ്രീമിയം ബൈക്കുകളില്‍ ലഭ്യമായ ഫീച്ചറുകള്‍ 200 സിസി ബൈക്കായ ആര്‍ടിആറില്‍ പോലും ഉള്‍പ്പെടുത്തി വാഹന പ്രേമികളെ ഞെട്ടിച്ച് കളംപിടിച്ച ടിവിഎസിന് നാളിതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
വില്‍പ്പന ചാര്‍ട്ടുകളിലെ കുതിച്ചുകയറ്റത്തിന് ആക്കം കൂട്ടാന്‍ ഇപ്പോള്‍ പുത്തന്‍ തുറുപ്പുചീട്ടായ അപ്പാച്ചെ ആര്‍ടിആര്‍ 310 കളത്തിലിറക്കിയിരിക്കുകയാണ് ടിവിഎസ്. സ്ട്രീറ്റ് ഫൈറ്ററിന്റെ ലുക്കുമായി ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുന്ന അപ്പാച്ചെ ആര്‍ടിആര്‍ 310 എതിരാളികളെ വിറപ്പിക്കുമെന്നുറപ്പ്.
നേക്കഡ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ലുക്ക് കൊണ്ടും ഫീച്ചറുകള്‍ കൊണ്ടും എതിരാളികളെ നിഷ്പ്രഭമാക്കാന്‍ സാധിക്കുന്ന മോഡലാണ് അപ്പാച്ചെ ആര്‍ടിആര്‍ 310. ചെത്തിയെടുത്തതുപോലുള്ള വലിയ മസ്‌കുലര്‍ ടാങ്ക്, ഡൈനാമിക് ഹെഡ്‍ലൈറ്റുകൾ, സ്പ്ലിറ്റ് സീറ്റുകള്‍, ഗോള്‍ഡന്‍ യുഎസ്ഡി ഫോര്‍ക്ക് എന്നിവ കാഴ്ചയില്‍ തന്നെ വാഹനത്തിന്റെ കരുത്തന്‍ സ്വഭാവം വിളിച്ചോതുന്നു.
ആഴ്‌സണല്‍ ബ്ലാക്ക്, ഫ്യൂറി യെല്ലോ എന്നിങ്ങനെയുള്ള രണ്ട് കളര്‍ ഓപ്ഷനുകളും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്കാണ് സമ്മാനിക്കുന്നത്.
35.6ബിഎച്ച്പി കരുത്തും 28.07 എന്‍എം ടോര്‍ക്കുമാണ് എന്‍ജില്‍ ഉത്പാദിപ്പിക്കുന്നത്
ടിവിഎസ് ആര്‍ആര്‍ 310ലും ബിഎംഡബ്‌ള്യൂ 310 സീരീസ് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്ന അതേ 312 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ ആര്‍ടിആര്‍ 310ന്റെയും ഹൃദയം.
ട്യൂണിങ്ങില്‍ വരുത്തിയ മാറ്റം കൊണ്ട് ആര്‍ആര്‍ 310നെക്കാള്‍ 1.6 ബിഎച്ച്പി കരുത്ത് കൂടുതല്‍ പുറത്തെടുക്കാന്‍ ഈ എഞ്ചിന് സാധിക്കും. 35.6 ബിഎച്ച്പി കരുത്തും 28.07 എന്‍എം ടോര്‍ക്കുമാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ 6 സ്പീഡ് ഗിയര്‍ ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിട്ടുണ്ട്.
ആര്‍ആര്‍310ന് സമാനമായ അലൂമിനിയം ട്രെല്ലിസ് ഫ്രെയിമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകകളും നല്‍കിയിട്ടുണ്ട്. പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാനാകുന്ന പിന്‍ മോണോഷോക്ക് വാഹനത്തിന്റെ എടുത്തുപറയാവുന്ന സവിശേഷതയാണ്. ഉയര്‍ന്ന വേഗതയിലും വാഹനത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ഇവ സഹായിക്കും.
പ്രീമിയം കാറുകളിലേതുപോലെ ചൂടും തണുപ്പും ക്രമീകരിക്കാനാകുന്ന തരത്തിലുളള സീറ്റുകളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഇലക്ട്രോണിക്‌സിന്റെയും ഫീച്ചറുകളുടെയും 'ചാകര'യാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. 5 അഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, അഞ്ച് റൈഡ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റേസ് ട്യൂണ്‍ഡ് ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍, ഡൈനാമിക് ഹെഡ്ലൈറ്റുകള്‍, ഡൈനാമിക് ട്വിന്‍ ടെയില്‍ ലാമ്പ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളോടെയാണ് പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 310നെ ടിവിഎസ് കളത്തിലിറക്കിയിരിക്കുന്നത്.
വിലയുടെ കാര്യത്തിലും എതിരാളികളോട് മുട്ടിനില്‍ക്കാന്‍ അപ്പാച്ചെ ആര്‍ടിആറിന് സാധിക്കുന്നുണ്ട്. 2.43 ലക്ഷം രൂപ മുതല്‍ 2.64 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ എക്‌സ്‌ഷോറും വില.
കെടിഎം ഡ്യൂക്ക് 390- 2.97ലക്ഷം, ട്രയംഫ് സ്പീഡ് 400-2.33ലക്ഷം എന്നിങ്ങനെയാണ് എതിരാളികളുടെ എക്‌സ്‌ഷോറൂംവില.