ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങിന് ഒരുപാട് സമയം ആവശ്യമായി വരുന്നുവെന്നത് ഈ വാഹനങ്ങളുടെ ഉപഭോക്താക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധിയായിരുന്നു. സാധാരണയായി പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ അഞ്ച് മിനുറ്റിനുള്ളില്‍ ഇന്ധനം നിറയ്ക്കാന്‍ സാധിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ അതില്‍ കൂടുതല്‍ സമയമെടുക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നത്.
എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടനില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയായ നിയോബോള്‍ട്ട്. ഇനി മുതല്‍ അഞ്ച് മിനുറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഇലക്ട്രിക് കാര്‍ ബാറ്ററിയാണ് നിയോബോള്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തെ പരീക്ഷണത്തില്‍ നാല് മിനുറ്റ് 37 സെക്കന്റ് ഉപയോഗിച്ചാണ് 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ബെഡ്‌ഫോര്‍ഡിലെ ടെസ്റ്റ് ട്രാക്കില്‍ പ്രത്യേകം തയ്യാറാക്കിയ സ്‌പോര്‍ട്‌സ് കാറിലാണ് പരീക്ഷണം നടത്തിയത്. ഈ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായാണ് പരീക്ഷണം നടത്തിയത്.
നിലവില്‍ ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജര്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 15 മുതല്‍ 20 മിനുറ്റ് വരെ സമയം ആവശ്യമാണ്. നാല് മിനുറ്റ് ചാര്‍ജിന് ശേഷം നിയോബോള്‍ട്ടിൻ്റെ ബാറ്ററി ഘടിപ്പിച്ച സ്‌പോര്‍ട്‌സ് കാര്‍ 120 മൈല്‍ സഞ്ചരിച്ചു. അതേസമയം 20 മിനുറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യുന്ന ടെസ്ല 200 മൈലാണ് സഞ്ചരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളില്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ആവശ്യമാണെന്നാണ് വിദഗ്ദരും അഭിപ്രായപ്പെടുന്നത്. കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് വളരെ പ്രധാനമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സുസ്ഥിര ഊര്‍ജ എഞ്ചിനീയറിങ് പ്രൊഫസര്‍ പോള്‍ ഷീയറിങ് ബിബിസിയോട് പറഞ്ഞു. അതേസമയം, എല്ലാ തരത്തിലുമുള്ള ചാര്‍ജറുകള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷണത്തിന്റെ ഫലത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും എന്നാല്‍ താന്‍ നേരിട്ടത് വലിയ വെല്ലുവിളിയാണ് എന്നും നിയോബോള്‍ട്ട് സഹസ്ഥാപകന്‍ ഡോ. സായി ശിവറെഡ്ഢി പറയുന്നു. ക്ഷണിക്കപ്പെട്ട വിദഗ്ദര്‍ക്ക് മുന്നിലാണ് നിയോബോള്‍ട്ടിന്റെ പരീക്ഷണം സംഘടിപ്പിച്ചത്. അതേസമയം ലണ്ടനിലെ ഉഷ്ണതരംഗവും കണ്‍സപ്റ്റ് കാറിന്റെ കൂളിങ് സിസ്റ്റവും തകരാറിലായത് പരീക്ഷണത്തിലെ വെല്ലുവിളികളായിരുന്നു. ഈ ഘടകങ്ങള്‍ ലബോറട്ടറി ഫലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ കമ്പനിയെ തടയുന്നതായിരുന്നു. എന്നാല്‍ വികസിപ്പിച്ചെടുത്ത ബാറ്ററിയിൽ ആറ് മിനുറ്റില്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നാണ് നിയോബോള്‍ട്ട് അവകാശപ്പെടുന്നത്.
എന്നിരുന്നാലും വൈദ്യുതീകരണത്തിന്റെ നാഴികല്ലാണിതെന്ന് വിശേഷിപ്പിച്ച സായി തന്റെ സ്വന്തം കാര്‍ ഇങ്ങനെയാണ് ചാര്‍ജ് ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്വന്തമായി കാര്‍ നിര്‍മിക്കില്ലെന്ന് നിയോബോള്‍ട്ട് അറിയിച്ചിട്ടുണ്ട്. നിലവിലെ കാര്‍ കമ്പനികളുടെ പങ്കാളികളാകാനാണ് നിയോബോള്‍ട്ട് ആലോചിക്കുന്നത്.
നിലവവില്‍ 350 kW DC സൂപ്പര്‍ഫാസ്റ്റ് ചാര്‍ജറുകള്‍ ലണ്ടനില്‍ ലഭ്യമാണെങ്കിലും വ്യാപകമല്ല. കൂടുതല്‍ ശക്തിയേറിയതും ഭാരം കുറഞ്ഞതും നീണ്ടു നില്‍ക്കുന്നതുമായ അതിവേഗ ചാര്‍ജിങ് ബാറ്ററികള്‍ക്കായുള്ള ആഗോള തലത്തിലുള്ള മത്സരം നടക്കുന്നതിനിടയിലാണ് നിയോബോള്‍ട്ടിന്റെ പരീക്ഷണം വിജയിക്കുന്നത്. പത്ത് മിനുറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാനും 1200 കിലോമീറ്റര്‍ ചാര്‍ജ് ചെയ്യാനും കഴിയുന്ന ഒരു സോളിഡ് സ്‌റ്റേറ്റ് ബാറ്ററി വികസിപ്പിക്കാന്‍ സാങ്കേതിക മുന്നേറ്റം സഹായിക്കുമെന്ന് ടൊയോട്ട കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. അമേരിക്കയിലെ സ്റ്റാര്‍ട് അപ് കമ്പനി വികസിപ്പിച്ച കോംപാക്റ്റ് ചാര്‍ജറിന് 13 മിനുറ്റിനുള്ളില്‍ ഒരു ഇലക്ട്രിക് വാഹനത്തിന് 200 മൈല്‍ റേഞ്ച് നല്‍കാന്‍ സാധിക്കും.