വിപണിയിൽ തിരിച്ചടി നേരിടുന്നതിനിടെ നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്. 20,000 കോടിരൂപ സമാഹരിക്കുന്നതിനുള്ള തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഇടിയുകയായിരുന്നു. വിപണി ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ് പി ഒ പിൻവലിക്കുന്നതെന്നും എല്ലാവർക്കും പണം തിരികെ നൽകുമെന്നും കമ്പനി വ്യക്തമാക്കി.
നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
ഓഹരി വിപണിയിലെ വന്‍ തിരിച്ചടിക്കു പിന്നാലെയാണ് എഫ്പിഒ റദ്ദാക്കാന്‍ തീരുമാനിച്ചത്. അതേ സമയം എഫ്പിഒയില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.വിപണിയില്‍ ഓഹരികളുടെ വിലയില്‍ സ്ഥിരതയില്ലാത്തതിനാല്‍ തുടര്‍ ഓഹരി സമാഹരണവുമായി മുന്നോട്ട് പോകുന്നത് ധാര്‍മികമായി ശരിയല്ലെന്നും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
സാധ്യമായ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുക എന്നുള്ളത് കൊണ്ടാണ് എഫ്പിഒയുമായി മുന്നോട്ട് പോകുന്നില്ലെന്ന് തീരുമാനിച്ചതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇന്ന് മാത്രം അദാനിയുടെ ഓഹരിയില്‍ 26 ശതമാനത്തോളമാണ് ഇടിവ് സംഭവിച്ചത്.
കേന്ദ്ര ബജറ്റ് ദിനത്തില്‍ രാജ്യത്തെ ഓഹരി വിപണിയ്ക്ക് ഉണര്‍വുണ്ടായപ്പോഴും അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതിനിടെ, ഫോബ്‌സ് പട്ടികയില്‍ അദാനിയെ മുകേഷ് അംബാനി മറികടന്നു. പട്ടികയില്‍ 15ാം സ്ഥാനത്തേയ്ക്കാണ് ഗൗതം അദാനി പിന്തള്ളപ്പെട്ടത്. നിലവില്‍ ഇന്ത്യയില്‍ നിന്ന് മുകേഷ് അമ്പാനിയാണ് ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ഗൗതം അദാനിക്ക് മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും ഇതോടെ അദാനിക്ക് നഷ്ടമായി.