2022ന്റെ ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടി കാറുകള്‍ വിറ്റഴിച്ചു കൊണ്ട് വിപണിയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഏപ്രിലില്‍ ജനപ്രിയ മോഡലായ പോളോയെ വിപണിയില്‍ നിന്നും പിന്‍വലിച്ചെങ്കിലും പുതുതായി അവതരിപ്പിച്ച ടൈഗ്വാന്‍, വെര്‍ട്യൂസ്, ടയ്ഗുന്‍ എന്നീ മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് കമ്പനിയുടെ നേട്ടത്തിന് കാരണം.
2021ന്റെ ആദ്യപാദത്തില്‍ 10,843 കാറുകളായിരുന്നു കമ്പനി വിറ്റിരുന്നത്. എന്നാല്‍ 2022ല്‍ ഇതേ സമയം 21,588 കാറുകളാണ് ഫോക്‌സ്വാഗണ്‍ ഇന്ത്യന്‍ നിരത്തിലിറക്കിയത്. രാജ്യത്ത് അവതരിപ്പിച്ച പുതിയ മോഡലുകള്‍ തങ്ങളുടെ നേട്ടത്തിന് കാരണമായെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പറഞ്ഞു.
ടയ്ഗുനും വെര്‍ട്യൂസും അടക്കമുള്ള പുതിയ മോഡലുകള്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ വലിയ പ്രതികരണമാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ഉപഭോക്താക്കളിലെ സ്വീകാര്യത ഏറിയതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയിലെ വില്‍പനയെ ഈ വര്‍ഷം മറികടക്കാന്‍ സാധിച്ചതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പ്രതികരിച്ചു
മെഗാ ഡെലിവറി പദ്ധതിയിലൂടെ മാത്രം 2500 വിര്‍ട്യൂസ് കാറുകളാണ് വിറ്റു പോയത്.
ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇന്ത്യ 2.0 എന്ന പദ്ധതിക്ക് കമ്പനി തുടക്കമിട്ടിരുന്നു.ഇതിന്റെ ഭാഗമായി പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയും, അവയുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് മെഗാ ഡെലിവറി പദ്ധതികളും ഫോക്‌സ്‌വാഗണ്‍ നടപ്പിലാക്കിയിരുന്നു. ഈ മെഗാ ഡെലിവറി പദ്ധതിയിലൂടെ മാത്രം 2500 വിര്‍ട്യൂസ് കാറുകളാണ് വിറ്റു പോയത്.
വിര്‍ട്യൂസ് ഉപഭോക്താക്കളില്‍ 65ശതമാനം പേരും ഓട്ടോമാറ്റിക് മോഡലാണ് തിരഞ്ഞെടുത്തത്.എന്‍ജിന്‍ ഓപ്ഷന്റെ കാര്യത്തില്‍ 60 ശതമാനം പേര്‍ 1 ലിറ്റര്‍ എന്‍ജിന്‍ തിരഞ്ഞെടുത്തുവെന്നും വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ മറികടന്നുകൊണ്ടായിരുന്നു കമ്പനിയുടെ നേട്ടമെന്നും ആശിഷ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
സര്‍വീസ് സെന്ററുകളുടെ പരിമിതിയാണ് ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ നേരിടുന്ന പ്രശ്‌നം.
സര്‍വീസ് സെന്ററുകളുടെ പരിമിതിയാണ് ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ നേരിടുന്ന പ്രശ്‌നം. 114 നഗരങ്ങളിലായി 120 സര്‍വീസ് കേന്ദ്രങ്ങളും 152 ഡീലര്‍ഷിപ്പുകളുമാണ് ഫോക്‌സ്വാഗണ് ഉള്ളത്. എങ്കിലും ഇന്ത്യയുടെ 80 ശതമാനം പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ സര്‍വീസ് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
ഫോക്‌സ്‌വാഗണിന്റെ ഐഡി 4 എന്ന ഇലക്ട്രിക് മോഡല്‍ സെപ്തംബര്‍ മാസത്തോടെ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തും. എന്നാല്‍ വാഹനം എന്ന് നിരത്തിലിറങ്ങുമെന്ന് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.