2030ഓടെ ഇലക്ട്രിക്ക് കാറുകള്‍ മാത്രം നിർമ്മിക്കാമെന്ന പദ്ധതി ഉപേക്ഷിച്ച് വോള്‍വോ. ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീക്കാനാണ് നീക്കമെന്നും കമ്പനി അറിയിക്കുന്നു. മൂന്ന് വർഷം മുൻപായിരുന്നു ഇവിയിലേക്ക് നിർമ്മാണം ചുരുക്കുമെന്ന പ്രഖ്യാപനം വോള്‍വൊ നടത്തിയത്. എന്നാല്‍, വിപണിയിലുണ്ടായ മാറ്റങ്ങള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുകയായിരുന്നെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.
പ്രധാനപ്പെട്ട വാഹനവിപണികളില്‍ ഇവിയുടെ ഡിമാൻഡ് ഇടിയുന്നതായാണ് കഴിഞ്ഞ കുറച്ച് കാലങ്ങളിലെ കാഴ്ച. ചൈനയില്‍ നിർമ്മിക്കുന്ന ഇവികള്‍ക്ക് താരിഫ് ചുമത്തിയത് കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നയിക്കുകയും ചെയ്തു.
നേരത്തെ, സമ്പൂർണ ഇവി എന്ന ആശയത്തില്‍ നിന്ന് ജനറല്‍ മോട്ടേഴ്‌സും ഫോർഡും പിൻവലിഞ്ഞിരുന്നു. സമാനപാത തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോള്‍ വോള്‍വോയും. 2030 എത്തുമ്പോഴേക്കും ഉത്പാദനത്തിന്റെ 90 ശതമാനത്തോളം ഇലക്ട്രിക്കും പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകളുമായിരിക്കുമെന്നാണ് വോള്‍വൊ പറയുന്നത്.
ഇവിയില്‍ നിന്ന് പൂർണമായും പിൻവലിയാൻ വോള്‍വൊ തയാറല്ലെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ജിം റോവന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തങ്ങളുടെ ഭാവി ഇവിയിലാണെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജിം വ്യക്തമാക്കി.
ഇവിയിലേക്ക് പൂർണമായും ചുവടുമാറ്റുന്നതില്‍ ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ടെന്നാണ് വിപണി നിരീക്ഷകയായ അന്ന മക്‌ഡൊണാള്‍ഡ് പറയുന്നത്. ചാർജിങ് സംവിധാനങ്ങള്‍ സംബന്ധിച്ചാണ് ആശങ്കയേറയെന്നും അന്ന കൂട്ടിച്ചേർത്തു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇവിക്ക് വില കൂടുതലാണെന്നത് മറ്റൊരു കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൈനീസ് നിർമ്മിത ഇവികള്‍ക്ക് യൂറോപ്യൻ യൂണിയനും (ഇയു) അമേരിക്കയും താരിഫ് ഏർപ്പെടുത്തിയതും അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. ഇത് ഒഴിവാക്കണമെങ്കില്‍ നിർമ്മാണം ചൈനയ്ക്ക് പുറത്തായിരിക്കണം. ചിലവ് വർധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കമ്പനികള്‍ ഇതിന് തയാറാകുമോയെന്നതില്‍ വ്യക്തതയില്ലെന്നും അന്ന പറഞ്ഞു.
ജുലൈയില്‍ ഇയുവിന് കീഴിലുള്ള രാജ്യങ്ങളില്‍ രജിസ്റ്റർ ചെയ്യുന്ന ഇവികളുടെ എണ്ണത്തില്‍ 11% ഇടിവാണുണ്ടായിരിക്കുന്നത്. യൂറോപ്യൻ ഓട്ടൊമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണിത്. ഇറക്കുമതി ചെയ്യുന്ന ചൈനീസ് നിർമ്മിത ഇവികള്‍ക്ക് 100% താരീഫാണ് കഴിഞ്ഞ വാരം കാനഡ ഏർപ്പെടുത്തിയത്.